ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി
കൊച്ചി: അമ്മ സംഘടനയിലെ തർക്കത്തിൽ ശ്വേത മേനോനെതിരെ വിമർശനവുമായി ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്ന ശ്വേതയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ഭാഗ്യലക്ഷ്മി രംഗത്തെത്തിയത്.
പവർ ഗ്രൂപ്പിന്റെ ഭാഗം തന്നെയാണ് നിങ്ങളുമെന്ന് ഭാഗ്യലക്ഷ്മി ശ്വേതയെ വിമർശിച്ചു. അവൾ ആക്രമിക്കപ്പെട്ടപ്പോൾ നിങ്ങൾ എവിടെയായിരുന്നു. അന്നും നിങ്ങൾ സംഘടനയിൽ ഉണ്ടായിരുന്നല്ലോ?, അവൾക്ക് വേണ്ടി ശബ്ദം ഉയർത്തിയോ? ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ നിങ്ങളുടെ നിഴൽ പോലും കണ്ടില്ലെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് വിമർശനം.
തന്റെ പോരാട്ടം അമ്മയിലെ പവർ ഗ്രൂപ്പിനെതിരെയെന്നാണ് ശ്വേത ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. സാധാരണ സ്ത്രീ എന്ന നിലയിൽ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കില്ലെന്നും തന്റെ പോരാട്ടത്തിലൂടെ പവർ ഗ്രൂപ്പ് തുറന്നുകാട്ടപ്പെടുമെന്നും ശ്വേത പറഞ്ഞു. അമ്മയുടെ ഫണ്ടിൽ ചിലർ നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തി.
അത് ചോദ്യം ചെയ്ത അന്ന് മുതൽ തന്നെ അപമാനിക്കാൻ ശ്രമം തുടങ്ങി. അമ്മയിലെ പാവപ്പെട്ട കലാകാരൻമ്മാർക്ക് വേണ്ടിയാണ് പല പരിപാടികളിലൂടെ പണം പിരിക്കുന്നത്. ആ പണം തരുന്നത് ഹിന്ദു ആണോ, ക്രിസ്ത്യാനി ആണോ, മുസ്ലിം ആണോ, അംബാനി ആണോ അദാനി ആണോ എന്നൊന്നും നോക്കാറില്ല.
എത്ര നിശബ്ദതയാക്കാൻ ശ്രമിച്ചാലും പോരാട്ടത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്വേത നിലപാട് വ്യക്തമാക്കിയത്.
Tags : Bhagyalakshmi Shwetha Menon amma power group