പ്രതീകാത്മക ചിത്രം
സിയൂൾ: ദക്ഷിണ കൊറിയയിലെ ദേശീയ ടാക്സ് അക്കൗണ്ടന്റ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി ജനറേറ്റീവ് എഐയുടെ സഹായത്തോടെ കോപ്പിയടിച്ചെന്ന് സമ്മതിച്ചു. ജൂലൈയിൽ നടന്ന രണ്ടു ഘട്ടപരീക്ഷയിലും നൂറുകണക്കിന് ചോദ്യങ്ങൾക്ക് ഏതാണ്ട് മുഴുവൻ മാർക്കും നേടിയതോടെ ഉയർന്ന സംശയങ്ങൾക്കൊടുവിലാണ് ഇന്നലെ ‘ഹാൻ’ എന്നുപേരുള്ള ഉദ്യോഗാർഥി കുറ്റം സമ്മതിച്ചത്.
മൈക്രോ കാമറ ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ചിത്രങ്ങളെടുത്ത് എഐ ടൂളിലേക്ക് അയച്ചശേഷം സ്മാർട്ട്ഫോണിലൂടെ ലഭിച്ച ഉത്തരങ്ങൾ എഴുതുകയായിരുന്നുവെന്ന് ഇയാൾ വെളിപ്പെടുത്തി. ഇലക്ട്രോണിക് ഉപകരണങ്ങളും എഐയും ഉപയോഗിച്ചാണു തട്ടിപ്പ് നടത്തിയതെന്ന് മുഖംമൂടി ധരിച്ച് യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട കുറ്റസമ്മതത്തിൽ ഇയാൾ പറഞ്ഞു. പൊലിസിനും രേഖാമൂലം മൊഴി നൽകിയിട്ടുണ്ട്.
വാർഷിക കോളജ് പ്രവേശനപരീക്ഷ നടക്കാനിരിക്കെയാണു തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ പരീക്ഷകളിലെ എഐ അധിഷ്ഠിത കോപ്പിയടിയെക്കുറിച്ച് ആശങ്ക ശക്തമായി. സമാനമായ തട്ടിപ്പുകൾ അക്കൗണ്ടന്റ് പരീക്ഷയിലും നടന്നെന്ന റിപ്പോർട്ടുകളെത്തുടർന്ന് വിഷയം ചർച്ച ചെയ്യാൻ ഉന്നതതല യോഗവും വിളിച്ചിട്ടുണ്ട്.
Tags : candidate accountant examination Deepika DeepikaNewspaper BreakingNews NewsUpdate candidate who secured the top rank