ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് എന്നിവരെ തങ്ങളുടെ വധശിക്ഷാ പട്ടികയിൽ നിന്ന് ഇസ്രയേൽ ഒഴിവാക്കിയത് പാകിസ്താന്റെ പ്രത്യേക അപേക്ഷ പരിഗണിച്ചെന്ന് റിപ്പോർട്ടുകൾ.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മധ്യസ്ഥത വഹിക്കുന്ന പാകിസ്താൻ, ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഇറേനിയൻ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇസ്രയേലിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ നയതന്ത്ര സമ്മർദ്ദത്തിന് ഒടുവിലാണ് ഇസ്രയേൽ വഴങ്ങിയതെന്നാണ് സൂചന. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള 15 വർഷത്തെ സമാധാന കരാർ ഇറാൻ നിലവിൽ പരിശോധിച്ചു വരികയാണ്. ഈ ചർച്ചകൾ പുരോഗമിക്കണമെങ്കിൽ നേതാക്കൾക്കെതിരെയുള്ള ഭീഷണി ഒഴിവാക്കണമെന്ന് മധ്യസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇറാന്റെ ഭാഗത്തുനിന്ന് ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തതും അമേരിക്കയുമായുള്ള സംഘർഷം ലഘൂകരിക്കാൻ ഇറാൻ തയ്യാറായതും ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നു. ഇറേനിയൻ നേതാക്കളെ ലക്ഷ്യം വെക്കുന്നതിൽ നിന്ന് ഇസ്രയേൽ പിന്മാറിയതോടെ, പശ്ചിമേഷ്യയിലെ സമാധാന ചർച്ചകൾക്ക് കൂടുതൽ വേഗത ലഭിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ കരുതുന്നത്.
Tags : Abbas Aragchi Latest News Pakistan