ബുഡാപെസ്റ്റ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിന്റെ കലാശപ്പോരാട്ടം ഇന്ന്.
യൂറോപ്യന്‍ ക്ലബ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന ബഡാ ഫെസ്റ്റ്, ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റില്‍ അരങ്ങേറും. നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീം പാരീസ് സെന്റ് ജെര്‍മെയ്നും ഇംഗ്ലീഷ് സംഘമായ ആഴ്സണല്‍ എഫ്സിയും തമ്മിലുള്ള കിരീട ഫൈനലിന്റെ കിക്കോഫ് ഇന്ത്യന്‍ സമയം രാത്രി 9.30നു നടക്കും.
റയല്‍ മാഡ്രിഡിനുശേഷം (2016-17, 2017-18) നിലവിലെ ചാമ്പ്യന്മാര് ഫൈനലില്‍ എത്തുന്നത് ഇതാദ്യമാണ്. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ആഴ്സണല്‍ എഫ്സി കളത്തില്‍ ഇറങ്ങുന്നത്. ഗണ്ണേഴ്സിന്റെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. 2005-26 സീസണില്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും എഫ്സി ബാഴ്സലോണയോട് പരാജയപ്പെട്ടു.
ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കുന്ന ഏഴാമത് ഇംഗ്ലീഷ് ക്ലബ് എന്ന നേട്ടവും ഇത്തവണ പ്രീമിയര്‍ ലീഗ് നേടിയ ആഴ്സണല്‍ ലക്ഷ്യംവയ്ക്കുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയും ആഴ്സണലും നേര്‍ക്കുനേര്‍ ഇറങ്ങുന്നത് ഇത് എട്ടാം തവണ.
ഇതുവരെ നടന്ന ഏഴ് മുഖാമുഖങ്ങളില്‍, ഇരുടീമും രണ്ട് ജയം വീതം നേടി. മൂന്നു മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു. ഒരു തോല്വിപോലുമില്ലാതെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന 10-ാമത് ടീം എന്ന റിക്കാര്‍ഡിലേക്ക് ആഴ്സണലിനു മുന്നില്‍ പിഎസ്ജി മാത്രമാണുള്ളതെന്നതും ശ്രദ്ധേയം.
Tags : PSG Arsenal Football Final UEFA Champions League