International
കൊളംബോ: ആഭ്യന്തരയുദ്ധത്തെത്തുടർന്ന് ഇന്ത്യയിലേക്ക് അഭയാർഥികളായിപ്പോയവർക്ക് മടങ്ങിവരാൻ അവസരമൊരുക്കി ശ്രീലങ്ക.
മതിയായ യാത്രാരേഖകളില്ലാതെ ലങ്ക വിട്ട ഇന്ത്യയിലുള്ള അഭയാർഥികൾക്കു സ്വമേധയാ മടങ്ങിവരാൻ കുടിയേറ്റ നിയമങ്ങൾ പരിഷ്കരിച്ചതായി മന്ത്രിസഭാ കുറിപ്പിൽ സർക്കാർ അറിയിച്ചു. ലങ്കൻ അഭയാർഥികൾ നേരിടുന്ന നിയമപരമായ തടസങ്ങൾ നീക്കുകയെന്നതാണു പുതിയ നടപടികൾ ലക്ഷ്യംവയ്ക്കുന്നത്.
കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാത്ത, 2006 ഓഗസ്റ്റ് ഒന്നിനു മുമ്പ് രാജ്യം വിട്ട ലങ്കൻ പൗരന്മാരെ താത്കാലിക പാസ്പോർട്ട് നൽകി രാജ്യത്തേക്കു പ്രവേശിക്കാൻ അനുവദിക്കും.
അനധികൃതമായി രാജ്യം വിട്ടതിനു കുടിയേറ്റ നിയമപ്രകാരം ഇവർക്കെതിരേ നടപടിയുണ്ടാകില്ലെന്നും മന്ത്രിസഭാ കുറിപ്പിൽ പറയുന്നു. ഇന്ത്യയിൽനിന്നുള്ള ലങ്കൻ അഭയാർഥികളുടെ ദീർഘകാലമായ ബുദ്ധിമുട്ടിനാണ് ഇതോടെ പരിഹാരമാകുന്നത്.
എൽടിടിയും സർക്കാരും തമ്മിലുള്ള സായുധ കലാപത്തെത്തുടർന്നാണു ശ്രീലങ്കൻ അഭയാർഥികൾ വൻതോതിൽ തമിഴ്നാട്ടിലേക്ക് എത്തിത്തുടങ്ങിയത്. യുദ്ധം അവസാനിച്ച ശേഷം ഇവരിൽ ഭൂരിപക്ഷവും നാട്ടിലേക്കു മടങ്ങിയിരുന്നു. എന്നാൽ, ഒട്ടേറെപ്പേർ ഇപ്പോഴും തമിഴ്നാട്ടിൽ അഭയാർഥികളായി തുടരുന്നുണ്ട്.
Business
ന്യൂഡൽഹി: നടപ്പു സാന്പത്തിക വർഷം ആദായനികുതി റിട്ടേണ് സമർപ്പിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. 2025-26 സാന്പത്തിക വർഷത്തേക്ക് ഇതുവരെ 1.7 കോടിയിലധികം ഐടി റിട്ടേണുകൾ സമർപ്പിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു.
ഇതിൽ 10 ലക്ഷത്തിലധികം അപേക്ഷകളും വെള്ളിയാഴ്ച മാത്രം സമർപ്പിക്കപ്പെട്ടതാണെന്ന് ആദായനികുതി വകുപ്പ് ഒൗദ്യോഗിക സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ എക്സിൽ വ്യക്തമാക്കി.
അടുത്ത അസസ്മെന്റ് വർഷത്തേക്കുള്ള ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ നികുതിദായകർ എത്രയും വേഗം റിട്ടേണുകൾ സമർപ്പിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
തൊഴിലിൽ നിന്ന് വരുമാനമുള്ളവർക്കും ചെറുകിട നികുതിദായകർക്കും ഉപയോഗിക്കാവുന്ന ഏറ്റവും ലളിതമായ ഫോമാണ് ഐടിആർ1 അഥവാ ’സഹജ്’.50 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള, ശന്പളം, ഒരു വീട്, 5,000 രൂപ വരെ കാർഷിക വരുമാനം എന്നിവയുള്ള വ്യക്തികൾക്കും സഹജ് ഫോം ഉപയോഗിക്കാം.
അതേസമയം, ബിസിനസിൽ നിന്നോ പ്രൊഫഷനിൽ നിന്നോ ലാഭമില്ലാത്തതും എന്നാൽ മൂധനലാഭം അഥവാ ക്യാപിറ്റൽ ഗെയിൻസ് ഉള്ളതുമായ വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും ഐടിആർ ഫയൽ ചെയ്യാനായി ഐടിആർ-2 ഫോം ഉപയോഗിക്കാം.
NRI
വാഷിംഗ്ടൺ: അമേരിക്കയിൽ നിക്ഷേപം നടത്തി ഗ്രീൻ കാർഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് തിരിച്ചടി. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാർക്കായി അനുവദിച്ചിട്ടുള്ള ‘ഇബി-5’ (EB-5) വിസകളുടെ വാർഷിക പരിധി (Annual Cap) പൂർത്തിയായതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് (DOS) അറിയിച്ചു.
ഇതേതുടർന്ന് ഈ സാമ്പത്തിക വർഷത്തിൽ ഇനിയുള്ള മാസങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ഇബി-5 അൺറിസർവ്ഡ് വീസകൾ യുഎസ് അനുവദിക്കില്ല. ഈ വിഭാഗത്തിൽ പുതിയതായി വിസയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കം വരെ കാത്തിരിക്കേണ്ടി വരും.
എന്താണ് ഇബി-5 വിസ?
യുഎസിൽ കുറഞ്ഞത് 10 പൂർണസമയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ ബിസിനസുകളിൽ ഒരു ദശലക്ഷം (10 ലക്ഷം) ഡോളർ നിക്ഷേപിക്കുന്ന വിദേശ പൗരന്മാർക്ക് ഗ്രീൻ കാർഡ് നൽകുന്ന പദ്ധതിയാണിത് (EB-5 Immigrant Investor Program).
യുഎസ് നിയമപ്രകാരം ഒരു വിദേശ രാജ്യത്തുനിന്നുള്ളവർക്ക് ആകെ തൊഴിൽ അധിഷ്ഠിത, കുടുംബ അധിഷ്ഠിത വീസകളുടെ പരമാവധി 7 ശതമാനം മാത്രമേ അനുവദിക്കാൻ പാടുള്ളൂ. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം ഈ പരിധി ഇതിനകം തന്നെ മറികടന്നതിനാലാണ് വീസ വിതരണം താൽക്കാലികമായി നിർത്തിവച്ചത്.
പ്രതിമാസം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിടാറുള്ള വിവിധ തൊഴിൽ അധിഷ്ഠിത വിസകളുടെ പട്ടികയിലാണ് ഇന്ത്യയുടെ ഇബി-5 പരിധി കഴിഞ്ഞ വിവരം വ്യക്തമാക്കിയത്.
പുതിയ അപേക്ഷകർ ഇനി 2026 ഒക്ടോബർ 1 വരെ കാത്തിരിക്കേണ്ടി വരും. യുഎസിന്റെ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഒക്ടോബർ ഒന്നിനായിരിക്കും ഇബി-5 വീസ ലഭ്യമാകുന്നതിനെക്കുറിച്ചുള്ള അടുത്ത അപ്ഡേറ്റ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിടുക.യുഎസ് ഇമിഗ്രേഷൻ നയങ്ങളിൽ നിരന്തരം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അപേക്ഷകർ കൃത്യമായ നിയമോപദേശം തേടി മാത്രമേ മുന്നോട്ട് പോകാൻ പാടുള്ളൂ എന്ന് ഇമിഗ്രേഷൻ വിദഗ്ധർ വ്യക്തമാക്കുന്നു.
Business
മുംബൈ: യുഎസ്-ഇറാൻ സമാധാന കരാറിനുള്ള വർധിച്ചുവരുന്ന പ്രതീക്ഷകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ കുതിപ്പ് നടത്തി. ഒരു ശതമാനത്തിലേറെയാണ് സെൻസെക്സ്, നിഫ്റ്റി സൂചികകൾ മുന്നേറിയത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷകൾക്കൊപ്പം എണ്ണ വിലയിൽ കുറവും മറ്റ് ഘടകങ്ങളും വിപണിയിലെ വികാരത്തിന് കരുത്തു പകർന്നു.
സെൻസെക്സ് 1074 പോയിന്റ് ഉയർന്ന് 76,489ലും നിഫ്റ്റി 312 പോയിന്റ് നേട്ടത്തിൽ 24,032ലും വ്യാപാരം പൂർത്തിയാക്കി. മേയ് എട്ടിനുശേഷമുള്ള ഉയർന്ന ക്ലോസിംഗ് നിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലത്തെ നേട്ടം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ ആകെ വിപണിമൂല്യത്തിലേക്ക് ആറു ലക്ഷം കോടി രൂപയാണ് കൂട്ടിച്ചേർത്തത്. ഇതോടെ വിപണി മൂല്യം 469 ലക്ഷം കോടി രൂപയിലെത്തി.
ഓഹരിവിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് ഏഴു ശതമാനത്തിനടുത്ത് താഴ്ന്ന് 16.70 നിലയിലെത്തി. വിശാല വിപണിയിലും ഇന്നലെ മുന്നേറ്റത്തിലായിരുന്നു. നിഫ്റ്റി മിഡ്കാപ് 100 സൂചിക 0.94 ശതമാനവും സ്മോൾകാപ് 100 സൂചിക 1.37 ശതമാനവും മുന്നേറി.
എൻഎസ്ഇ മേഖലാ സൂചികകളിൽ എഫ്എംസിജി ഒഴികെ എല്ലാ മേഖലയും പച്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് രണ്ടു ശതമാനത്തിലധികവും നിഫ്റ്റി പൊതുമേഖല ബാങ്ക് മൂന്നു ശതമാനത്തിനടുത്തും ഉയർന്ന് മുന്നേറ്റത്തിനു നേതൃത്വം നല്കി. എൻഎസ്ഇയിൽ 2271 ഓഹരികൾ ഉയർന്നപ്പോൾ 1046 എണ്ണം താഴ്ന്നു. 102 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിലെ മുന്നേറ്റത്തിനു കാരണങ്ങൾ
►യുഎസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകൾ
യുഎസും ഇറാനും സമാധാനകരാറിലേക്ക് എത്തുമെന്ന അടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. സമാധാനക്കരാറിന്റെ ധാരണാപത്രത്തിൽ യുഎസും ഇറാനും വലിയ തോതിൽ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, ഒരു കരാറിലേക്കും തിടുക്കം കൂട്ടരുതെന്ന് തന്റെ പ്രതിനിധികളോട് നിർദേശിച്ചതായി അദ്ദേഹം പിന്നീട് പറഞ്ഞു.
►ക്രൂഡ് ഓയിൽ വില നൂറു ഡോളറിൽ താഴെ
യുഎസ്-ഇറാൻ സമാധാന കരാർ ഉടൻതന്നെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഉയർന്നതോടെ ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ആറു ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 98 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചേഴ്സ് ആറു ശതമാനത്തോളം താഴ്ന്ന് ബാരലിന് 91 ഡോളറിലെത്തി.
►ആഗോള വിപണിയിൽ ഉയർച്ച
പശ്ചിമേഷ്യ സമാധാനത്തിലേക്കെന്ന പ്രതീതി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണികളിലും ഉയർച്ച പ്രകടമായി. ഏഷ്യൻ വിപണികൾ ഒന്നടങ്കം മുന്നേറ്റം നടത്തി. ജപ്പാന്റെ നിക്കീ റിക്കാർഡ് പ്രകടനമാണ് നടത്തിയത്. രണ്ടു ശതമാനത്തിനു മുകളിലയർന്ന നിക്കീ സൂചിക ആദ്യമായി 65,000 പോയിന്റിനു മുകളിലെത്തി. ഷാങ്ഹായി കോംപോസിറ്റ് ഒരു ശതമാനത്തിനടുത്തും തായ്വാൻ വെയ്റ്റഡ് മൂന്നു ശതമാനത്തിനു മുകളിലുമാണ് മുന്നേറ്റം നടത്തിയത്. യൂറോപ്യൻ, യുഎസ് വിപണികൾ ഉയർന്നാണ് വ്യാപാരം നടത്തുന്നത്.
Kerala
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റെടുക്കുന്നതിനു പിന്നാലെ നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനോട് അവധിയിൽ പോകാൻ നിർദേശിച്ചേക്കും.
വരുന്ന ജൂണ് 30 വരെ മാത്രമാണ് ചീഫ് സെക്രട്ടറിക്കു കാലാവധിയുള്ളത്. എൽഡിഎഫ് സർക്കാരിന് അനുകൂലമായ പല വിവാദ തീരുമാനങ്ങളും കൈക്കൊണ്ടതിനു പിന്നിൽ ജയതിലകിന്റെ കരങ്ങളുണ്ടെന്നാണ് ചില മുതിർന്ന ഉദ്യോഗസ്ഥർ യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുള്ളത്.
ഇപ്പോൾ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി സംസ്ഥാനത്തു മടങ്ങിയെത്താൻ തയാറായാൽ അദ്ദേഹത്തെ ചീഫ് സെക്രട്ടറിയാക്കുന്നതു പരിഗണിക്കും. നേരത്തേ സംസ്ഥാനത്തിന്റെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു മനോജ് ജോഷി. 2027 ജനുവരി വരെ മനോജ് ജോഷിക്ക് സർവീസുണ്ട്.
1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം നിലവിലെ കേരള കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥനാണ്. മനോജ് ജോഷി എത്തിയില്ലെങ്കിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കും ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് സാധ്യതയുണ്ട്.
Business
ന്യൂഡൽഹി: ചൈനീസ് സ്പോർട്സ് വെയർ നിർമാതാക്കളായ ആന്റ സ്പോർട്സ് പ്രോഡക്ട്സ് ലിമിറ്റഡ് ഇന്ത്യൻ വിപണിയിലേക്ക് വീണ്ടും എത്തുന്നു.
അടുത്ത മാസം ഗുരുഗ്രാമിൽ പുതിയ സ്റ്റോർ റൂം തുറന്നുകൊണ്ട് ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് നടത്തും. ഫുജിയാൻ ആസ്ഥാമായ ആന്റാ 2020ൽ ഇന്ത്യയിൽ കന്പനി സ്റ്റോർ തുറന്നിരുന്നു. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ സംഘർഷം നടന്നതിനെത്തുർന്ന് ബന്ധം വഷളായതോടെ ഇത് അടച്ചുപൂട്ടുകയായിരുന്നു.
ആന്റാ സ്പോർട്സിന്റെ രണ്ടാംവരവ് ബ്രാൻഡ്മാൻ റീട്ടെയ്ൽ ലിമിറ്റഡിന്റെ പങ്കാളി എന്ന നിലയിലാണ്. 2027 മാർച്ചോടെ രാജ്യത്ത് പത്ത് സ്റ്റോറുകൾ തുറക്കാനും തങ്ങൾക്ക് പദ്ധതിയുണ്ടെന്ന് ബ്രാൻഡ്മാൻ റീട്ടെയ്ൽ ഡയറക്ടർ കാഷിക മൽഹോത്ര വ്യക്തമാക്കി.
ചൈനയിൽനിന്ന് നിർമിച്ച ആന്റായുടെ ഉത്പന്നങ്ങൾ ബ്രാൻഡ്മാൻ ഇറക്കുമതി ചെയ്യുമെന്നും അവ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയും സ്വന്തം സ്റ്റോറുകളിലൂടെയും ഇന്ത്യയിൽ വിൽക്കും.
വസ്ത്രങ്ങൾക്കു ശരാശരി 8,000 രൂപ വിലവരും. ഇത് ഉത്പന്നത്തെ പ്രീമിയം വിഭാഗത്തിലെത്തിക്കുന്നു. പാദരക്ഷകൾക്ക് 9000 മുതൽ 10000 രൂപവരെ ശരാശരി വിലയെന്നും മൽഹോത്ര പറഞ്ഞു.
ഇന്ത്യൻ വിപണിയിലെ വലിയ സാധ്യതകൾ തിരിച്ചറിഞ്ഞാണ് കന്പനി അഞ്ചുവർഷത്തിനുശേഷം തിരികെ എത്തുന്നത്.
ആന്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടെന്നീസ് വസ്ത്ര ബ്രാൻഡായ വിൽസണു വേണ്ടി ഈ വർഷം നാലു സറ്റോറുകൾ തുറക്കാനും ബ്രാൻഡ്മാന് പദ്ധതിയുണ്ടെന്ന് മൽഹോത്ര പറഞ്ഞു.
ജനുവരിയിൽ ജർമൻ സ്പോർട്സ്വെയർ ബ്രാൻഡായ പ്യൂമയുടെ 29 ശതമാനം ഓഹരികൾ ആന്റ സ്പോർട്സ് വാങ്ങിയിരുന്നു.
ഏകദേശം 1.8 ബില്യണ് ഡോളറിന്റേതായിരുന്നു ഇടപാട്. പ്യൂമയുടെ ഏറ്റവും വലിയ ഓഹരി ഉടമകൾ ഇപ്പോൾ ആന്റാ സ്പോർട്സ് ആണ്. ആഗോള വിപണിയിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ ഈ നീക്കത്തോടെ കന്പനിക്ക് സാധിച്ചു.
National
ന്യൂഡൽഹി: ഇറാൻ യുദ്ധത്തെത്തുടർന്ന് സംഘർഷഭരിതമായ പശ്ചിമേഷ്യയിൽനിന്ന് ഇതുവരെ 2.6 ലക്ഷം ഇന്ത്യക്കാർ മടങ്ങിയെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. ഫെബ്രുവരി 28-ന് ശേഷം മടങ്ങിയെത്തിയവരുടെ കണക്കാണ് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്.
യുഎഇയിലെ വിവിധ വിമാനത്താവളങ്ങളിൽനിന്ന് ഇന്ത്യയിലെ വിവിധസ്ഥലങ്ങളിലേക്ക് ഇന്നലെ 70-ഓളം വിമാനങ്ങൾ സർവീസ് നടത്തിയെന്നു വിദേശകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി (ഗൾഫ്) അസീം ആർ. മഹാജൻ പറഞ്ഞു.
പശ്ചിമേഷ്യയിലെ സംഘർഷം നിലവിൽ ഇന്ത്യ സൂക്ഷ്മമായി നീരിക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ ടെലിഫോണിലൂടെ ആശയവിനിമയം നടത്തി. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതിഗതികൾ ഇരുനേതാക്കളും ചർച്ചചെയ്തു. സാധാരണക്കാർക്കുനേരെയുള്ള ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28-ന് ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുരണ്ടാം തവണയാണ് യുഎഇ പ്രസിഡന്റുമായി മോദി ആശയവിനിമയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിലെ വിദ്യാർഥികൾ ഉൾപ്പെടുന്ന ഇന്ത്യൻ പൗരൻമാർക്ക് ഇന്ത്യൻ എംബസി ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു.
അർമേനിയയിലേക്കും അസർബൈജാനിലേക്കും പോകുന്നതിന് ഇറാൻ അതിർത്തികടക്കാൻ കൂടുതൽ ഇന്ത്യക്കാർ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
District News
തിരുവല്ല: അഡ്വ. വർഗീസ് മാമ്മനെ തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) പ്രഖ്യാപിച്ചു. യുഡിഎഫ് ജില്ലാ ചെയര്മാന് കൂടിയായ വർഗീസിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ.
കഴിഞ്ഞ പാര്ലമെന്റ് തെരഞ്ഞെടുപ്പില് ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് ചെയര്മാനായി പ്രവർത്തിച്ച വർഗീസിന്റെ നിയമസഭയിലേക്കുള്ള കന്നിയങ്കമാണിത്.
മാര്ത്തോമ്മാ സഭയുടെ അല്മായ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ച വര്ഗീസ് മാമ്മന് തിരുവല്ലയിലെ പൊതുരംഗത്ത് ശ്രദ്ധേയനാണ്.ദക്ഷിണ കൊറിയയില് നടന്ന ക്രൈസ്തവ സഭകളുടെ അഖില ലോക കൗണ്സിലിലും തായ്ലൻഡിൽ നടന്ന അന്താരാഷ്ട്ര സര്വമത സമ്മേളനത്തിലും പ്രതിനിധിയായിരുന്നു.
Kerala
കോഴിക്കോട്: എൽപിജി സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ ജില്ലയിൽ ഹോട്ടലുകളില്നിന്നും തട്ടുകടകളില്നിന്നും ഇതരസംസ്ഥാന തൊഴിലാളികള് നാട്ടിലേക്ക് മടങ്ങുന്നു.
ചപ്പാത്തി കമ്പനികള് ഉള്പ്പെടെ പലയിടത്തും പൂട്ടി. മലയാളികളുടെ ഇഷ്ടവിഭവങ്ങളില് ഒന്നായ ‘പൊറാട്ട’യ്ക്കും പൂട്ടുവീണുകൊണ്ടിരിക്കുകയാണ്.
പൊതുവേ ഇതരസംസ്ഥാന തൊഴിലാളികള് നാട്ടിലേക്ക് മടങ്ങിയാല് തിരിച്ചെത്താന് ബുദ്ധിമുട്ടാണ്. തിരിച്ചെത്തുന്നവരാകട്ടെ പഴയ ഹോട്ടലുകളിലേക്ക് തന്നെ തിരിച്ചെത്തിക്കൊള്ളണമെന്നില്ലെന്ന് ഹോട്ടല് ഉടമകള് പറയുന്നു.
ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന വേള കൂടിയാണിത്. സിലിണ്ടർ ക്ഷാമം പരിഹരിക്കപ്പെടുംവരെ കട അടയ്ക്കേണ്ട സ്ഥിതിയുണ്ടായാൽ, തൊഴിലാളികൾക്ക് ശമ്പളവും ഭക്ഷണവും നൽകി നിലനിർത്താൻ ഉടമകൾക്കും പ്രയാസമാകും.
ഹോട്ടലുടമകൾ സഹകരിച്ച് ഒരു സ്ഥലത്ത് ഭക്ഷണം പാകം ചെയ്ത് സമീപത്തെ ഹോട്ടലുകളിലേക്കു വിതരണത്തിനായി എത്തിക്കുന്നത് ഉൾപ്പെടെയുള്ള ബദൽ നിർദേശങ്ങള് ഇതിനകം ഉയര്ന്നുവന്നിട്ടുണ്ട്.
മുന്പ് കോവിഡ് കാലത്ത് അനുഭവിച്ചതിന് സമാനമായ പ്രതിസന്ധിയാണ് ഇപ്പോള് നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ കാലഘട്ടത്തില് പൂട്ടിപ്പോയ ഹോട്ടലുകള് മിക്കതും ഏറെക്കാലം കഴിഞ്ഞാണ് പ്രവര്ത്തിച്ചു തുടങ്ങിയത്. മോശമല്ലാത്ത നിലയിൽ കച്ചവടമുള്ള ഹോട്ടലുകളിൽ ദിവസേന അഞ്ചില് കുറയാതെ സിലിണ്ടറുകളാണ് വേണ്ടതെന്ന് ഉടമകൾ പറയുന്നു.
മുൻപ് സിലിണ്ടർ യഥേഷ്ടം ലഭിച്ചിരുന്നതിനാൽ സ്റ്റോക്ക് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യം ഹോട്ടൽ ഉടമകൾക്ക് തികച്ചും അപ്രതീക്ഷിതമായ തിരിച്ചടിയായി. അതേസമയം ഹോട്ടലുകള്ക്ക് പുറമേ ഭക്ഷണ വിതരണക്കാരായ ഗിഗ് തൊഴിലാളികളിലേക്കും പ്രതിസന്ധി നീങ്ങി.
ദിവസം 30 ഓർഡറുകൾ ലഭിക്കുന്നവർക്ക് ഇപ്പോൾ അഞ്ച് മുതൽ പത്തുവരെ ഓർഡറുകളേ ലഭിക്കുന്നുള്ളൂ. സൊമാറ്റോ, സ്വിഗ്ഗി എന്നീ ഭക്ഷണവിതരണ പ്ലാറ്റ്ഫോമുകളിലെ ഓർഡറുകൾ കുത്തനെ കുറഞ്ഞു.
Sports
മുംബൈ/ന്യൂഡല്ഹി: ഇറാന് യുദ്ധത്തെ തുടര്ന്ന് ഇന്ത്യയില് കുടുങ്ങിയ, ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ടീമുകളായ വെസ്റ്റ് ഇന്ഡീസിനും സിംബാബ്വെയ്ക്കും സ്വദേശങ്ങളിലേക്കു മടങ്ങാനുള്ള വഴി തെളിയുന്നു.
സൂപ്പര് എട്ടില് പുറത്തായശേഷം സിംബാബ്വെ, വെസ്റ്റ് ഇന്ഡീസ് ടീമുകള്ക്കു നാട്ടിലേക്കു മടങ്ങാന് സാധിച്ചിരുന്നില്ല. ഇറാനില് അമേരിക്ക-ഇസ്രയേല് സംയുക്ത ആക്രമണം നടക്കുന്ന പശ്ചാത്തലത്തില് ഗള്ഫ് വഴിയുള്ള വിമാന സര്വീസുകള് റദ്ദാക്കിയതോടെയാണിത്.
ഇന്ത്യക്കെതിരേ മാര്ച്ച് ഒന്നിന് കോല്ക്കത്ത ഈഡന് ഗാര്ഡന്സിലായിരുന്നു വെസ്റ്റ് ഇന്ഡീസിന്റെ അവസാന സൂപ്പര് എട്ട് മത്സരം. അന്നുതന്നെയായിരുന്നു സിംബാബ്വെയുടെയും അവസാന സൂപ്പര് എട്ട് പോരാട്ടം. മിഡില് ഈസ്റ്റിലെ യുദ്ധത്തെ തുടര്ന്ന് ഇരുടീമിനും നാട്ടിലേക്കു മടങ്ങാന് സാധിച്ചില്ല.
വെസ്റ്റ് ഇന്ഡീസ് ടീം പ്രത്യേക വിമാനത്തില് സ്വദേശത്തേക്കു തിരിക്കുമെന്നാണ് ഐസിസി (ഇന്റര്നാഷണല് ക്രിക്കറ്റ് കൗണ്സില്) ഇന്നലെ അറിയിച്ചത്. ആന്റിഗ്വയിലേക്കു നേരിട്ടു വിമാനസര്വീസ് നടത്താനാണ് പദ്ധതി. 15 മണിക്കൂര് നീളുന്ന യാത്രയായതിനാല് പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്.
സിംബാബ്വെ ടീം അംഗങ്ങള് ഇന്നലെ മുതല് സ്വദേശത്തേക്കുള്ള യാത്ര ആരംഭിച്ചു. ആദ്യ സംഘം ബുധനാഴ്ച ഹരാരെയിലേക്കു പുറപ്പെട്ടതായി ഐസിസി വൃത്തങ്ങള് വ്യക്തമാക്കി. എത്യോപ്യയിലെ ആഡിസ് അബാബ വഴി ഹരാരെയിലേക്കാണ് സിംബാബ്വെ ടീമിന്റെ യാത്ര.
Kerala
മലപ്പുറം: ലക്ഷദ്വീപിൽ വിനോദസഞ്ചാരത്തിന് പോയി തിരികെ വരാൻ യാത്രാ സൗകര്യങ്ങൾ ലഭ്യമാകാതെ ഒരാഴ്ചയോളം അവിടെ കുടുങ്ങിയ എറണാകുളം സ്വദേശികളായ വിനോദസഞ്ചാരികളെ തിരികെ നാട്ടിലെത്തിക്കാൻ പി.പി. സുനീർ എംപിയുടെ ഇടപെടൽ ഫലം കണ്ടു.
ഇവർക്കായി അടിയന്തര യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് ദ്വീപ് ഭരണകൂടത്തിലെ പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ ഡയറക്ടർക്കു സുനീർ എംപി കത്തയച്ചതോടെ നാലു സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്കും തിരികെ നാട്ടിലേക്ക് യാത്രയ്ക്കുള്ള ഏർപ്പാടായതായി എംപിയുടെ ഓഫീസ് അറിയിച്ചു.
എറണാകുളം തൃപ്പുണിത്തറ, പട്ടിമറ്റം, ഇടപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളും വയോധികരും ഉൾപ്പടെയുളള വിനോദയാത്രാ സംഘമാണ് ഒരാഴ്ചയോളം തിരിച്ചുവരാൻ യാത്രാസംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടിയത്. നിശ്ചയിച്ച ദിവസം തിരികെ വരാൻ കഴിയാത്തതിനാൽ പലരുടെയും മരുന്നുകൾ ഉൾപ്പെടെ തീർന്ന് ആരോഗ്യത്തെ ബാധിക്കുന്ന സാഹചര്യം നേരിട്ടിരുന്നു.
ലക്ഷദ്വീപിലേക്കു വിമാന മാർഗം പോയ ഇവരെ തിരികെ കൊണ്ടുവരാമെന്ന് ഏറ്റ കപ്പൽ ഏജൻസിക്കാർ യാത്ര റദ്ദാക്കിയതോടെയാണ് ബദൽ യാത്രാമാർഗങ്ങളില്ലാതെ ഇവർ ലക്ഷദ്വീപിൽ കുടുങ്ങിയത്. ഇതോടെ യാത്രാസംഘം നാട്ടിലെ ഇടതുപക്ഷ പൊതുപ്രവർത്തകർ മുഖേന പി.പി. സുനീർ എംപിയെ സമീപിക്കുകയായിരുന്നു.
Kerala
പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.
എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.
പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.
Kerala
കാസര്ഗോഡ്: രാഷ്ട്രീയപാര്ട്ടികളുടെ ജാഥയ്ക്കു തുടക്കംകുറിക്കുന്ന കാസര്ഗോഡ് ജില്ലയില് എല്ഡിഎഫ്- 3, യുഡിഎഫ്- 2 എന്നതാണ് കുറെ കാലങ്ങളായി നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സ്കോര് നില. എല്ഡിഎഫിനെ സംബന്ധിച്ചിടത്തോളം തത്സ്ഥിതി തുടരുന്നതുതന്നെ നേട്ടമാണ്. പരമ്പരാഗത ശക്തികേന്ദ്രങ്ങളുടെ കരുത്തില് ഇത്തവണയും വിജയഗാഥ ആവര്ത്തിക്കുമെന്ന കാര്യത്തില് ഇടതുപക്ഷത്തിന് യാതൊരു സന്ദേഹവുമില്ല. മറുവശത്ത് 1987നു ശേഷം ജില്ലയില്നിന്ന് ഒരു എംഎല്എയെപ്പോലും നിയമസഭയിലെത്തിക്കാന് കഴിയാത്തതിന്റെ നാണക്കേടിലാണ് കോണ്ഗ്രസ്.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായി കളത്തിലിറങ്ങുമ്പോള് ലീഡ് നേടി ചരിത്രം തിരുത്തിക്കുറിക്കുമെന്നാണു യുഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. മഞ്ചേശ്വരത്ത് അക്കൗണ്ട് തുറക്കാനായി ബിജെപിയും അരയും തലയും മുറുക്കി രംഗത്തുണ്ട്. മൂന്നു മുന്നണികളും അടവുകളും ചുവടുകളും മിനുക്കി കളത്തിലിറങ്ങുമ്പോള് തുളുനാടന് കളരിയില് പോരാട്ടം തീപാറുമെന്നുറപ്പ്.
പാര്ട്ടി കോട്ടകളുടെ കരുത്തില് എല്ഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും തിരിച്ചടിയേറ്റെങ്കിലും സിറ്റിംഗ് സീറ്റുകളായ തൃക്കരിപ്പുര്, കാഞ്ഞങ്ങാട്, ഉദുമ എന്നിവിടങ്ങളില് കഴിഞ്ഞതവണത്തേതുപോലെ മികച്ച വിജയം ആവര്ത്തിക്കാന് സാധിക്കുമെന്നാണ് എല്ഡിഎഫിന്റെ പ്രതീക്ഷ. ഈ മണ്ഡലങ്ങളിലെ ഉറച്ച കമ്യൂണിസ്റ്റ് കോട്ടകളിലെ ഉയര്ന്ന പോളിംഗാണ് അവര്ക്കു തുണയാകുന്നത്. എണ്ണയിട്ട യന്ത്രം പോലെ പ്രവര്ത്തിക്കുന്ന പാര്ട്ടി സംവിധാനവും അവര്ക്കുണ്ട്. എന്നാല്, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില് പാര്ട്ടിഗ്രാമങ്ങളിലെ വോട്ട് വലിയതോതില് ബിജെപിയിലേക്ക് ഒഴുകിയത് സിപിഎമ്മിനെ വലിയ തോതില് ആശങ്കപ്പെടുത്തുന്നുണ്ട്.
പാര്ട്ടിയോടുള്ള എതിര്പ്പുകൊണ്ടല്ല, മറിച്ച് സ്ഥാനാര്ഥിയോടുള്ള എതിര്പ്പുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നാണു സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. കൂടാതെ, തദ്ദേശതെരഞ്ഞെടുപ്പില് പല പഞ്ചായത്തുകളിലെയും ഭരണം നഷ്ടപ്പെടാന് കാരണം പ്രാദേശികമായ കാരണങ്ങളാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിനെ ഇതു ബാധിക്കില്ലെന്നുമാണ് അവരുടെ അവകാശവാദം.
വന്പ്രതീക്ഷയോടെ യുഡിഎഫ്
ലോക്സഭാ തെരഞ്ഞെടുപ്പിലെ വമ്പന് വിജയവും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചുവരവും യുഡിഎഫിന്റെ പ്രതീക്ഷകളെ വാനോളമുയര്ത്തുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനു ലീഡ് നേടാന് സാധിച്ചിരുന്നു. ഇതില്ത്തന്നെ ഉദുമ ഏറെ നാളുകളായി യുഡിഎഫിനെ മോഹിപ്പിക്കുന്നുണ്ട്. 2013ലെ ലോക്സഭാ തെരഞ്ഞെടുപ്പില് ടി. സിദ്ദിഖ് ഉദുമ മണ്ഡലത്തില് ചെറിയ വോട്ടിന്റെ ലീഡ് നേടിയിരുന്നു. രാജ്മോഹന് ഉണ്ണിത്താൻ എത്തിയപ്പോള് സീന് മാറി. ലീഡ് 2019ല് 8,937ഉം 2024ല് 11,959ഉം ആയി കുതിച്ചുകയറി. കഠിനാധ്വാനം നടത്തിയാല് ചെങ്കോട്ടകള് എന്നറിയപ്പെടുന്ന കാഞ്ഞങ്ങാടും തൃക്കരിപ്പുരും വിജയം അസാധ്യമല്ലെന്ന് ഉണ്ണിത്താന്റെ പ്രകടനം കോണ്ഗ്രസ് നേതൃത്വത്തിനു കാട്ടിക്കൊടുത്തു.
എന്നാല്, മുന് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പ്രകടനം കോണ്ഗ്രസിന് സന്തോഷം പകരുന്നതല്ല എന്നതും യാഥാര്ഥ്യമാണ്. 2016ല് സാക്ഷാല് കെ. സുധാകരന് രംഗത്തിറങ്ങിയിട്ടും തോല്വിയായിരുന്നു ഫലം.
2021ലെ തെരഞ്ഞെടുപ്പില് ഒന്നു പൊരുതിനോക്കുക പോലും ചെയ്യാതെ കോണ്ഗ്രസ് സ്ഥാനാര്ഥികള് തോല്വിയടഞ്ഞു. അതേസമയം, മുസ്ലിംലീഗിന്റെ സിറ്റിംഗ് സീറ്റുകളായ കാസര്ഗോഡും മഞ്ചേശ്വരവും ഇത്തവണയും സുരക്ഷിതമാണെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തൽ.
അക്കൗണ്ട് തുറക്കാന് ബിജെപി
ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ മഞ്ചേശ്വരത്ത് ഇത്തവണയും അവര് വിജയം സ്വപ്നംകാണുന്നു. 2016ല് 89 വോട്ടിനു പരാജയമേറ്റുവാങ്ങേണ്ടിവന്നതിന്റെ വേദന ഇതുവരെയും മാറിയിട്ടില്ല. കാസര്ഗോഡ് മണ്ഡലത്തില് യുഡിഎഫിനു കടുത്ത എതിരാളിയാകാനും മറ്റു മണ്ഡലങ്ങളില് ഇരു മുന്നണികള്ക്കും കടുത്ത വെല്ലുവിളി ഉയര്ത്താനുമാണ് അവരുടെ ശ്രമം.
ലോക്സഭാ തെരഞ്ഞെടുപ്പില് മികച്ച പ്രകടനം നടത്താനായത് അവര്ക്ക് ആത്മവിശ്വാസമേകുന്നുണ്ട്. കന്നഡ ഭാഷാന്യൂനപക്ഷവിഭാഗങ്ങളുടെ പിന്തുണയാണ് അവരുടെ ഏറ്റവും വലിയ കരുത്ത്. കേന്ദ്രഭരണത്തിന്റെ ആനുകൂല്യമുള്ളതിനാല് തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കാര്യത്തിലും ക്ഷാമമില്ല. ലോക്സഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫിനെയും യുഡിഎഫിനെയും വെല്ലുന്ന രീതിയിലായിരുന്നു അവരുടെ പ്രചാരണപരിപാടികള്. എന്നാല് പാര്ട്ടിക്കുള്ളിലെ ഗ്രൂപ്പുവഴക്കുകളും പടലപ്പിണക്കങ്ങളും അവര്ക്ക് തലവേദനയാകുന്നുണ്ട്.
സ്ഥാനാര്ഥി പട്ടികയില് ആരൊക്കെ?
മഞ്ചേശ്വരത്ത് ബിജെപിയുടെ കെ. സുരേന്ദ്രന് സിറ്റിംഗ് എംഎല്എ എ.കെ.എം. അഷ്റഫിനെ നേരിടും. സുരേന്ദ്രന് നാലാം തവണയാണു മഞ്ചേശ്വരത്ത് ജനവിധി തേടുന്നത്. കര്ണാടക ഷിരൂരില് മണ്ണിടിച്ചിലില്പ്പെട്ട ലോറിഡ്രൈവര് അര്ജുന്റെ തെരച്ചിലിനും കുമ്പളയിലെ അനധികൃത ടോള്വിരുദ്ധ സമരത്തിനും മുന്നിൽനിന്ന് നേതൃത്വം നല്കിയ അഷ്റഫ്, സുരേന്ദ്രനെ സംബന്ധിച്ചിടത്തോളം മുൻവർഷത്തേക്കാൾ കരുത്തനായ എതിരാളിയായിരിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.
കാസര്ഗോട്ട് എന്.എ. നെല്ലിക്കുന്ന് മൂന്നു ടേം പൂര്ത്തിയാക്കിയ സാഹചര്യത്തില് കെ.എം. ഷാജിയുടെ പേരാണ് ഉയര്ന്നുകേള്ക്കുന്നത്. സംസ്ഥാനത്തെ മുസ്ലിം ലീഗിന്റെ ഏറ്റവും ഉറച്ച സീറ്റുകളില് ഒന്നായ കാസര്ഗോട്ട് പുറത്തുനിന്നൊരാള് മത്സരിക്കുന്നതില് ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന് ഹാജി അടക്കമുള്ള ഒരു വിഭാഗത്തിന് എതിര്പ്പുണ്ട്. പ്രധാന എതിരാളികളായ ബിജെപിക്കുവേണ്ടി ജില്ലാ പ്രസിഡന്റ് എം.എല്. അശ്വിനി തന്നെ കളത്തിലിറങ്ങിയേക്കും. എല്ഡിഎഫിനുവേണ്ടി സ്വതന്ത്ര സ്ഥാനാര്ഥിയായി മുന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര് മത്സരിക്കുമെന്നാണു സൂചന.
ഉദുമയില് സിറ്റിംഗ് എംഎല്എ സി.എച്ച്. കുഞ്ഞമ്പു ഒരിക്കല്ക്കൂടി ജനവിധി തേടും. യുഡിഎഫില് ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറിന്റെ പേരിനാണു മുന്തൂക്കം. മുന് ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലും പരിഗണനയിലുണ്ട്. കാഞ്ഞങ്ങാട്ട് മൂന്നു ടേം പൂര്ത്തിയാക്കിയ ഇ. ചന്ദ്രശേഖരന് മത്സരരംഗത്തു നിന്നൊഴിയുമ്പോള് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗോവിന്ദന് പള്ളിക്കാപ്പില് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. രാജു കട്ടക്കയം ഉള്പ്പെടെ പലരുടെയും പേരുകള് ഉയര്ന്നുകേള്ക്കുന്നുണ്ടെങ്കിലും യുഡിഎഫ് സ്ഥാനാര്ഥിയുടെ കാര്യത്തില് വ്യക്തത വന്നിട്ടില്ല.
തൃക്കരിപ്പുരില് രണ്ടു ടേം പൂര്ത്തിയാക്കിയ സിപിഎമ്മിന്റെ എം. രാജഗോപാലന് കളമൊഴിയുമ്പോള് വി.പി.പി. മുസ്തഫയ്ക്കാണു സാധ്യത തെളിയുന്നത്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഇവിടെ കോണ്ഗ്രസ് ആണോ കേരള കോണ്ഗ്രസ് ആണോ മത്സരിക്കുകയെന്ന കാര്യത്തില് അന്തിമ തീരുമാനമായിട്ടില്ല. മത്സരിച്ച സീറ്റുകളൊന്നും വിട്ടുകൊടുക്കില്ലെന്ന കേരള കോണ്ഗ്രസിന്റെ നിലപാട് അംഗീകരിക്കപ്പെട്ടാല് എം.പി. ജോസഫ് രണ്ടാംതവണയും ജനവിധി തേടാനാണു സാധ്യത. സീറ്റ് കോണ്ഗ്രസ് ഏറ്റെടുത്താല് യൂത്ത് കോണ്ഗ്രസ് നേതാവ് ജോമോന് ജോസിനായിരിക്കും നറുക്ക് വീഴുക.
സ്വര്ണപ്പാളി മുതല് എസ്ഐആര് വരെ
ശബരിമലയിലെ സ്വര്ണപ്പാളി കവര്ച്ചയും ആഗോള അയ്യപ്പസംഗമം നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകളുമെല്ലാം വിശ്വാസികളായ വോട്ടര്മാരെ ഏറെ സ്വാധീനിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതൃത്വം. സര്ക്കാരിന്റെ ധൂര്ത്തും വിലക്കയറ്റവും മെഡിക്കല് കോളജ് യാഥാര്ഥ്യമാകാത്തതും സര്ക്കാര് ആശുപത്രികളില് ഡോക്ടര്മാരുടെ ക്ഷാമവുമെല്ലാം യുഡിഎഫിന്റെ തുറുപ്പുചീട്ടുകളാണ്. വെള്ളാപ്പള്ളി നടേശന് തുടര്ച്ചയായി നടത്തിയ വര്ഗീയചുവയുള്ള പ്രസ്താവനകള് കേട്ടില്ലെന്ന് നടിച്ച സിപിഎം നേതൃത്വത്തിന്റെ നിലപാട് മുസ്ലിം വോട്ടര്മാരെ എല്ഡിഎഫില്നിന്നു വലിയതോതിൽ അകറ്റിയെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായിരുന്നു.
എന്നാൽ ക്ഷേമപെന്ഷന് വര്ധനയും ദേശീയപാത വികസനവും തങ്ങള്ക്ക് അനുകൂലമായി ജനവിധിയുണ്ടാകാന് സഹായിക്കുമെന്നാണ് എല്ഡിഎഫിന്റെ കണക്കുകൂട്ടല്. സര്ക്കാരിന്റെ വികസനനേട്ടങ്ങള് ജനങ്ങളിലെത്തിക്കാന് വീടുകയറിയുള്ള പ്രചാരണവും തകൃതിയായി നടന്നിരുന്നു. എന്നാല് ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് പൂര്ണമായും കേന്ദ്രസര്ക്കാരിന് അവകാശപ്പെട്ടതാണെന്നാണ് ബിജെപിയുടെ അവകാശവാദം. തീവ്ര വോട്ടര്പട്ടിക പരിഷ്കരണം (എസ്ഐആര്) ഈ തെരഞ്ഞെടുപ്പില് നിര്ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മരിച്ചവരും ഇരട്ടവോട്ടുകളുമായി 56,911 വോട്ടുകളാണ് (5.8 ശതമാനം) ജില്ലയില് എസ്ഐആര് പരിശോധനയില് തള്ളപ്പെട്ടത്. ഈ വോട്ടുകളുടെ കുറവ് പാര്ട്ടിഗ്രാമങ്ങളിലെ പോളിംഗില് പ്രതിഫലിക്കുമെന്നാണു സൂചന.
SUNDAY DEEPIKA
രാജസ്ഥാനിലെ ദൗസ ജില്ലയില്, ആരവല്ലി മലനിരകളുടെ താഴ്വരയില്ലുള്ള മെഹന്ദിപ്പുര് ബാലാജി ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വിചിത്രവും ശക്തവുമായ ആരാധനാലയങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഹനുമാനെ ബാലാജി (ബാല ഹനുമാന്) ആയി ആരാധിക്കുന്ന ഈ ക്ഷേത്രം, ദുഷ്ടാത്മ ബാധകളും മാനസിക പീഡനങ്ങളും മാറാനുള്ള വിശ്വാസചികിത്സകള്ക്ക് ലോകപ്രശസ്തമാണ്.
ഏതാണ്ട് ആയിരം വര്ഷങ്ങള്ക്കുമുമ്പ് ഈ പ്രദേശം ഒരു കൊടുംകാടായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില് ഈ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു പുരോഹിതന് ഒരു സ്വപ്ന ദര്ശനമുണ്ടായി. കാടിനുള്ളില് മൂന്നു വിഗ്രഹങ്ങള് മറഞ്ഞിരിക്കുന്നുണ്ടെന്നും അത് കണ്ടെത്തി ആരാധിക്കണമെന്നുമായിരുന്നു സ്വപ്നത്തിലെ നിര്ദേശം. ഹനുമാന് സ്വാമിയായിരുന്നു സ്വപ്നത്തില് പ്രത്യക്ഷപ്പെട്ടതെന്നാണ് പരക്കേയുള്ള വിശ്വാസം.
എന്തായാലും സ്വപ്നദര്ശനത്തെത്തുടര്ന്നുള്ള അന്വേഷണത്തിനൊടുവില് അദ്ദേഹം കാടിനുള്ളില് സ്വയംഭൂവായ മൂന്ന് ശിലകള് കണ്ടെത്തുകയും ചെയ്തു. ബാലാജി, പ്രേതരാജ് സര്ക്കാര് (പ്രേതങ്ങളുടെയും ദുരാന്മാതാക്കളുടെയും അധിപന്), ഭൈരവ് ബാബ (ശിവന്റെ അവതാരം) എന്നീ ദേവകളുടെ ബിംബങ്ങളായിരുന്നു അത്. പിന്നീട് ഇവിടെ ഒരു ചെറിയ ദേവാലയം പണിതുയര്ത്തുകയും, കാലക്രമേണ അത് ഇന്ന് കാണുന്ന വിശാലമായ ക്ഷേത്രസമുച്ചയമായി വളരുകയും ചെയ്തു.
മെഹന്ദിപ്പുര് ബാലാജിയുടെ ആരാധനാരീതികള് ഇന്ത്യയിലെ മറ്റു ക്ഷേത്രങ്ങളില്നിന്നു വ്യത്യസ്തമാണ്. ഇവിടെ എത്തുന്നവര് ആദ്യം "അര്ജി’ സമര്പ്പിക്കുന്നു. ദോഷബാധ മാറാനായുള്ള പ്രത്യേക അപേക്ഷയെയാണ് അര്ജി എന്നു വിളിക്കുന്നത്.
പ്രത്യേകിച്ച് വ്യാഴം, ശനി ദിവസങ്ങളില് ക്ഷേത്രപരിസരം അസാധാരണ കാഴ്ചകള്ക്കും സാക്ഷ്യം വഹിക്കുന്നു. മന്ത്രോച്ചാരണങ്ങള്ക്കിടെ ചിലര് ബോധം നഷ്ടപ്പെടുന്നതുപോലെ അനുഭവപ്പെടുമ്പോള് ചിലര് ഉച്ചത്തില് നിലവിളിക്കുകയും അസ്വാഭാവിക പെരുമാറ്റങ്ങള് കാണിക്കുകയും ചെയ്യുന്നു. വിശ്വാസികള് ഇത് ദുഷ്ടാത്മാക്കള് പുറത്തുപോകുന്നതിന്റെ ലക്ഷണമെന്നാണ് പറയുന്നത്.
എന്നാല് ശക്തമായ വിശ്വാസവും മാനസിക സമ്മര്ദവും ചേര്ന്നുണ്ടാകുന്ന പ്ലാസീബോസൈക്കോസോമാറ്റിക് പ്രതികരണങ്ങളാകാം ഇതെന്ന് ചില വിദഗ്ധര് വിലയിരുത്തുന്നു. എന്നിരുന്നാലും ജീവിതത്തില് പ്രതീക്ഷ നഷ്ടപ്പെടുമ്പോള് ആശ്വാസം തേടി ഇവിടെ എത്തുന്നവരുടെ ഒഴുക്കിന് കുറവില്ല.
ഈ ക്ഷേത്രത്തില് പോകുന്നവര് പാലിക്കേണ്ട ചില പ്രത്യേക നിയമങ്ങളുണ്ട്. ക്ഷേത്ര ദര്ശനം കഴിഞ്ഞ് മടങ്ങുമ്പോള് ഒരു കാരണവശാലും തിരിഞ്ഞുനോക്കാന് പാടില്ല എന്നതാണ് അതില് ആദ്യത്തേത്. തിരിഞ്ഞുനോക്കിയാല് ദുഷ്ടശക്തികള് കൂടെവരുമെന്നാണ് വിശ്വാസം. ക്ഷേത്രത്തില്നിന്ന് ലഭിക്കുന്ന പ്രസാദമോ ഭക്ഷണമോ വെള്ളമോ ക്ഷേത്ര പരിധിക്ക് പുറത്തേക്ക് കൊണ്ടുപോകാന് പാടില്ല. അവ അവിടെത്തന്നെ ഉപേക്ഷിക്കണമെന്നതാണ് നിഷ്ഠ. ഈ പ്രദേശം സന്ദര്ശിക്കുന്നതിന് കുറച്ചു ദിവസം മുമ്പുതന്നെ ഉള്ളി, വെളുത്തുള്ളി, മദ്യം, മാംസാഹാരം എന്നിവ ഉപേക്ഷിക്കണമെന്നും നിഷ്കര്ഷിച്ചിരിക്കുന്നു.
മെഹന്ദിപ്പുര് ബാലാജി ക്ഷേത്രം വിശ്വാസത്തിന്റെയും സംശയങ്ങളുടെയും ഇടയില് നിലകൊള്ളുന്ന ഒരു അപൂര്വ ആത്മീയ കേന്ദ്രമാണ്. ഇവിടെ സംഭവിക്കുന്ന അനുഭവങ്ങള് ശാസ്ത്രീയമായി വിശദീകരിക്കാമോ എന്ന ചോദ്യം നിലനില്ക്കുമ്പോഴും, ആശ്വാസം തേടിയെത്തുന്ന ആയിരങ്ങളുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടാതെ തുടരുന്നു.
ഭക്തര്ക്ക് ഇത് ദൈവിക ശക്തിയുടെ ദൃഷ്ടാന്തമാണെങ്കില് ശാസ്ത്ര നിരീക്ഷകര്ക്കിത് മനുഷ്യമനസിന്റെ ആഴങ്ങളിലേക്കുള്ള വാതായനം തുറക്കലാണ്.
Sports
കോൽക്കത്ത: ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരിച്ചുവരവിന് ആഗ്രഹം പ്രകടിപ്പിച്ച് വനിതാ മുൻ ഹോക്കി താരം വന്ദന കതാരിയ. 2025 ഏപ്രിൽ ഒന്നിന് അന്താരാഷ്ട്ര ഹോക്കിയിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച വന്ദന കതാരിയ ടീമിലേക്ക് തിരികെ വിളിച്ചാൽ താൻ ഇനിയും ഇന്ത്യക്കായി മത്സരത്തിനിറങ്ങാൻ തയാറാണെന്ന് വ്യക്തമാക്കി.
“എന്നെ ടീമിലേക്ക് വിളിച്ചാൽ, ഞാൻ മത്സരത്തിനിറങ്ങാൻ തയാറാണ്. ഹോക്കി ഇന്ത്യ ലീഗിൽ (എച്ച്ഐഎൽ) കണ്ടതുപോലെ ഞാൻ തികച്ചും ഫിറ്റാണ്. ഒരു പ്ലെയർ എന്ന നിലയിൽ ഇന്ത്യൻ ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ ഞാൻ മത്സരത്തിനിറങ്ങാൻ തയാറാണ്”- വന്ദന പറഞ്ഞു.
2009ൽ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച വന്ദന കതാരിയ ഇന്ത്യൻ വനിതാ ഹോക്കിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ്. 320 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്ന് 158 ഗോളുകൾ താരം നേടിയിട്ടുണ്ട്.
District News
വൈക്കം: ജീവിതത്തിൽ പ്രത്യാശയും സമാധനവും നിറയ്ക്കുകയും സാഹോദര്യവും പങ്കുവയ്ക്കലും അനുഭവവേദ്യവുമാക്കുന്ന തിരുപ്പിറവിയെ വരവേൽക്കാൻ ക്രൈസ്തവ ദേവാലയങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു.
വൈക്കം സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ റവ. ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ, കുടവെച്ചൂർ സെന്റ് മേരീസ് ദേവാലയത്തിൽ ഫാ. പോൾ ആത്തപ്പള്ളി, തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ, ചെമ്പ് സെന്റ് തോമസ് കത്തോലിക്ക ദേവാലയത്തിൽ ഫാ. വർഗീസ് പൈനുങ്കൽ, ചെമ്മനാകരി മേരിലാൻഡ് ദേവാലയത്തിൽ ഫാ. ഷൈജു ആട്ടോക്കാരൻ, ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തിൽ ഫാ. തോമസ് മംഗലശേരി, ഉദയനാപുരം ഓർശലേം മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ ഫാ. ഷിബു ജോൺ ചാത്തനാട്ട്,
വൈക്കം നടേൽ ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ഫാ. ആൻറണി പരവര, മേവെള്ളൂർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ ഫാ. അലക്സ് മേക്കാംതുരുത്ത്, കലയത്തുംകുന്ന് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഫാ. പോൾ വെള്ളറയ്ക്കൽ, വടയാർ ഇൻഫന്റ് ജീസസ് ദേവാലയത്തിൽ ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിൽ, വല്ലകം സെന്റ് മേരീസ് ദേവാലയത്തിൽ ഫാ. ടോണി കോട്ടയ്ക്കൽ, തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ ഫാ. വർഗീസ് മേനാച്ചേരിൽ, ഉല്ലല ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ഫാ. വിൻസന്റ് പറമ്പത്തറ,
കൊതവറ സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ ഫാ. സെബാസ്റ്റ്യൻ കോനൂപറമ്പൻ, ഇടയാഴം സെന്റ് ജോസഫ് ദേവാലയത്തിൽ ഫാ. ഏബ്രാഹം മുകാലയിൽ, അച്ചിനകം സെന്റ് ആന്റണീസ് ദേവാലയത്തിൽ ഫാ. ആന്റണി മംഗലത്ത്, കൊട്ടാരപ്പള്ളി സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ ഫാ. സിബിൻപെരിയപ്പാടൻ, ചെമ്മനത്തുകര സെന്റ് ആന്റണീസ് ദേവാലയത്തിൽ ഫാ. സുബിൻ പാറയ്ക്കൽ, ടിവിപുരം തിരുഹൃദയ ദേവാലയത്തിൽ ഫാ. നിക്കോളാവോസ് പുന്നയ്ക്കൽ എന്നിവർ ക്രിസ്മസ് തിരുക്കർമങ്ങൾക്ക് കാർമികത്വം വഹിക്കും.
International
ലണ്ടൻ: ഇന്ത്യക്കാർ യുകെയിൽനിന്ന് താമസം ഉപേക്ഷിച്ച് മടങ്ങുന്നു. 2025 ജൂൺ വരെയുള്ള കണക്കുപ്രകാരം സ്റ്റുഡന്റ് വിസയിലുള്ള 45,000 ഇന്ത്യക്കാരും തൊഴിൽ വിസയിലുള്ള 22,000 പേരും താമസം ഉപേക്ഷിച്ചു മടങ്ങി.
മറ്റു വിസകളിലുണ്ടായിരുന്ന 7,000 പേർ കൂടി ചേരുമ്പോൾ ആകെ 74,000 ഇന്ത്യക്കാരാണു മടങ്ങിയത്. ചൈനയാണു പട്ടികയിൽ രണ്ടാമത്. ഓഫീസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) റിപ്പോർട്ട് പ്രകാരം യൂറോപ്യൻ യൂണിയനു പുറത്തുനിന്നു യുകെ വിട്ടുപോകുന്ന ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണെന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം യുകെയിലേക്കുള്ള കുടിയേറ്റത്തിൽ ഇന്ത്യക്കാർക്കു തന്നെയാണ് ഒന്നാം സ്ഥാനം. 90,000 പേർ പഠനത്തിനും 46,000 പേർ തൊഴിലിനുമായി എത്തി. ഇന്ത്യ, പാക്കിസ്ഥാൻ, ചൈന, നൈജീരിയ എന്നീ രാജ്യക്കാരാണ് യുകെയിലേക്കു കുടിയേറുന്നവരിൽ മുന്നിൽ.
Sports
മുംബൈ: ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക് വിലയിരുത്തിയതിനെക്കാള് ഗുരുതരമാണെന്ന് റിപ്പോര്ട്ട്. കഴുത്തുവേദന കുറയാന് ഇഞ്ചക്ഷന് എടുത്തെങ്കിലും വേദനയില് കാര്യമായ കുറവില്ലെന്നും തിരിച്ചുവരവിന് മാസങ്ങള് വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾ പൂര്ണമായും നഷ്ടമാകുമെന്നാണ് കരുതുന്നത്.
ജനുവരിയില് നടക്കുന്ന ന്യൂസിലന്ഡിനെതിരായ ടി20 പരമ്പരയില് മാത്രമെ ഗില് ഗ്രൗണ്ടില് തിരിച്ചെത്താനിടയുള്ളൂവെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. ഗില്ലിന്റെ തിരിച്ചുവരവിനായി തിടുക്കം കൂട്ടേണ്ടതില്ലെന്നും അടുത്ത വര്ഷം ഫെബ്രുവരിയില് ടി20 ലോകകപ്പ് നടക്കുന്നതിനാല് ഇതു കൂടി കണക്കിലെടുത്താകും തീരുമാനമെന്നും റിപ്പോര്ട്ടില് പറയുന്നു.
പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കളിക്കുന്നില്ല. രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീമിനൊപ്പം കൊല്ക്കത്തയില് നിന്ന് ഗോഹട്ടിയിലെത്തി ഗില്ലിനെ പിന്നീട് ടീമില് നിന്ന് റിലീസ് ചെയ്തിരുന്നു. തുടര് ചികിത്സക്കായി ഗില് പിന്നീട് മുംബൈയിലേക്ക് പോയി.
ഈ മാസം 30 മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. അതിനുശേഷം ഡിസംബര് ഒമ്പത് മുതല് അഞ്ച് മത്സര ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. ജനുവരി 11 മുതലാണ് ന്യൂസിലന്ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പര ആരംഭിക്കുന്നത്. ഇതിലാകും ഗില് ഇനി തിരിച്ചുവരിക എന്നാണ് പ്രതീക്ഷിക്കുന്നത്.
ഗില്ലിന്റെ അഭാവത്തില് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരില് പുതിയ നായകനെയും ടി20 പരമ്പരയില് പുതിയ വൈസ് ക്യാപ്റ്റനെയും സെലക്ടര്മാര് തെരഞ്ഞെടുക്കേണ്ടിവരും.