Kerala
കോഴിക്കോട്: തിരുവമ്പാടി താഴത്തുപറമ്പിൽ മോഷണം. ആൾതാമസമില്ലാത്ത വീട്ടിലാണ് മോഷണം നടന്നത്. രണ്ടരപ്പവൻ സ്വർണവും ഒന്നര ലക്ഷം രൂപയുടെ ക്യാമറയും മോഷ്ടാക്കൾ കൊണ്ടുപോയി.
അമേരിക്കയിൽ ജോലി ചെയ്യുന്ന നോയൽ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വാതിലുകളും അലമാരകളും തകർത്തു. തിരുവമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: കേന്ദ്ര ലേബർ കമ്മീഷണർ ഓഫീസിൽ നിന്ന് മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും മോഷ്ടിച്ച സംഭവത്തിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി മുസ്താഖുൽ ഷേക്ക് (26) അസം സ്വദേശികളായ സഫിയാഖുൽ ഇസ്ലാം (30) മൊഫീദുൽ ഇസ്ലാം (35) എന്നിവരാണ് പിടിയിലായത്.
ലേബർ കമ്മീഷണർ ഓഫീസിന് മുകളിലും പരിസരത്തുമായി സ്ഥാപിച്ചിരുന്ന മിന്നൽ രക്ഷാകവചങ്ങളും ചെമ്പ് പട്ടകളും പ്രതികൾ അഴിച്ചെടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കവർച്ചയ്ക്ക് ശേഷം സഫിയാഖുൽ ഇസ്ലാമും മൊഫീദുൽ ഇസ്ലാമും ആലുവയിലേക്കും മുസ്താഖുൽ ഷേക്ക് കാക്കനാട്ടെ താമസ സ്ഥലത്തേക്കും പോയി.
എന്നാൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ തടഞ്ഞുവച്ച മറ്റ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് പോലീസിന് യഥാർഥ പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
District News
ഒരു ലക്ഷം വിലമതിക്കുന്ന വിളക്കുകളും ഓട്ടുരുളികളും മോഷ്ടിച്ചു
കോതമംഗലം: പാലമറ്റം മഹാദേവ-നരസിംഹസ്വാമിക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫീസ് മുറി കുത്തിത്തുറന്ന് ഒരുലക്ഷം വിലമതിക്കുന്ന വിളക്കുകളും ഓട്ടുരുളികളും മോഷ്ടിച്ചു. ശ്രീകോവിലിനു മുന്നില്‍ സ്ഥാപിച്ച ദീപസ്തംഭം ഉള്‍പ്പെടെ വലിയ എട്ടുവിളക്കുകളും ആറ് ഓട്ടുരുളികളുമാണ് മോഷ്ടിച്ചത്. ഓഫീസ് മുറിയില്‍ ഉണ്ടായിരുന്ന ചെറിയ വിളക്കുകളും ഓട്ടുപാത്രങ്ങളും നഷ്ടപ്പെട്ടിട്ടില്ല.
ക്ഷേത്രത്തിന് മുന്നിലെ ഭണ്ഡാരത്തിന്റെ പൂട്ടും കുത്തിപ്പൊളിച്ചിട്ടുണ്ട്. പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. ഞായറാഴ്ച മാത്രമാണ് ക്ഷേത്രത്തില്‍ പൂജയുള്ളത്. രാവിലെ ക്ഷേത്രം പൂജാരിയും കമ്മിറ്റിക്കാരും എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കോതമംഗലം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
Kerala
തിരുവനന്തപുരം: നെടുമങ്ങാട്ട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്ന കേസിൽ സമീപ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്.
കൊച്ചാട്ടുകാലിൽ സ്വദേശി അനസിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. രാവിലെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും തെളിവ് നശിപ്പിക്കാനായി മോഷ്ടാക്കൾ ഇവയും തല്ലിത്തകർത്തിരുന്നു. ഏകദേശം 25 പവനിലധികം സ്വർണം നഷ്ടപ്പെട്ടതായാണ് വീട്ടുടമസ്ഥൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
നെടുമങ്ങാട് പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസിന്റെ തീരുമാനം. വിനോദയാത്രയ്ക്ക് പോയ വിവരം അറിയാവുന്നവരാണോ മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.