വാഷിംഗ്ടൺ ഡിസി: ടെക്സസിലെ തടങ്കൽ കേന്ദ്രത്തിൽ ഉദ്യോഗസ്ഥൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ലൈംഗികബന്ധത്തിനു പകരമായി ഗ്രീൻ കാർഡ് വാഗ്ദാനം ചെയ്തതായും ആരോപിച്ച് ലബനീസ് യുവതി. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥനാണ് പീഡിപ്പിച്ചതെന്ന് 21കാരിയായ യുവതി പറഞ്ഞു.
ലൂസി വൈസ് എന്നറിയപ്പെടുന്ന റഹഫ് അലി അൽമെർഹിജ് എന്ന യുവതിയാണ് ഉദ്യോഗസ്ഥനെതിരെ രംഗത്തെത്തിയത്. എന്നാൽ അമേരിക്കൻ അധികൃതർ ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു. റെയ്മണ്ട്വില്ലിലെ എൽ വാലെ ഡിറ്റൻഷൻ ഫെസിലിറ്റിയിലെ ഉദ്യോഗസ്ഥനായ മാർക്കെൽ വാലസ് സമ്മതമില്ലാതെ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായാണ് യുവതിയുടെ വെളിപ്പെടുത്തൽ.
വഴങ്ങിയില്ലെങ്കിൽ ഭർത്താവിനെ ജയിലിലടയ്ക്കുമെന്നും നാടുകടത്തുമെന്നും ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി ന്യൂസ്വീക്കിനു നൽകിയ അഭിമുഖത്തിൽ അൽമെർഹിജ് ആരോപിച്ചു. ‘‘ഞാൻ നിനക്ക് ഗ്രീൻ കാർഡ് നൽകാം, നിന്റെ ഭർത്താവ് പ്രായമായ ആളാണെന്നും അയാൾക്ക് നിന്നെ സഹായിക്കാൻ കഴിയില്ലെന്നും തനിക്ക് മാത്രമേ സഹായിക്കാൻ കഴിയൂ എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു’’ - യുവതി വെളിപ്പെടുത്തി.
2026 ഏപ്രിലിൽ തന്റെ മുൻ അഭിഭാഷകൻ കേസിൽനിന്ന് പിന്മാറിയതോടെ നിയമസഹായമില്ലാതെ നിൽക്കുന്ന സമയത്താണ് അതിക്രമം നടന്നതെന്ന് യുവതി പറയുന്നു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനു നൽകിയ സത്യവാങ്മൂലത്തിൽ യുവതി നേരിട്ട ക്രൂരതകൾ വിവരിക്കുന്നുണ്ട്.
Tags : Green Card Lebanese woman sex Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews