മുംബൈ: യുഎസ്-ഇറാൻ സമാധാന കരാറിനുള്ള വർധിച്ചുവരുന്ന പ്രതീക്ഷകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ കുതിപ്പ് നടത്തി. ഒരു ശതമാനത്തിലേറെയാണ് സെൻസെക്സ്, നിഫ്റ്റി സൂചികകൾ മുന്നേറിയത്.
പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുണ്ടാകുമെന്ന പ്രതീക്ഷകൾക്കൊപ്പം എണ്ണ വിലയിൽ കുറവും മറ്റ് ഘടകങ്ങളും വിപണിയിലെ വികാരത്തിന് കരുത്തു പകർന്നു.
സെൻസെക്സ് 1074 പോയിന്റ് ഉയർന്ന് 76,489ലും നിഫ്റ്റി 312 പോയിന്റ് നേട്ടത്തിൽ 24,032ലും വ്യാപാരം പൂർത്തിയാക്കി. മേയ് എട്ടിനുശേഷമുള്ള ഉയർന്ന ക്ലോസിംഗ് നിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നലത്തെ നേട്ടം ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത മൊത്തം കന്പനികളുടെ ആകെ വിപണിമൂല്യത്തിലേക്ക് ആറു ലക്ഷം കോടി രൂപയാണ് കൂട്ടിച്ചേർത്തത്. ഇതോടെ വിപണി മൂല്യം 469 ലക്ഷം കോടി രൂപയിലെത്തി.
ഓഹരിവിപണിയിലെ ചാഞ്ചാട്ടത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് ഏഴു ശതമാനത്തിനടുത്ത് താഴ്ന്ന് 16.70 നിലയിലെത്തി. വിശാല വിപണിയിലും ഇന്നലെ മുന്നേറ്റത്തിലായിരുന്നു. നിഫ്റ്റി മിഡ്കാപ് 100 സൂചിക 0.94 ശതമാനവും സ്മോൾകാപ് 100 സൂചിക 1.37 ശതമാനവും മുന്നേറി.
എൻഎസ്ഇ മേഖലാ സൂചികകളിൽ എഫ്എംസിജി ഒഴികെ എല്ലാ മേഖലയും പച്ചയിലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് രണ്ടു ശതമാനത്തിലധികവും നിഫ്റ്റി പൊതുമേഖല ബാങ്ക് മൂന്നു ശതമാനത്തിനടുത്തും ഉയർന്ന് മുന്നേറ്റത്തിനു നേതൃത്വം നല്കി. എൻഎസ്ഇയിൽ 2271 ഓഹരികൾ ഉയർന്നപ്പോൾ 1046 എണ്ണം താഴ്ന്നു. 102 എണ്ണത്തിന്റെ വിലയിൽ മാറ്റമുണ്ടായില്ല.
വിപണിയിലെ മുന്നേറ്റത്തിനു കാരണങ്ങൾ
►യുഎസ്-ഇറാൻ സമാധാന കരാർ പ്രതീക്ഷകൾ
യുഎസും ഇറാനും സമാധാനകരാറിലേക്ക് എത്തുമെന്ന അടുക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് ഹോർമുസ് കടലിടുക്ക് തുറക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും. സമാധാനക്കരാറിന്റെ ധാരണാപത്രത്തിൽ യുഎസും ഇറാനും വലിയ തോതിൽ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ, ഒരു കരാറിലേക്കും തിടുക്കം കൂട്ടരുതെന്ന് തന്റെ പ്രതിനിധികളോട് നിർദേശിച്ചതായി അദ്ദേഹം പിന്നീട് പറഞ്ഞു.
►ക്രൂഡ് ഓയിൽ വില നൂറു ഡോളറിൽ താഴെ
യുഎസ്-ഇറാൻ സമാധാന കരാർ ഉടൻതന്നെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഉയർന്നതോടെ ക്രൂഡ് ഓയിൽ വിലയിൽ ഇടിവുണ്ടായി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ആറു ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 98 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് ഫ്യൂച്ചേഴ്സ് ആറു ശതമാനത്തോളം താഴ്ന്ന് ബാരലിന് 91 ഡോളറിലെത്തി.
►ആഗോള വിപണിയിൽ ഉയർച്ച
പശ്ചിമേഷ്യ സമാധാനത്തിലേക്കെന്ന പ്രതീതി ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണികളിലും ഉയർച്ച പ്രകടമായി. ഏഷ്യൻ വിപണികൾ ഒന്നടങ്കം മുന്നേറ്റം നടത്തി. ജപ്പാന്റെ നിക്കീ റിക്കാർഡ് പ്രകടനമാണ് നടത്തിയത്. രണ്ടു ശതമാനത്തിനു മുകളിലയർന്ന നിക്കീ സൂചിക ആദ്യമായി 65,000 പോയിന്റിനു മുകളിലെത്തി. ഷാങ്ഹായി കോംപോസിറ്റ് ഒരു ശതമാനത്തിനടുത്തും തായ്വാൻ വെയ്റ്റഡ് മൂന്നു ശതമാനത്തിനു മുകളിലുമാണ് മുന്നേറ്റം നടത്തിയത്. യൂറോപ്യൻ, യുഎസ് വിപണികൾ ഉയർന്നാണ് വ്യാപാരം നടത്തുന്നത്.

ഡോളറിനെതിരേ രൂപ തുടർച്ചയായ മൂന്നാം സെഷനിലും മുന്നേറ്റം നടത്തി. 35 പൈസ നേട്ടത്തോടെ 95.25ലാണ് വ്യാപാരം പൂർത്തിയാക്കിയത്. യുഎസും ഇറാനും സമാധാനക്കരാറിലേക്കെന്ന പ്രതീക്ഷകളാണ് രൂപയ്ക്ക് ഉയർച്ച നൽകിയത്.
ഫോറെക്സ് വിപണിയിൽ വ്യവസ്ഥാപിതമായ വില നിർണയം ഉറപ്പാക്കാൻ കേന്ദ്ര ബാങ്ക് ആവശ്യമായതെന്തും ചെയ്യുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര മാധ്യമങ്ങളോട് പറഞ്ഞതിനെത്തുടർന്ന് രൂപ തുടർച്ചയായ മൂന്നാം സെഷനിലും നേട്ടം രേഖപ്പെടുത്തിയതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർ ബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വിപണിയിൽ ഡോളറിനെതിരേ രൂപ 95.36ൽ വ്യാപാരം ആരംഭിച്ചു. തുടർന്ന് 95.12ലേക്ക് ഉയർന്ന രൂപ 95.44ലേക്ക് താഴ്ന്നു. അവസാനം മുൻ സെഷനേക്കാൾ 35 പൈസ നേട്ടത്തോടെ വ്യാപാരം അവസാനിച്ചു. വെള്ളിയാഴ്ച 75 പൈസ ഉയർന്ന് 95.60ലാണ് വ്യാപാരം പൂർത്തിയാക്കിയത്.
Tags : Return Stock market NSE BSE Nifty