തിരുവനന്തപുരം: വിദേശ സർവകലാശാലകൾക്കൊപ്പം സംസ്ഥാനത്തു സ്ഥാപിക്കുന്ന സ്വകാര്യ സർവകലാശാലകൾക്കും വന്പൻ ഇളവുകൾ കരടു ബില്ലിൽ ഉൾപ്പെടുത്തി സർക്കാർ. മുൻ പിണറായി സർക്കാർ പാസാക്കി രാഷ്ട്രപതി മടക്കി അയച്ച ബില്ലിൽ, സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ കുറഞ്ഞത് 10 ഏക്കർ ഭൂമി വേണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഇതിനു പകരം യുഡിഎഫ് സർക്കാർ തയാറാക്കിയ ബില്ലിന്റെ കരടിൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി ഭൂമിയുടെ അളവ് നിശ്ചയിക്കാമെന്നാണ് പറയുന്നത്.
ഒന്നിച്ചു ഭൂമി ലഭ്യമാകാത്ത സാഹചര്യത്തിൽ ഒന്നിലധികം പ്രദേശങ്ങളിൽ കാന്പസുകൾ സ്ഥാപിക്കാം. ഓരോ അപേക്ഷയിലും വിദഗ്ധ സമിതി പരിശോധിച്ചാകും ഭൂമിയുടെ അളവു നിശ്ചയിക്കുക. എന്നാൽ, സർവകലാശാലയുടെ ഭാവി വികസനത്തിന് ആവശ്യമായ ഭൂമിയുണ്ടാകണം. പ്രഫഷണൽ വിഷയങ്ങൾ പഠിപ്പിക്കുന്നിടത്ത് കേന്ദ്രസർക്കാരിനനും മറ്റ് വിദ്യാഭ്യാസ കൗണ്‍സിലുകളും നിശ്ചയിക്കുന്ന ഭൂമിയുണ്ടാകണം. സ്വകാര്യ സർവകലാശാലയ്ക്ക് 25 കോടിയുടെ സ്ഥിരനിക്ഷേപം ട്രഷറിയിലുണ്ടാകണമെന്ന വ്യവസ്ഥയിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതിലും കുട്ടികളുടെ എണ്ണം മാനദണ്ഡമാക്കുന്നതാണ് പരിഗണിച്ചിട്ടുള്ളത്.
30നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ സ്വകാര്യ സർവകലാശാലാ ബിൽ പരിഗണനയ്ക്കെത്തും. ഇതിനാലാണ് വിദേശ സർവകലാശാലകളും കേരളത്തിൽ തുടങ്ങാൻ വ്യവസ്ഥ ചെയ്യുന്നത്. ഇതോടൊപ്പം സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ ഉയർന്ന പ്രായപരിധി 70 വയസാക്കി ഉയർത്തുന്ന ബിൽ അടക്കമുള്ള സർവകലാശാലാ ഭേദഗതി ബില്ലുകളും വരുന്നുണ്ട്.
നിലവിൽ 65 മുതൽ 68 വയസുവരെയാണ് പല സർവകലാശാലകളിലും വൈസ് ചാൻസലർമാരുടെ പ്രായപരിധി. നിലവിലുണ്ടായിരുന്ന പഴയ സർവലാശാലകളിൽ 65 വയസ് പുതിയ ഇടങ്ങളിൽ 68മാണ് പ്രായപരിധി.
ഇതാണ് ഏകീകരിച്ച് 70 വയസാക്കുന്നത്.
Tags : private university Deepika DeepikaNewspaper BreakingNews NewsUpdate Major concessions for private university