ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ സമാധാനത്തിനുള്ള നീക്കത്തിനു തിരിച്ചടി. ഇറേനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘം പാക്കിസ്ഥാനിൽനിന്നു മടങ്ങി. യുഎസ് പ്രതിനിധിസംഘാംഗങ്ങളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെദ് കുഷ്നെർ എന്നിവർ പാക്കിസ്ഥാൻ യാത്ര റദ്ദാക്കി. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം അറിയിച്ചത്.
അമേരിക്കയുമായി നേരിട്ട് ചർച്ചയില്ലെന്ന് നേരത്തെ ഇറാൻ അറിയിച്ചിരുന്നു. ഏതു ചർച്ചയും പരോക്ഷമായിട്ടാണു നടത്തുകയെന്ന് അബ്ബാസ് അരാഗ്ചി പറഞ്ഞു.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സമഗ്ര നിർദേശങ്ങൾ ഇറാൻ പാക്കിസ്ഥാന് കൈമാറിയെന്നാണു റിപ്പോർട്ട്.
ഈ നിർദേശങ്ങൾ പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ അമേരിക്കയ്ക്കു കൈമാറും. ഇന്നലെ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ്, സേനാ മേധാവി അസിം മുനീർ എന്നിവരുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തി. പാക് സന്ദർശനത്തിനു പിന്നാലെ ഒമാൻ, റഷ്യ എന്നീ രാജ്യങ്ങളിലും അരാഗ്ചി സന്ദർശനം നടത്തും.
ഫെബ്രുവരി 27ന് ജനീവയിൽ ട്രംപിന്റെ പ്രതിനിധികളുമായി അരാഗ്ചി മണിക്കൂറുകളോളം പരോക്ഷ ചർച്ച നടത്തിയെങ്കിലും ധാരണയിലെത്തിയിരുന്നില്ല. തൊട്ടടുത്ത ദിവസമാണ് യുഎസും ഇസ്രയേലും ഇറാനെതിരേ ആക്രമണം ആരംഭിച്ചത്.
വെടിനിർത്തൽ മൂന്നാഴ്ചത്തേക്കുകൂടി നീട്ടിയെങ്കിലും ഇസ്രയേലും ഹിസ്ബുള്ളയും ഇന്നലെ പരസ്പരം ആക്രമണം നടത്തി. തെക്കൻ ലബനനിൽ ഹിസ്ബുള്ളയുടെ മൂന്നു റോക്കറ്റ് ലോഞ്ചറുകൾ തകർത്തെന്ന് ഇസ്രേലി സേന അറിയിച്ചു. ലബനനിൽ ഇതുവരെ 2490 പേരാണു കൊല്ലപ്പെട്ടത്.
ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദുമായി ബന്ധമുണ്ടെന്നും സർക്കാർ വിരുദ്ധപ്രക്ഷോഭത്തിൽ പങ്കെടുത്തെന്നും ആരോപിച്ച് ഒരാളെ ഇറാൻ തൂക്കിലേറ്റി.
ഇർഫാൻ കിയാനിയെന്ന യുവാവിനെയാണു തൂക്കിലേറ്റിയത്. അസ്ഫാൻ നഗരത്തിൽ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണം ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ കിയാനി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ, ഇയാൾക്കെതിരായ തെളിവുകൾ പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ല.
Tags : Araghchi returns Pakistan US envoys cancel Pakistan trip