തിരുവനന്തപുരം: നെടുമങ്ങാട്ട് വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണം കവർന്ന കേസിൽ സമീപ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്.
കൊച്ചാട്ടുകാലിൽ സ്വദേശി അനസിന്‍റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച അനസും കുടുംബവും ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയിരിക്കുകയായിരുന്നു. രാവിലെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
വീടിന്‍റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും തെളിവ് നശിപ്പിക്കാനായി മോഷ്ടാക്കൾ ഇവയും തല്ലിത്തകർത്തിരുന്നു. ഏകദേശം 25 പവനിലധികം സ്വർണം നഷ്ടപ്പെട്ടതായാണ് വീട്ടുടമസ്ഥൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
നെടുമങ്ങാട് പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കാനാണ് പോലീസിന്‍റെ തീരുമാനം. വിനോദയാത്രയ്ക്ക് പോയ വിവരം അറിയാവുന്നവരാണോ മോഷണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.