മുംബൈ: ഇന്ത്യൻ സംഗീത ഇതിഹാസം ആശ ഭോസ്ലെയ്ക്ക് ആദരമർപ്പിച്ച്, അവരുടെ പാട്ടുകൾ സംപ്രേഷണം ചെയ്ത പാക്കിസ്ഥാനിലെ ജിയോ ന്യൂസിനെതിരേ നടപടിയുമായി പാക് മാധ്യമ നിയന്ത്രണ അഥോറിറ്റി. സംഭവത്തിൽ ചാനൽ കമ്പനിക്കു കാരണംകാണിക്കൽ നോട്ടീസ് അയച്ചിരിക്കുകയാണ്.
ഞായറാഴ്ചയായിരുന്നു സംഗീതപ്രേമികളെ കണ്ണീരിലാഴ്ത്തി, ആശ ഭോസ്ലെ വിടവാങ്ങിയത്. ഈ വാർത്ത റിപ്പോർട്ട് ചെയ്ത ജിയോ ന്യൂസ്, ആശാജിയുടെ അനശ്വരമായ ചലച്ചിത്ര ഗാനങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, 2018 മുതൽ പാക്കിസ്ഥാനിൽ നിലനിൽക്കുന്ന, ഇന്ത്യൻ ഉള്ളടക്ക നിരോധനം - ലംഘിച്ചു എന്നാണ് അഥോറിറ്റിയുടെ കണ്ടെത്തൽ. ഏപ്രിൽ 27ന് ചാനൽ അധികൃതർ അഥോറിറ്റിക്കു മുന്നിൽ ഹാജരാകണം. പിഴയോ ലൈസൻസ് റദ്ദാക്കലോ വരെ നേരിടേണ്ടി വന്നേക്കാം.
അതേസമയം, നോട്ടീസ് ലഭിച്ചതിനു പിന്നാലെ രൂക്ഷമായ പ്രതികരണവുമായി ചാനൽ മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് രംഗത്തെത്തി. ആശ ഭോസ്ലെയെപ്പോലൊരു വലിയ കലാകാരിയെക്കുറിച്ച് വാർത്ത നൽകുമ്പോൾ അവരുടെ ഗാനങ്ങൾ കാണിക്കുന്നതു സ്വാഭാവികമാണ്. കലയും അറിവും അതിർത്തികൾക്കുള്ളിൽ തളച്ചിടേണ്ടതല്ല എന്ന് അബ്ബാസ് എക്സിൽ കുറിച്ചു.
പാക്കിസ്ഥാന്റെ പ്രിയങ്കരി നൂർ ജഹാനെ തന്റെ മൂത്ത സഹോദരിയെപ്പോലെ സ്നേഹിക്കുകയും നുസ്രത്ത് ഫത്തേ അലി ഖാനോടൊപ്പം പാടുകയും ചെയ്ത ആശാജിയെ രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ കാണരുതെന്നും അബ്ബാസ് ഓർമിപ്പിച്ചു.
Tags : Pakistan channel tribute Asha Bhosle