ബംഗളുരു: കർണാടകത്തിൽ പത്രപ്പരസ്യത്തിലൂടെ ബിജെപിയും കോൺഗ്രസും തമ്മിൽ നടക്കുന്ന വെല്ലുവിളിയിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഉപയോഗിക്കുന്നതിനെതിരേ ഗാന്ധിസ്മാരക നിധി. കഴിഞ്ഞ ചൊവ്വാഴ്ച പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യമാണു സംഭവത്തിനാധാരം.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിച്ചതിനെതിരേ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രസിദ്ധീകരിച്ച മുഴുപ്പേജ് പരസ്യത്തിലാണ് ആദ്യം ഗാന്ധിജിയെ ഉപയോഗിച്ചത്. തൂവെള്ള ഷർട്ടും കാക്കി പാന്റ്സും ധരിച്ച ഗാന്ധിജിയുടെ രൂപം കേന്ദ്രത്തെ ശകാരിക്കുന്ന മട്ടിലാണു പരസ്യം. മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കു പകരം വിബി-ജി രാം ജി പദ്ധതി നടപ്പാക്കിയ ബിജെപി സർക്കാരിനെ ലക്ഷ്യമിട്ടായിരുന്നു പരസ്യം.
ഇതിനെതിരേയുള്ള ബിജെപിയുടെ പരസ്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരെ ഗാന്ധിജി വടിയെടുത്ത് തല്ലുന്നതായാണു ചിത്രീകരിച്ചിരിക്കുന്നത്. എല്ലാറ്റിനെയും നശിപ്പിക്കുന്നവരെന്നും ഗാന്ധി പറയുന്നുണ്ട്.
ഗാന്ധിയെ അപകീർത്തികരമായി ചിത്രീകരിച്ചുവെന്നു മാത്രമല്ല അദ്ദേഹത്തിന്റെ ആശയസംഹിതകളെക്കുറിച്ചു യുവജനങ്ങളിൽ തെറ്റായ വിവരവും ഇതുവഴി നൽകുകയാണെന്ന് ഗാന്ധി സ്മാരകനിധി പ്രസിഡന്റ് വി.പി. കൃഷ്ണയും സെക്രട്ടറി എം.സി. നരേന്ദ്രയും പറഞ്ഞു.
Tags : Mahatma Gandhi's apology Congress-BJP war