പ്രതീകാത്മക ചിത്രം
കൊളംബോ: ആഭ്യന്തരയുദ്ധത്തെത്തുടർന്ന് ഇന്ത്യയിലേക്ക് അഭയാർഥികളായിപ്പോയവർക്ക് മടങ്ങിവരാൻ അവസരമൊരുക്കി ശ്രീലങ്ക.
മതിയായ യാത്രാരേഖകളില്ലാതെ ലങ്ക വിട്ട ഇന്ത്യയിലുള്ള അഭയാർഥികൾക്കു സ്വമേധയാ മടങ്ങിവരാൻ കുടിയേറ്റ നിയമങ്ങൾ പരിഷ്കരിച്ചതായി മന്ത്രിസഭാ കുറിപ്പിൽ സർക്കാർ അറിയിച്ചു. ലങ്കൻ അഭയാർഥികൾ നേരിടുന്ന നിയമപരമായ തടസങ്ങൾ നീക്കുകയെന്നതാണു പുതിയ നടപടികൾ ലക്ഷ്യംവയ്ക്കുന്നത്.
കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്ത, 2006 ഓഗസ്റ്റ് ഒന്നിനു മുമ്പ് രാജ്യം വിട്ട ലങ്കൻ പൗരന്മാരെ താത്കാലിക പാസ്പോർട്ട് നൽകി രാജ്യത്തേക്കു പ്രവേശിക്കാൻ അനുവദിക്കും.
അനധികൃതമായി രാജ്യം വിട്ടതിനു കുടിയേറ്റ നിയമപ്രകാരം ഇവർക്കെതിരേ നടപടിയുണ്ടാകില്ലെന്നും മന്ത്രിസഭാ കുറിപ്പിൽ പറയുന്നു. ഇന്ത്യയിൽനിന്നുള്ള ലങ്കൻ അഭയാർഥികളുടെ ദീർഘകാലമായ ബുദ്ധിമുട്ടിനാണ് ഇതോടെ പരിഹാരമാകുന്നത്.
എൽടിടിയും സർക്കാരും തമ്മിലുള്ള സായുധ കലാപത്തെത്തുടർന്നാണു ശ്രീലങ്കൻ അഭയാർഥികൾ വൻതോതിൽ തമിഴ്നാട്ടിലേക്ക് എത്തിത്തുടങ്ങിയത്. യുദ്ധം അവസാനിച്ച ശേഷം ഇവരിൽ ഭൂരിപക്ഷവും നാട്ടിലേക്കു മടങ്ങിയിരുന്നു. എന്നാൽ, ഒട്ടേറെപ്പേർ ഇപ്പോഴും തമിഴ്നാട്ടിൽ അഭയാർഥികളായി തുടരുന്നുണ്ട്.
Tags : AmendsLaw SriLanka Return Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash opportunity refugees CivilWar