ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദി ഉപയോഗിക്കുന്നതു പരിശോധിക്കാൻ കമ്മീഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് തള്ളി. കോടതി ഉത്തരവുകളിലൂടെ ഇത്തരം മാറ്റങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നും ഭരണഘടനാഭേദഗതി ആവശ്യപ്പെടുന്ന കാര്യമാണിതെന്നും വ്യക്തമാക്കിയാണു നടപടി. പരിഷ്കാരങ്ങളുടെ ഭാഗമായി ഘട്ടംഘട്ടമായി മാത്രമേ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കൂവെന്ന് ചീഫ് ജസ്റ്റീസ് നിരീക്ഷിച്ചു.
സുപ്രീംകോടതി വിധിന്യായങ്ങളുടെ ഹ്രസ്വവിവരണങ്ങൾ ഇപ്പോൾ ഹിന്ദിയിൽ നൽകുന്നുണ്ടെന്നും ഭാവിയിൽ മറ്റു പ്രാദേശിക ഭാഷകളിലേക്കും ഇതു വ്യാപിപ്പിക്കുമെന്നും കോടതി അറിയിച്ചു. സുപ്രീംകോടതിയിലെയും ഹൈക്കോടതികളിലെയും എല്ലാ നടപടികളും ഇംഗ്ലീഷിലാണു നടത്തേണ്ടതെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 348(1)(എ) വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹൈക്കോടതികളിൽ ഹിന്ദിയോ മറ്റു പ്രാദേശിക ഭാഷകളോ ഉപയോഗിക്കാൻ വ്യവസ്ഥയുണ്ടെങ്കിലും സുപ്രീംകോടതിയുടെ കാര്യത്തിൽ അത്തരം ഇളവുകൾ നൽകിയിട്ടില്ല.
Tags : Hindi official language Supreme Court dismissed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash