Kerala
കൊച്ചി: താരസംഘടന അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ടിനി ടോം. അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു എന്നാണ് ടിനി ടോം പറയുന്നത്.
തനിക്കെതിരെ അന്‍സിബ ഉയര്‍ത്തിയ ആരോപണങ്ങള്‍ പോലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ തള്ളിയതാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ടിനി ടോം വ്യക്തമാക്കി.
കത്തിന്‍റെ പൂര്‍ണരൂപം:
ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ. അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്‌സിക്യൂട്ടീവില്‍ ലാലേട്ടന്‍റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്‍റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്‍റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയപ്പെട്ടിരിന്നു ആരോപണങ്ങള്‍ പോലീസ് എഫ്‌ഐആര്‍ എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു സത്യമെ ജയിക്കൂ അതാണ് തെളിഞ്ഞത്.
ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല. എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരന്‍ Tiny Tom , thank u and god bless you all.
അതേസമയം, അമ്മയുടെ അംഗത്വത്തില്‍ നിന്ന് രാജി വയ്ക്കുന്നതായി അറിയിച്ച് നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിരുന്നു. തനിക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്നും ലക്ഷ്മിപ്രിയ പങ്കുവച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.
തന്‍റെ രാജി മുതിര്‍ന്ന അംഗമായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്‍റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും തന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറഞ്ഞു.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചു.
നിരന്തരം ഉത്തരവുകള്‍ അവഗണിച്ചതിന് കോടതിയുടെ രൂക്ഷവിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന്‍ രേഖാമൂലം മാപ്പപേക്ഷ നല്‍കിയത്. കോടതി ഉത്തരവ് വായിച്ചാല്‍ മനസ്സിലാകില്ലേയെന്ന് മുഹമ്മദ് ഹനീഷിനെ പരിഹസിച്ച ഹൈക്കോടതി, നിരന്തരം കോടതി ഉത്തരവുകള്‍ അവഗണിച്ചതായും ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച കോടതിയില്‍ ഹാജരാകണമെന്നും ഇല്ലെങ്കില്‍ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം നേരിട്ട് ഹാജരായത്. താന്‍ വ്യവസായ വകുപ്പിന്‍റെ ചുമതല ഒഴിഞ്ഞുവെന്ന് മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചു.
കേസ് ഇന്ന് ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും. സിബിഐക്ക് പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത് പരിഗണിക്കണമെന്ന് സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ഏപ്രില്‍ 10ന് ഉത്തരവിട്ടിരുന്നു. തുടര്‍ച്ചയായി അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ മുഹമ്മദ് ഹനീഷ് നേരിട്ടു ഹാജരാകാന്‍ ജസ്റ്റീസ് എ. ബദറുദീന്‍റെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഇതിനെതിരെ മുഹമ്മദ് ഹനീഷ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിരുന്നു. 2006-2015 കാലഘട്ടത്തില്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതിയും ഫണ്ട് ദുരുപയോഗവും നടന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
കേസില്‍ മുഖ്യപ്രതികളായ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്‍. ചന്ദ്രശേഖരന്‍, മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയെങ്കിലും ഇതിന് കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.
നടപടിക്രമങ്ങളിലുണ്ടായ പ്രശ്‌നങ്ങള്‍ മാത്രമാണ് സിബിഐ കണ്ടെത്തിയിട്ടുള്ളതെന്നും ഈ സാഹചര്യത്തില്‍ അനുമതി നല്‍കാനാവില്ല എന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. തുടര്‍ന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് കോടതിയലക്ഷ്യ ഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Kerala
തൃശൂർ: മേയർ സ്ഥാനാർഥിത്വം കിട്ടാത്തതിനെ തുടർന്ന് വിവാദ പ്രസ്താവന നടത്തി പാർട്ടി നടപടി നേരിട്ട തൃശൂർ കൗൺസിലർ ലാലി ജെയിംസ് വീണ്ടും കോൺഗ്രസിൽ. ഡിസിസി അധ്യക്ഷന് മാപ്പ് എഴുതി നൽകിയതിനെ തുടർന്നാണ് ലാലി ജെയിംസിനെ തിരിച്ചെത്താനുള്ള വഴി തുറന്നത്.
തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി രാജൻ പല്ലന്‍റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ ലാലി എത്തി. രാജൻ പല്ലനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമാകുമെന്നും ലാലി പറഞ്ഞു.
പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. കുടുംബത്തിലെ ചെറിയ പ്രശ്നങ്ങളിൽ നടപടി എടുക്കും. അങ്ങനെ മാത്രമേ സസ്പെൻഷൻ നടപടിയെ കാണുന്നുള്ളു. താൻ എന്നും പാർട്ടിക്കൊപ്പം ഉണ്ടാകുമെന്നും പാർട്ടിയോട് മാപ്പ് പറയുന്നതിൽ അഭിമാനമെന്നും ലാലി ജെയിംസ് പറഞ്ഞു.
ലാലിയുടെ മടങ്ങിവരവ് കൂടുതൽ ഗുണകരമാകുമെന്ന് സ്ഥാനാർഥി രാജൻ പല്ലൻ പറഞ്ഞു.മേയർ തെരഞ്ഞെടുപ്പിൽ തഴഞ്ഞതിന് പിന്നാലെയാണ് പാർട്ടി നേതൃത്വം പണം വാങ്ങി മേയർ പദവി വിറ്റെന്ന ഗുരുതര ആരോപണം ലാലി ജെയിംസ് ഉന്നയിച്ചത്.
Kerala
കോഴിക്കോട്: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചവര്‍ക്കെതിരേ സംഘടനാപരമായി നടപടിയെടുത്ത് സ്വയം മാപ്പു പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി വീണയ്ക്കെതിരേ കുറേക്കാലമായി നിരന്തരം വിദ്വേഷ കാംപയിന് നടക്കുന്നുണ്ട്. അതിന്റെ ഉത്പന്നമാണ് കണ്ണൂരില്‍ നടന്ന ആക്രമണം. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ മന്ത്രി ആക്രമിക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം കെഎസ്യുക്കാർ മന്ത്രി താമസിക്കുന്ന വീട്ടില്‍ കൊണ്ടുപോയി റീത്ത് വച്ചു.
മന്ത്രി വീണാ ജോര്‍ജിനെ നൂലില്‍ക്കെട്ടി ഇറക്കിയതല്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിക്കും ഈ നാട്ടില്‍ ജീവിക്കണം. പരിക്കുപറ്റിയതായി മന്ത്രി അഭിനയിക്കുകയാണെന്ന ആരോപണം അതുന്നയിച്ചവരില് മനുഷ്യത്വം ചോര്‍ന്നുപോയി എന്നതിന്റെ ലക്ഷണമാണ്.
ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നതു തെറ്റല്ല. താനടക്കമുള്ള ആളുകള്‍ കരിങ്കൊടി സമരത്തിലൊക്കെ പങ്കെടുത്തിട്ടുണ്ട്.
ഇത് അത്തരമൊരു സമരമായി കാണാന്‍ കഴിയില്ലെന്നും റിയാസ് പറഞ്ഞു.
National
ബംഗളുരു: കർണാടകത്തിൽ പത്രപ്പരസ്യത്തിലൂടെ ബിജെപിയും കോൺഗ്രസും തമ്മിൽ നടക്കുന്ന വെല്ലുവിളിയിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഉപയോഗിക്കുന്നതിനെതിരേ ഗാന്ധിസ്മാരക നിധി. കഴിഞ്ഞ ചൊവ്വാഴ്ച പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യമാണു സംഭവത്തിനാധാരം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിച്ചതിനെതിരേ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രസിദ്ധീകരിച്ച മുഴുപ്പേജ് പരസ്യത്തിലാണ് ആദ്യം ഗാന്ധിജിയെ ഉപയോഗിച്ചത്. തൂവെള്ള ഷർട്ടും കാക്കി പാന്റ്സും ധരിച്ച ഗാന്ധിജിയുടെ രൂപം കേന്ദ്രത്തെ ശകാരിക്കുന്ന മട്ടിലാണു പരസ്യം. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കു പകരം വിബി-ജി രാം ജി പദ്ധതി നടപ്പാക്കിയ ബിജെപി സർക്കാരിനെ ലക്ഷ്യമിട്ടായിരുന്നു പരസ്യം.
ഇതിനെതിരേയുള്ള ബിജെപിയുടെ പരസ്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരെ ഗാന്ധിജി വടിയെടുത്ത് തല്ലുന്നതായാണു ചിത്രീകരിച്ചിരിക്കുന്നത്. എല്ലാറ്റിനെയും നശിപ്പിക്കുന്നവരെന്നും ഗാന്ധി പറയുന്നുണ്ട്.
ഗാന്ധിയെ അപകീർത്തികരമായി ചിത്രീകരിച്ചുവെന്നു മാത്രമല്ല അദ്ദേഹത്തിന്റെ ആശയസംഹിതകളെക്കുറിച്ചു യുവജനങ്ങളിൽ തെറ്റായ വിവരവും ഇതുവഴി നൽകുകയാണെന്ന് ഗാന്ധി സ്മാരകനിധി പ്രസിഡന്റ് വി.പി. കൃഷ്ണയും സെക്രട്ടറി എം.സി. നരേന്ദ്രയും പറഞ്ഞു.