മൂലമറ്റം നാച്ചാര്പുഴയിലെ കയത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണമാല മൂലമറ്റം അഗ്നിരക്ഷാസേന മുങ്ങിയെടുത്തപ്പോള്‍.
മൂലമറ്റം: ജലന്തര്‍ സിറ്റിക്കു സമീപം നാച്ചാറിലെ കൊച്ചുകുറുംകയത്തില് വീണ രണ്ടര പവന്റെ സ്വര്‍ണമാല മൂലമറ്റം അഗ്നിരക്ഷാസേന മുങ്ങിയെടുത്തു. ബന്ധുവീട്ടില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശി ഫെബിന് കരോട്ടുമുണ്ടയ്ക്കലിന്റെ മാലയാണ് കുളിക്കുന്നതിനിടെ അബദ്ധത്തില്‍ കയത്തിലേക്കു വീണത്. മാല നഷ്ടപ്പെട്ട ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് വെള്ളത്തില്‍ മുങ്ങി ദീര്‍ഘനേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
മൂലമറ്റത്തുനിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ കെ.എ. ജാഫര്‍ഖാന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍തന്നെ സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. പത്തടിയോളം താഴ്ചയുള്ള, ചപ്പുചവറുകള്‍ നിറഞ്ഞ കയത്തില്‍ നടത്തിയ സൂക്ഷ്മമായ തെരച്ചിലിനൊടുവില്‍ ഫയര്‍ ഓഫീസര്‍ ഷിന്റോ ജോസ് മാല കണ്ടെടുത്തു.
സീനിയര്‍ ഫയര്‍ ഓഫീസര്‍ ജിന്‍സ് മാത്യു, ഫയര്‍ ഓഫീസര്‍മാരായ മനു ആന്റണി, എം.പി. സിജു, ഡി. റോയിമോന് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. മാല തിരികെ ലഭിച്ച സന്തോഷത്തില്‍ ഫെബിനും കുടുംബാംഗങ്ങളും അഗ്നിരക്ഷാസേനയ്ക്കു നന്ദി അറിയിച്ചു.