ന്യൂഡൽഹി:പാക്കിസ്ഥാനിൽനിന്ന് 18 കോടിരൂപ കൈപ്പറ്റിയ ജമ്മുകാഷ്മീർ സ്വദേശി ഡൽഹി പോലീസ് പ്രത്യേകസംഘത്തിന്റെ പിടിയിൽ. ഓൺലൈൻ തട്ടിപ്പ് സംഘത്തിൽ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ശ്രീനഗറിൽനിന്നുള്ള 38കാരൻ അസിഫ് ഷാഫി അഹൻഗർ അറസ്റ്റിലായത്.
റോ, ഐബി ഉൾപ്പെടെ അന്വേഷണ വിഭാഗങ്ങൾ ഇയാളെ ചോദ്യംചെയ്തുവരികയാണ്.കള്ളപ്പണം കൈമാറുന്നതിന് ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ട് വഴി ഡൽഹി ജാമിയ നഗർ സ്വദേശി ഫിയാസ് അഹമ്മദിനെ കബളിപ്പിച്ച് 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ അസിഫ് ഷാഫി കുടുങ്ങുകയായിരുന്നു.
പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയ്ക്കു വേണ്ടിയാണോ ഇയാൾ പ്രവർത്തിച്ചിരുന്നതെന്നു സംശയമുണ്ട്. അതുമല്ലെങ്കിൽ പാക് ചാരനായി പ്രവർത്തിച്ചുവെന്നാണ് സംശയം. അതേസമയം ഇക്കാര്യത്തിൽ പ്രതികരണത്തിന് ഉദ്യോഗസ്ഥർ തയാറായിട്ടില്ല.വേൾഡ് ഗോൾഡ് കൗൺസിൽ ജീവനക്കാരെന്നു പരിചയപ്പെടുത്തിയ സിംഗപ്പുർ പൗരന്മാരായ ആനി ഫാൻ എന്നറിയപ്പെടുന്ന അനിതയും കെവിൻ ഫാൻ എന്നയാളും ഫിയാസിനെ കബളിപ്പിച്ച് പണം തട്ടിയിരുന്നു.
വ്യാജ ഓൺലൈൻ സ്വർണവ്യാപാര പദ്ധതിയിൽ ചേർത്ത് ആദ്യഘട്ടത്തിൽ നിക്ഷേപിച്ച ചെറിയ തുകയ്ക്കു ലാഭവിഹിതം കൈമാറിയായിരുന്നു തട്ടിപ്പ്. ഫിയാസ് കൂടുതൽ പണം നിക്ഷേപിച്ചതോടെ മലബാർ ഡോട്ട് കോം എന്ന പേരിലുള്ള വെബ്സൈറ്റ് വരെ അടച്ചുപൂട്ടി ഓൺലൈൻ തട്ടിപ്പ് സംഘംമുങ്ങുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിച്ചെടുത്ത പണത്തിന്റെ ഒരു ഭാഗം ശ്രീനഗർ സ്വദേശിയുടെ അക്കൗണ്ടിൽ എത്തിയതായി കണ്ടെത്തിയത്.
വിശദമായ പരിശോധനയിൽ പാക്കിസ്ഥാനിൽ നിന്നും ഇയാൾക്കു പണം ലഭിച്ചുവെന്നും വ്യക്തമായതോടെ അറസ്റ്റിലേക്കും നീങ്ങി.