Kerala
കോട്ടയം: പൊൻകുന്നം തോണിപ്പാറയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശി സാജൻ, ഭാര്യ അനീഷ എന്നിവരാണ് മരിച്ചത്. ഇവർക്കു സമീപം കരഞ്ഞു രണ്ടര വയസുള്ള പെൺകുട്ടിയുമുണ്ടായിരുന്നു.
ഇന്നു രാവിലെയാണ് ഇരുവരെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് പേരുടെയും ശരീരത്തിൽ നിന്ന് രക്തം വാർന്ന നിലയിലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കു പ്രശ്നങ്ങളൊന്നുമില്ല. ഒരാഴ്ച മുമ്പാണ് ഇവർ വാടകയ്ക്കു താമസിക്കാനെത്തിയത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഉടമ വന്നു നോക്കിയപ്പോൾ വീട് അകത്തുനിന്ന് അടച്ച നിലയിലായിരുന്നു.
വീട്ടുടമ ഇവരെ ഇവിടേക്ക് എത്തിച്ചയാളുമായി ബന്ധപ്പെടുകയും അയാളെത്തി ഇരുവരും ചേർന്ന് മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറക്കുകയും ചെയ്തപ്പോഴാണ് ഹാളിൽ ദമ്പതികൾ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചുകിടക്കുന്നത് കണ്ടത്. ഇവരിവിടെ വന്നതിനു ശേഷം വീട്ടിനുള്ളിൽനിന്നു ബഹളം കേൾക്കാറുണ്ടായിരുന്നുവെന്ന് വീട്ടുടമ പോലീസിനെ അറിയിച്ചിട്ടുണ്ട്.
ഇവർ കടുത്ത സാമ്പത്തിക പ്രശ്നം നേരിട്ടിരുന്നതായി ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബലപ്രയോഗത്തിന്റെ സാഹചര്യങ്ങളൊന്നും വീട്ടിലില്ലെന്നും പോലീസ് വ്യക്തമാക്കി. കുട്ടിയെ ബന്ധുക്കൾക്കു കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുന്നതായി പൊൻകുന്നം പോലീസ് വ്യക്തമാക്കി.
National
ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിന്ദ്കി സ്വദേശികളായ അമർജീത് കുശ്വാഹ (30), ഭാര്യ രേഖ സോങ്കർ (25) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരെയും ജീവനൊടുക്കിയതാണെന്നാണ് സൂചന. വ്യാഴാഴ്ച പുലർചെയാണ് അമർജീതിനെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് രേഖ പോലീസിൽ വിവരമറിയിച്ചു.
എന്നാൽ വീട്ടിലെത്തിയ പോലീസ് ഇരുവരുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
ശുചിമുറിയുടെ വാതിൽ തകർത്ത് അകത്തുകയറി അമർജീതിന്റെ മൃതദേഹം താഴെയിറക്കിയ പോലീസ്, മറ്റൊരു മുറിയിൽ രേഖയെയും തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.അഞ്ച് മാസം മുന്പാണ് ഇവർ പ്രണയിച്ച് വിവാഹം കഴിച്ചത്. മിശ്രവിവാഹമായതിനാൽ രണ്ട് കുടുംബങ്ങളും എതിർത്തിരുന്നു.
വിവാഹത്തിന് ശേഷം രണ്ട് കുടുംബങ്ങളും ഇരുവരുമായുള്ള ബന്ധം പുർണമായും ഉപേക്ഷിച്ചിരുന്നു. കാൺപൂരിൽ താമസിച്ച ഇവർ ജനുവരി മുതലാണ് ബിന്ദ്കിയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
കുടുംബാംഗങ്ങളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
Kerala
മൂരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ക്രിസ്മസ് അവധിക്കാലത്തു ദന്പതികൾക്കായി പ്രത്യേക ആന്തരികസൗഖ്യ ദന്പതീധ്യാനം നടത്തും.
26നു രാവിലെ ഒന്പതു മുതൽ 28 വരെയാണ് ധ്യാനമെന്നു ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു. ആദ്യം ബുക്ക് ചെയ്യുന്ന 50 ദന്പതികൾക്കാണു പ്രവേശനം.
ദന്പതികളുടെ കൂടെവരുന്ന കുട്ടികൾക്കു പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. ബുക്ക് ചെയ്യാൻ ഫോണ്: 9447785548, 9496167 557.
National
ന്യൂഡൽഹി: നിയമപ്രകാരമുള്ള വിവാഹപ്രായമെത്തുന്നതിനു മുമ്പുതന്നെ പ്രായപൂർത്തിയായവർക്ക് ഉഭയസമ്മതപ്രകാരം ഒരുമിച്ചു താമസിക്കാമെന്ന ഏറെ ചർച്ചയായേക്കാവുന്ന വിധിയുമായി രാജസ്ഥാൻ ഹൈക്കോടതി. രാജസ്ഥാനിലെ കോട്ടയിൽനിന്നുള്ള പതിനെട്ടുകാരിയുടെയും പത്തൊമ്പതുകാരന്റെയും ഹർജിയിലാണ് മൗലികാവകാശങ്ങളുടെ വ്യാപ്തി വിവാഹപ്രായമല്ല മറിച്ചു പ്രായപൂർത്തിയാകുന്നതാണെന്നു ചൂണ്ടിക്കാട്ടി വിധി രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി. ദൂരവ്യാപകഫലങ്ങൾ ഉണ്ടാക്കുന്നതാണ് വിധിയെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹർജി നൽകിയ 18 വയസ് പൂർത്തിയായ യുവതിയും 19 വയസ് പൂർത്തിയായ യുവാവും തങ്ങൾ സ്വമേധയാ എടുത്ത തീരുമാനപ്രകാരം ഒരുമിച്ചു താമസിക്കുകയാണെന്നും എന്നാൽ, യുവതിയുടെ കുടുംബം ബന്ധത്തെ എതിർക്കുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്യുകയാണെന്നും കോടതിയെ അറിയിച്ചു. 2025 ഒക്ടോബർ 27നു ലിവ്-ഇൻ കരാറിൽ ഇരുവരും ഒപ്പിട്ടുണ്ടെന്നും എന്നാൽ, ഒരുമിച്ചു ജീവിക്കാൻ അനുവദിക്കാത്തതിൽ കോട്ട പോലീസിനു നൽകിയ പരാതിയിൽ നടപടിയൊന്നുമെടുത്തിട്ടില്ലെന്നും ഇരുവരും കോടതിയിൽ പരാതിപ്പെട്ടു.
നിഷേധിക്കാനാവില്ല
എന്നാൽ, ഇരുവരുടെയും ഹർജി എതിർത്ത പബ്ലിക് പ്രോസിക്യൂട്ടർ യുവാവിനു വിവാഹത്തിനു ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായമായ 21 വയസ് പൂർത്തിയായിട്ടില്ലെന്നും ലിവ്-ഇൻ-ബന്ധത്തിനു അനുവദിക്കരുതെന്നും കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ഹർജിക്കാർക്ക് വിവാഹപ്രായമെത്തിയിട്ടില്ലെന്നതുകൊണ്ട് മാത്രം ഭരണഘടനയുടെ അനുച്ഛേദം 21 നിഷ്കർഷിക്കുന്ന ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
നിരോധിച്ചിട്ടില്ലെന്ന്
ലിവ്-ഇൻ-റിലേഷൻഷിപ്പുകൾ ഇന്ത്യൻ നിയമത്തിനു കീഴിൽ നിരോധിച്ചിട്ടില്ലെന്നും ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി എല്ലാ പൗരരുടെയും ജീവിതവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ ഭരണഘടനാപരമായ ചുമതല സർക്കാരുകൾക്കുണ്ടെന്നും നിരീക്ഷിച്ചു. ഹർജിയിലെ വസ്തുതകൾ പരിശോധിച്ചു ഇരുവർക്കും ആവശ്യമെങ്കിൽ സംരക്ഷണം ഒരുക്കാനും രാജസ്ഥാൻ ഹൈക്കോടതി പോലീസിനോടു നിർദേശിച്ചു.