സ്വർണാഭരണവും നോട്ടുകെട്ടുകളും പ്രദർശിപ്പിച്ചുള്ള മധുമിതയുടെ റീലുകളിലൊ
നാഗർകോവിൽ: ആഡംബരജീവിതം പ്രദർശിപ്പിച്ച് റീലുകൾ ചെയ്ത യുട്യൂബർ ദമ്പതികളുടെ വീട്ടിൽ സിനിമാ മോഡൽ കവർച്ച. കൈനിറയെ സ്വർണാഭരണങ്ങളും 500 രൂപ നോട്ടുകൾ വച്ച് പൂജ ചെയ്യുന്ന ദൃശ്യങ്ങളും യുട്യൂബിലൂടെ പങ്കുവച്ച് ശ്രദ്ധ നേടിയ മധുമിതയുടെ വീട്ടിലാണ് കഴിഞ്ഞദിവസം കവർച്ച നടന്നത്. 118 പവൻ സ്വർണാഭരണങ്ങളാണു കള്ളന്മാർ അപഹരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പുറത്തുപോയ മധുമിതയും ഭർത്താവ് വിനോദ് കുമാറും രാത്രി 11.50ന് തിരികെയെത്തിയപ്പോഴാണു വീട് അകത്തു നിന്നു പൂട്ടിയിട്ടനിലയിൽ കണ്ടത്.
മുൻവശത്തെ വാതിൽ തുറക്കാൻ സാധിക്കാത്തതിനെത്തുടർന്ന് പണിക്കാരനെ വരുത്തി പരിശോധിച്ചപ്പോൾ മുൻവാതിൽ ഉള്ളിൽനിന്ന് പൂട്ടിയനിലയിലും പിൻവാതിൽ തകർത്ത നിലയിലും കണ്ടെത്തുകയായിരുന്നു. തുടർന്ന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 118 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വിവരമറിയുന്നത്.
കോയമ്പത്തൂർ സ്വദേശിനിയായ മധുമിതയും ശിവകാശി സ്വദേശിയായ വ്യവസായി വിനോദ് കുമാറും പത്തു മാസം മുന്പാണ് നാഗർകോവിലിനു സമീപമുള്ള തമ്മത്തുകോണം വിഐപി ഗാർഡനിൽ പുതിയ വീട് വാങ്ങി താമസം തുടങ്ങിയത്. ഭർത്താവിനൊപ്പം സമൂഹമാധ്യമങ്ങളിൽ വീഡിയോകൾ കൈകാര്യം ചെയ്യുന്ന മധുമിത തമിഴ്നാട്ടിൽ ഏറെ പ്രശസ്തയാണ്. വീട്ടുവിശേഷങ്ങൾ, ലൈഫ് സ്റ്റൈൽ വ്ലോഗുകൾ, റീലുകൾ തുടങ്ങിയവയാണ് പ്രധാനമായും ചെയ്യുന്നത്.
വീട്ടിലെ പൂജാമുറിയിലും മറ്റും സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണക്കെട്ടുകളും കാണിച്ചുകൊണ്ട് ഇവർ അടുത്തിടെ ചെയ്ത റീൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതു കണ്ടറിഞ്ഞാണ് കള്ളന്മാർ എത്തിയതെന്നാണു നിഗമനം.
പ്രതികളെ പിടികൂടാനായി ആറു സംഘങ്ങളായി തിരിഞ്ഞ് പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. ദമ്പതികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പൊലിസ് നിരീക്ഷിക്കുന്നുണ്ട്.
Tags : YouTube Trouble Show Burglary Couples Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash