തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരുമെല്ലാം ഇനി സ്പാർക്ക് വഴി ശന്പളം വാങ്ങും. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കൂടാതെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ തുടങ്ങിയവരുടെ ശന്പളവും ആനുകൂല്യങ്ങളുമെല്ലാം സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശന്പള സോഫ്റ്റ്വേറായ സ്പാർക്ക് വഴി വിതരണം ചെയ്യും.
ജനുവരി മുതൽ പ്രാബല്യത്തിൽവരും. നിലവിൽ ശന്പളം ബില്ലെഴുതി ട്രഷറി ചെക്ക് വഴി അക്കൗണ്ടിൽ എത്തുന്നതായിരുന്നു രീതി. ഇവരുടെ ശന്പളത്തിലും ആനുകൂല്യങ്ങളിലും വർധന വരുത്തിയതോടെ ഇതും സ്പാർക്കിലേക്ക് ലയിപ്പിക്കുകയാണ്. ഭരണഘടനാ പദവി വഹിക്കുന്നവർ എന്ന പ്രത്യേക വിഭാഗത്തിലാണ് ഇവരുടെ ശന്പളവും ആനുകൂല്യങ്ങളും ഉൾപ്പെടുത്തുക.
ഇവരുടെ കാലപരിധിയും സോഫ്റ്റ്വേറിൽ രേഖപ്പെടുത്തും. ഇതിനായി സ്പാർക്കിൽ പ്രത്യേക വിഭാഗം തുറക്കും. ശന്പളവും ആനുകൂല്യങ്ങളും വേഗത്തിലും കൃത്യമായും വിതരണം ചെയ്യുന്നതിനാണ് സ്പാർക്ക് സോഫ്റ്റ്വേറിന്റെ ഭാഗമാക്കിയതെന്നാണ് ധനവകുപ്പു വിശദീകരണം. ഏതാനും നാൾ മുമ്പാണ് ഇവരുടെ ശന്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്ന ബിൽ നിയമസഭ പാസാക്കിയത്. ശന്പള സോഫ്റ്റ്വേറായ സ്പാർക്കും സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തുന്ന ബയോമെട്രിക് പഞ്ചിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചിരുന്നു. ഇവരുടെ ഹാജറിന്റെ അടിസ്ഥാനത്തിലാണ് ശന്പളം സ്പാർക്കിൽ പ്രോസസ് ചെയ്യുന്നത്.
എന്നാൽ, ഭരണഘടനാ പദവിയിലുള്ളവരുടെ ശന്പളവും സ്പാർക്ക് സോഫ്റ്റ്വേറും തമ്മിൽ ബന്ധിപ്പിക്കില്ല. ഹാജർ നോക്കിയാകില്ല ഇവരുടെ ശന്പളബിൽ പാസാക്കുക.
Tags : SPARK Deepika DeepikaNewspaper BreakingNews NewsUpdate Salaries increased