x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ഞ്ചൂ​ക്കി​ന്‍റെ സ്പാനിഷ് അ​ർ​മാ​ഡ 

എ​സ്. ജ​യ​കൃ​ഷ്ണ​ൻ
Published: July 19, 2026 01:22 AM IST | Updated: July 19, 2026 01:22 AM IST

പ്രതീകാത്മക ചിത്രം

ഈ ​ലോ​ക​ക​പ്പി​ലെ​ത​ന്നെ ഏ​റ്റ​വും സ​മ്പൂ​ർ​ണ​വും സ​മ​ഗ്ര​വു​മാ​യ ടീം ​പ്ര​ക​ട​നം. ഫ്രാ​ൻ​സി​നെ​തി​രേ അ​താ​യി​രു​ന്നു സ്പെ​യി​ൻ കാഴ്ചവച്ചത്. ല​യ​ണ​ൽ മെ​സി, കി​ലി​യ​ൻ എം​ബ​പ്പെ, എ​ർ​ലിം​ഗ് ഹാ​ല​ൻ​ഡ്, ഹാ​രി കെ​യ്ൻ, ജൂ​ഡ് ബെ​ല്ലി​ങ്ഗം, മു​ഹ​മ്മ​ദ് സ​ല, സാ​ദി​യോ മാ​നെ, റൊ​മേ​ലു ലു​ക്കാ​ക്കു... ഇ​ത്ത​വ​ണ ലോ​ക​ക​പ്പ് തു​ട​ങ്ങി​യ​തു മു​ത​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ മു​ഴ​ങ്ങി​ക്കേ​ട്ട പേ​രു​ക​ൾ. അ​ക്കൂ​ട്ട​ത്തി​ൽ ലാ​മി​ൻ യ​മാ​ൽ എ​ന്ന പേ​രും ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ലാ​മി​ൻ യ​മാ​ൽ എ​പ്പോ​ൾ തി​ള​ങ്ങും എ​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റ് പാ​തി പി​ന്നി​ട്ട​പ്പോ​ൾ മു​ത​ൽ കേ​ട്ടു​കൊ​ണ്ടി​രു​ന്ന​ത്. യ​മാ​ൽ തി​ള​ങ്ങി​യി​ല്ലെ​ന്ന ദു​സ്സൂ​ച​ന ആ ​ച​ർ​ച്ച​ക​ളി​ലു​ണ്ടാ​യി​രു​ന്നു.

ശ​രി​യാ​ണ്, യമാ​ലി​ന് ഒ​രു സ്വ​പ്ന​രാ​ത്രി ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷേ, സ്പാ​നി​ഷ് അ​ർ​മാ​ഡ ഒ​രു കൂ​ട്ടാ​യ്മ​യാ​ണ്. ഒ​രു ടീ​മാ​ണ്. യ​മാ​ലി​നും അ​ത​റി​യാം. വ്യ​ക്തി​ഗ​ത മി​ക​വി​ന്‍റെ നി​മി​ഷ​ങ്ങ​ൾ വ​ള​രെ കു​റ​ച്ചു​മാ​ത്രം കാ​ണു​ന്ന, ആ​ക​ർ​ഷ​ക​മാ​യ ടീം ​ഗെ​യി​മാ​ണ് സ്പെ​യി​നി​ന്‍റെ ക​രു​ത്ത്. ഫ്രാ​ൻ​സി​നെ​തി​രാ​യ സെ​മി അ​തി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ലു​ള്ള പ്ര​ഖ്യാ​പ​ന​വും.

ആ​ർ​ലിം​ഗ​ട​ണി​ലെ ഡ്ര​സിം​ഗ് റൂ​മി​ന്‍റെ ഇ​ട​നാ​ഴി​യി​ൽ വ​ച്ച് കോ​ച്ച് ലൂ​യി​സ് ഡെ ​ലാ ഫ്യൂ​ന്‍റെ ത​ന്‍റെ "പി​ള്ളേ​ർ​ക്ക്' ഒ​രു സ​ന്ദേ​ശം ന​ല്കി. ക​ഴി​ഞ്ഞ അ​മ്പ​ത് ദി​വ​സ​മാ​യി എ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ത​ന്നെ. "ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ലൈ​ന​പ്പാ​ണ് ന​മു​ക്കെ​തി​രേ. പ​ക്ഷേ, ന​മ്മ​ളാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ടീം'. ​സ്വ​യം പ്ര​ചോ​ദി​ത​രാ​യി ആ​വേ​ശ​ത്തോ​ടെ മൈ​താ​ന​ത്തേ​ക്ക് നീ​ങ്ങു​ന്ന ഒ​രു​കൂ​ട്ടം പ്ര​തി​ഭ​ക​ളെ മി​ക​വി​ന്‍റെ കൊ​ടു​മു​ടി ക​യ​റ്റു​ന്ന വാ​ക്കു​ക​ൾ! ഫ്രാ​ൻ​സി​നെ ഛിന്ന​ഭി​ന്ന​മാ​ക്കി തി​രി​ച്ചു​ക​യ​റു​മ്പോ​ൾ മാ​ർ​ക്ക് കു​ക്ക​റെ​യ്യ​യു​ടെ ക​മ​ന്‍റ്. "എ​ന്തൊ​രു കി​ടു​ക്കാ​ച്ചി പ്ര​ക​ട​നം!' തൊ​ട്ടു​പി​ന്നാ​ലെ ഡെ ​ലാ ഫ്യൂ​ന്‍റെ​യ്ക്ക് ഒ​രു ഫോ​ൺ​കോ​ൾ. ഫി​ലി​പ് രാ​ജാ​വാ​യി​രു​ന്നു ലൈ​നി​ൽ. ഇ​തേ​കാ​ര്യം ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​വും പ​റ​ഞ്ഞ​ത്. അ​ൽ​പം​കൂ​ടി മാ​ന്യ​മാ​യ ഭാ​ഷ​യി​ലാ​യി​രു​ന്നു എ​ന്നു​മാ​ത്രം!

ക​ളി​ക്കു പി​ന്നാ​ലെ ലാ​മി​ൻ യ​മാ​ലി​ന്‍റെ പോ​സ്റ്റ്. "ക്ഷ​മി​ക്ക​ണം, ക്ഷ​മി​ക്ക​ണം'. തു​ട​ർ​ച്ച​യാ​യ മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ. മൂ​ന്ന് ടൂ​ർ​ണ​മെ​ന്‍റു​ക​ൾ. ഒ​രേ​യൊ​രു ഫ​ലം. 2024ൽ ​യൂ​റോ ക​പ്പ് സെ​മി ഫൈ​ന​ലി​ൽ സ്പെ​യി​ൻ ഫ്രാ​ൻ​സി​നെ പു​റ​ത്താ​ക്കി. 2025ൽ ​നേ​ഷ​ൻ​സ് ലീ​ഗ് സെ​മി ഫൈ​ന​ലി​ലും ത​നി​യാ​വ​ർ​ത്ത​നം. ഇ​പ്പോ​ഴി​താ ലോ​ക​ക​പ്പി​ലും.

ത​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും തൊ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​റ​പ്പു​ള്ള പ​ന്തി​ന് പു​റ​കെ ഓ​ടു​ന്ന ഫ്രാ​ൻ​സി​നെ​യാ​യി​രു​ന്നി​ല്ല ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ച്ച​ത്. ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ൽ നി​ൽ​ക്കു​ന്ന ഒ​രു ചി​ത്ര​മാ​യി​രു​ന്നു സ്പെ​യി​ൻ. ഫ്രാ​ൻ​സാ​ക​ട്ടെ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത, ഒ​രു മ​റു​പ​ടി​യു​മി​ല്ലാ​ത്ത ക​ളി​ക്കാ​രു​ടെ ഒ​രു കൂ​ട്ട​മാ​യി ചി​ത​റി​യ ചി​ത്ര​മാ​യി. ക​ളി​യു​ടെ അ​വ​സാ​ന പാ​ദം​വ​രെ ഒ​രു ന​ല്ല ഷോ​ട്ട് പോ​ലും ഗോ​ളി​ലേ​ക്ക് ഉ​തി​ർ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ ദു​ര​ന്തം ഫ്രാ​ൻ​സ് അ​ർ​ഹി​ച്ചി​രു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം.

ഇ​നി എം​ബ​പ്പെ-​യ​മാ​ൽ പോ​രാ​ട്ട​മാ​യി കാ​ണു​ക​യാ​ണെ​ങ്കി​ലും വ്യ​ക്ത​മാ​യ വി​ജ​യി​യു​ണ്ട്. പ​ത്തൊ​മ്പ​തു​കാ​ര​നാ​യ യമാ​ൽ 9-2 എ​ന്ന നി​ല​യി​ൽ ഏ​റെ മു​ന്നി​ലാ​ണ്. പ്ര​തീ​ക്ഷ​ക​ളു​ടെ അ​മി​ത​ഭാ​രം ഈ ​കൗ​മാ​ര​ക്കാ​ര​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​ല്ല. കോ​ച്ചും ടീ​മും അ​തി​ന് അ​നു​വ​ദി​ച്ചി​ല്ലെ​ന്ന​താ​ണ് കാ​ര്യം. അ​വ​ര​വ​നെ പൊ​തി​ഞ്ഞു​പി​ടി​ച്ചു. യ​മാ​ൽ കു​റ​ഞ്ഞ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ മാ​ത്ര​മേ എ​ടു​ത്തു​ള്ളൂ. അ​തു ഭ​യ​മാ​യി​രു​ന്നി​ല്ല. സ്പെ​യി​ൻ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

ഏ​തൊ​രു സ്പാ​നി​ഷ് ക​ളി​ക്കാ​ര​നെ സം​ബ​ന്ധി​ച്ചും ശ​രി​യാ​യ കാ​ര്യ​മാ​ണി​ത്. നി​ശ്ച​യി​ച്ച റോ​ൾ കൃ​ത്യ​മാ​യി മൈ​താ​ന​ത്ത് ന​ട​പ്പാ​ക്കി​യ അ​ച്ച​ട​ക്കം. അ​തെ, അ​ച്ച​ട​ക്കം എ​ന്ന വാ​ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ സ്പാ​നി​ഷ് ടീ​മി​ന്‍റെ മു​ഖ​മു​ദ്ര. ഗോ​ൾ​കീ​പ്പ​ർ ഉ​നാ​യ് സി​മോ​ൺ തു​ട​ങ്ങി റോ​ഡ്രി​യും ഓ​ൾ​മോ​യും ഫാ​ബി​യ​ൻ റൂ​യി​സും പൗ ​കു​ബാ​ർ​സി​യും എ​യ്മെ​റി​ക് ലാ​പോ​ർ​ട്ടെ​യും വ​രെ. ഒ​രു ഫു​ട്ബോ​ൾ മൈ​താ​നം​പോ​ലു​മി​ല്ലാ​ത്ത ഗ്രാ​മ​ത്തി​ൽ​നി​ന്നാ​ണ് കു​ബാ​ർ​സി​യെ​ന്ന യു​വ​താ​ര​ത്തി​ന്‍റെ വ​ര​വ്. ഈ ​ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച സെ​ന്‍റ​ർ ബാ​ക്ക് എ​ന്ന പ​ദ​വി​യി​ലാ​കും ആ ​യാ​ത്ര അ​വ​സാ​നി​ക്കു​ക. എ​ന്താ​യാ​ലും ഫ്രാ​ൻ​സി​ന് ആ​ശ്വ​സി​ക്കാ​ൻ ചെ​റി​യ വ​ക​യു​ണ്ട്. ഫൈ​ന​ലി​ൽ ലാ​പോ​ർ​ട്ടെ ഒ​ഴു​ക്കു​ന്ന വി​യ​ർ​പ്പു​തു​ള്ളി​ക​ൾ​ക്ക് ഫ്ര​ഞ്ച് ഗ​ന്ധ​വു​മു​ണ്ടാ​കും!

ശാ​ന്ത​നാ​യ മൈ​ക്ക​ൽ ഒ​യ​ർ​സ​ബാ​ലി​ന് അ​ഞ്ചു ഗോ​ളു​ക​ളു​ണ്ട്. ലോ​ക​ക​പ്പി​ൽ മ​റ്റൊ​രു സ്പെ​യി​ൻ​കാ​ര​നും ഇ​ത്ര​യു​മി​ല്ല. കു​ക്ക​റെ​യ്യ​യ്ക്ക് ര​ണ്ട് അ​സി​സ്റ്റു​ക​ളും പെ​ഡ്രോ പൊ​റോ​യ്ക്ക് ര​ണ്ട് ഗോ​ളു​ക​ളും. തീ​ർ​ച്ച​യാ​യും സ്പെ​യി​നി​ന്‍റെ തു​ട​ക്കം പ​തു​ക്കെ​യാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ ക​രു​തി​യ​ത് എ​ന്താ​യാ​ലും അ​വ​ർ ഭാ​വ​ന​ചെ​യ്ത​യി​ട​ത്താ​ണ് ഇ​പ്പോ​ഴ​വ​ർ നി​ൽ​ക്കു​ന്ന​ത്. ഫൈ​ന​ൽ പോ​രാ​ട്ടം. എ​തി​രാ​ളി മെ​സി​യു​ടെ അ​ർ​ജ​ന്‍റീ​ന. നി​യ​ന്ത്രി​ത ടി​ക്കി​ടാ​ക്ക​യു​ടെ മു​ന്നേ​റ്റം.

പ​ന്ത് കൂ​ടു​ത​ൽ സ​മ​യം കൈ​വ​ശം വ​ച്ചു​ള്ള ക​ളി​ശൈ​ലി സ്പെ​യി​ന്‍റെ സ്വ​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ല​ളി​ത​മാ​ണ് യു​ക്തി. പ​ന്ത് നി​ങ്ങ​ളു​ടെ കൈ​വ​ശ​മി​ല്ലെ​ങ്കി​ൽ ഉ​ദ്ദേ​ശി​ക്കു​ന്ന രീ​തി​യി​ൽ എ​തി​രാ​ളി​ക​ളെ അ​ക്ര​മി​ക്കാ​ൻ സാ​ധി​ക്കി​ല്ല. പ​രി​ച​യ​സ​മ്പ​ന്ന​രാ​യ റോ​ഡ്രി​യും ഫാ​ബി​യ​ൻ റൂ​യി​സും ചേ​ർ​ന്ന് മി​ഡ്‌​ഫീ​ൽ​ഡ് പോ​രാ​ട്ട​ത്തി​ൽ വ​ള​രെ എ​ളു​പ്പ​ത്തി​ൽ ജ​യം ക​ണ്ടു. പി​ന്തു​ണ​യ്ക്കാ​ൻ ഡാ​നി ഓ​ൾ​മോ​യും. സ്പെ​യി​ന് പ​ന്ത് ന​ഷ്‌​ട​മാ​കു​മ്പോ​ൾ പ്ര​തി​രോ​ധ​ത്തി​ലേ​ക്കി​റ​ങ്ങി ക​ളി ഭം​ഗി​യാ​യി കോ​ർ​ത്തി​ണ​ക്കാ​ൻ ഓ​ൾ​മോ​യ്ക്ക് ക​ഴി​ഞ്ഞു. സ്പെ​യി​ൻ സ​മ്മ​ർ​ദ​ത്തി​ലാ​യ​പ്പോ​ഴൊ​ക്കെ ഫു​ൾ ബാ​ക്കു​ക​ളാ​യ മാ​ർ​ക്ക് കു​ക്ക​റെ​യ്യ​യും പെ​ഡ്രോ പൊ​റോ​യും ര​ക്ഷാ​ക​വ​ച​മാ​കു​ക​യും ചെ​യ്തു.

പ​ന്തി​ൻ​മേ​ലു​ള്ള ശാ​ന്ത​ത​യും ആ​ധി​പ​ത്യ​വു​മാ​യി​രു​ന്നു ഈ ​ലോ​ക​ക​പ്പി​ൽ സ്പെ​യി​നി​ന്‍റെ ശ​ക്തി. അ​വ​രു​ടെ പാ​സിം​ഗ് നെ​റ്റ്‌​വ​ർ​ക്കി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ അ​സാ​ധ്യ​മാ​യി. പ​ന്ത് കൈ​വ​ശ​മു​ള്ള​പ്പോ​ഴും ഇ​ല്ലാ​ത്ത​പ്പോ​ഴും സ്പെ​യി​ന്‍റെ ക​ളി​യി​ൽ ആ ​തു​ല​നാ​വ​സ്ഥ​യു​ണ്ട്. ഇ​ത് വ​ർ​ഷ​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​ലൂ​ടെ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത ശൈ​ലി​യാ​ണ്. എ​ത്ര​ത്തോ​ളം സ​മ്പൂ​ർ​ണ​മാ​യ ടീ​മാ​ണ് സ്പെ​യി​ൻ എ​ന്ന​തി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു ഫ്രാ​ൻ​സി​നെ​തി​രാ​യ സെ​മി.

Tags : Spanish Armada SundayDeepika Football Sports

Recent News

Corehub Up