ബിഹാർ ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണ മന്ത്രി അശോക് ചൗധരി
പാറ്റ്ന: നിയമസഭാ കൗൺസിൽ അംഗവും (എംഎൽസി) മന്ത്രിയുമായിരിക്കെത്തന്നെ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി ജോലിയിൽ പ്രവേശിച്ച ബിഹാർ ഭക്ഷ്യ-ഉപഭോക്തൃ സംരക്ഷണ മന്ത്രി അശോക് ചൗധരിക്കുമേൽ അയോഗ്യതാ ഭീഷണി.
ലോക് ഭവന്റെ അതൃപ്തിക്കു പിന്നാലെ ഇരട്ടപ്പദവി സംബന്ധിച്ച് ഗവർണറുടെ സെക്രട്ടേറിയറ്റ് ബിഹാർ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിട്ടുണ്ട്. എംഎൽസി സ്ഥാനമോ അസിസ്റ്റന്റ് പ്രഫസർ പദവിയോ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കേണ്ടിവരുമെന്ന് ഗവർണറുടെ സെക്രട്ടേറിയറ്റ് മന്ത്രിയെ അറിയിച്ചു. രണ്ടു പദവികളും ഒരേസമയം വഹിക്കുന്നത് ഓഫീസ് ഓഫ് പ്രൊഫിറ്റ് നിയമത്തിന്റെ പരിധിയിൽ വരുമെന്നും ഇത് അയോഗ്യതയിലേക്കു നയിച്ചേക്കാമെന്നും ഗവർണറുടെ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
2021 മുതൽ എംഎൽസിയായി തുടരുന്ന ചൗധരി, ഈ വർഷം ഫെബ്രുവരിയിലാണ് പാടലീപുത്ര സർവകലാശാലയ്ക്കു കീഴിലുള്ള പാറ്റ്നയിലെ അനുഗ്രഹ നാരായൺ കോളജിൽ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രഫസറായി നിയമിതനായത്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായിയായ 58കാരനായ മന്ത്രിക്കു നിയമനം ലഭിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിച്ചതിന്റെ തൊട്ടടുത്ത ദിവസംതന്നെ മന്ത്രിയെന്നനിലയിലും എംഎൽസി എന്നനിലയിലുമുള്ള രാഷ്ട്രീയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം അവധിയിൽ പ്രവേശിക്കുകയും ചെയ്തു.
എന്നാൽ, തനിക്കെതിരായ നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് അശോക് ചൗധരി പ്രതികരിച്ചു. പ്രൊബേഷൻ കാലയളവിൽ സർവകലാശാലാ ജീവനക്കാർക്ക് മുന്പും അവധി അനുവദിച്ചിട്ടുള്ള സംഭവങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Tags : Bihar Minister Deepika DeepikaNewspaper NewsUpdate Faces Threat of Disqualification