പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവ് ആയിരവല്ലി കടവില്‍ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ശംഖുംമുഖം ടിസി 34/354 ജിവിആര്ആര്എ39 ബിനു ഹൗസില്‍ പരേതനായ ബനഡിക്ട് ഫെര്‍ണാണ്ടസ്-മാര്‍ഗ്രറ്റ് ദമ്പതികളുടെ മകന് മനു ബെന്‍ (32) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടുകൂടിയാണ് സംഭവം. മനു ബനും സുഹൃത്തുക്കളായ അഞ്ച് പേരും ചേര്‍ന്നാണ് ആയിരവല്ലി കടവില്‍ എത്തിച്ചേര്‍ന്നത്. സുഹൃത്സംഘത്തില്‍ മനുവിന് മാത്രമാണ് നീന്തല്‍ വശമില്ലാതിരുന്നത്.
വെള്ളത്തിലേക്കിറങ്ങി നീന്താന്‍ ശ്രമിക്കുന്നതിനിടെ ഉടന്‍തന്നെ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ അറിയിച്ച് നാട്ടുകാരും വട്ടിയൂര്‍ക്കാവ് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മനുവിനെ കണ്ടെത്താനായില്ല. ഒടുവില്‍ തിരുവനന്തപുരം നിലയത്തില്‍ നിന്ന് സ്കൂബ സംഘം എത്തി നടത്തിയ തെരച്ചിലിലാണ് പാറക്കെട്ടുകള്‍ക്കിടയില്‍ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. ഉള്ളൂരിലെ ഒരു സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്നു മനു ബെന്‍. ബിനു ബെന്‍, അനു ബെന്‍ എന്നിവര്‍ സഹോദരങ്ങളാണ്.