ജയ്പുർ: പ്രണയത്തിന് പ്രായമില്ലെന്നാണ് പൊതുവെ പറയാറുള്ളത്, പക്ഷേ ഡേറ്റിംഗ് ആപ്പിൽ കണ്ട പ്രായവും നേരിട്ടു കണ്ടപ്പോഴുള്ള പ്രായവും തമ്മിൽ ‘ചെറിയൊരു’ വ്യത്യാസം വന്നാൽ എന്തു ചെയ്യും? അത്തരമൊരു കൗതുകകരമായ പ്രണയകഥയാണു രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോർ ജില്ലയിലെ നീംരാണയിൽനിന്ന് വരുന്നത്.
ഒരു വർഷം നീണ്ട ഓൺലൈൻ പ്രണയത്തിനൊടുവിൽ കാനഡയിൽനിന്നു വിവാഹത്തിനായി പറന്നെത്തിയ 61കാരിയെ നേരിൽ കണ്ടതോടെ ‘പ്രായക്കൂടുതൽ’ കാരണം പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ച 31കാരനായ യുവാവ് ഒടുവിൽ പൊലിസ് സ്റ്റേഷനിലായി.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയും സ്വകാര്യ സ്കൂളിലെ അധ്യാപകനുമായ 31കാരൻ നിതിനാണ് ആപ്പിലായത്. ഒരു വർഷം മുന്പാണ് നിതിൻ ഡേറ്റിംഗ് ആപ്പ് വഴി കനേഡിയൻ വനിതയെ പരിചയപ്പെടുന്നത്. ചാറ്റിംഗും വീഡിയോ കോളുകളുമായി സൗഹൃദം വളർന്ന്, ഒടുവിൽ ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചു. കാമുകനെ സ്വന്തമാക്കാൻ ടൂറിസ്റ്റ് വീസയെടുത്ത് കഴിഞ്ഞ 11ന് കക്ഷി ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.
വിമാനത്താവളത്തിൽനിന്ന് കാമുകിയെ പൂച്ചെണ്ടൊക്കെ നൽകി സ്വീകരിച്ച നിതിൻ, രാജസ്ഥാനിലെ നീംരാണയിലുള്ള തന്റെ അമ്മാവന്റെ ഫ്ലാറ്റിലേക്കാണ് കൂട്ടിക്കൊണ്ടുപോയത്. രണ്ടു ദിവസം ഇരുവരും അവിടെ സന്തോഷത്തോടെ താമസിച്ചു. എന്നാൽ വിവാഹക്കാര്യം ഗൗരവമായി സംസാരിച്ചുതുടങ്ങിയപ്പോഴാണ് ‘ക്ലൈമാക്സ് ട്വിസ്റ്റ്’ സംഭവിച്ചത്. തന്റെ കാമുകിക്ക് 61 വയസുണ്ടെന്ന് അറിറിഞ്ഞതോടെ നിതിൻ ഞെട്ടി.
ഓൺലൈനിൽ കണ്ട ആളല്ല നേരിട്ടുള്ളതെന്നും പ്രായം വളരെ കൂടുതലാണെന്നും പറഞ്ഞ് നിതിൻ വിവാഹത്തിൽനിന്നു പതിയെ പിന്മാറാൻ തുടങ്ങി. ഇതോടെ ഫ്ലാറ്റിൽ വൻ വഴക്കായി. കാനഡയിൽനിന്നു കല്യാണം കഴിക്കാൻ വന്നിട്ട് ‘ഏജ്്ഡ്’ പറഞ്ഞ് ഒഴിവാക്കുന്നത് സഹിക്കാനാകാതെ സ്ത്രീ നേരേ കനേഡിയൻ എംബസിയിലേക്ക് വിളിച്ചു കാര്യം പറഞ്ഞു.
എംബസി ഉടൻതന്നെ രാജസ്ഥാൻ പൊലിസിനു വിവരം കൈമാറി. ശനിയാഴ്ച പുലർച്ചെ നാലിന് പൊലിസ് സംഘം ഫ്ലാറ്റിലെത്തി പ്രണയജോഡികളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ബഹളമുണ്ടാക്കി പൊതുസമാധാനം തകർത്തതിന് നിതിനെ പൊലിസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. നിലവിൽ കോട്പുത്ലിയിലെ ഒരു സംരക്ഷണ കേന്ദ്രത്തിലുള്ള കനേഡിയൻ വനിതയെ എംബസിയുടെ സഹായത്തോടെ സുരക്ഷിതമായി കാനഡയിലേക്ക് തിരിച്ചയയ്ക്കാനുള്ള തയാറെടുപ്പിലാണു പൊലിസ്.
Tags :