നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 ഭരണവർഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന നീതി ആയോഗിന്റെ ദേശീയ ശില്പശാലകൾക്കു നാളെ തുടക്കമാകും. പ്രധാനമന്ത്രിയുടെ കാൽ നൂറ്റാണ്ട് നീണ്ട ഭരണ നേതൃത്വം സമ്മാനിച്ച പാഠങ്ങൾ രാജ്യത്തിന്റെ പൊതു അറിവിന്റെ ഭാഗമാക്കുകയാണ് അഞ്ച് ഘട്ടങ്ങളായുള്ള ശില്പശാലയുടെ ലക്ഷ്യം.
നേതൃത്വം ഒരു ദൗത്യം എന്ന വിഷയത്തിലുള്ള ആദ്യ ശില്പശാലയുടെ വേദി ഡൽഹി ഭാരത് മണ്ഡപമാണ്. നീതി ആയോഗ് സിഇഒ അനുരാഗ് ജെയിൻ, വൈസ് ചെയർമാൻ അശോക് കുമാർ ലാഹിരി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകൻ ഉദയ് കൊട്ടക്ക്, നീതി ആയോഗ് അംഗം ഡോ. ആർ. ബാലസുബ്രഹ്മണ്യം തുടങ്ങിയവർ സംസാരിക്കും. 900 പ്രതിനിധികളും പങ്കെടുക്കും.
സേവനവിതരണമായി ഭരണനിർവഹണം എന്ന വിഷയത്തിലുള്ള രണ്ടാം ശില്പശാല 2027 ജനുവരിയിലാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം എന്നപേരിലുള്ള മൂന്നാമത്തെ ശില്പശാല അടുത്ത ഏപ്രിലിലാണു തീരുമാനിച്ചിരിക്കുന്നത്. സാംസ്കാരിക തനിമ എന്ന വിഷയത്തിൽ ജൂലൈയിലും ഇന്ത്യ ഒരു ആഗോളശക്തി എന്ന വിഷയത്തിൽ സെപ്റ്റംബറിലും ശില്പശാല സംഘടിപ്പിക്കും.
നയപരമായ തീരുമാനങ്ങൾ സാധാരണക്കാരായ പൗരന്മാരുടെ ജീവിതത്തിൽ എപ്രകാരം ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്നതാണ് ശില്പശാലയിലെ പ്രധാന പഠനവിഷയം. 2001 ഒക്ടോബർ ഏഴിനു ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെയാണ് ഭരണാധികാരി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങുന്നത്. പന്ത്രണ്ടുവർഷത്തിലധികം ആ പദവിയിലിരുന്ന നരേന്ദ്ര മോദി 2014 മേയിൽ ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിൽ. കഴിഞ്ഞ ഒക്ടോബർ ഏഴിന് 25 വർഷം പൂർത്തിയായി. രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലപ്പത്ത് ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ടിച്ചയാൾ എന്ന പദവിയും ഇതോടെ നരേന്ദ്ര മോദിക്കു ലഭിച്ചു.
സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്കു നീങ്ങുന്ന രാജ്യത്തിനായി ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യാൻ കഴിഞ്ഞുവെന്നു മാത്രമല്ല 2047ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാനുമുള്ള ഭരണസമീപനമാണ് മോദി പിന്തുടർന്നതെന്ന് നീതി ആയോഗ് വിശദീകരിക്കുന്നു. ഇവയെ കൃത്യമായി വിശകലനം ചെയ്യുകയാണ് ശില്പശാലകളുടെ ലക്ഷ്യം.
Tags : NITI Aayog National Workshop Deepika DeepikaNewspaper BreakingNews NewsUpdate NITI Aayog National