ടാറ്റ സണ്‍സ്
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോൾഡിംഗ് കന്പനിയായി ടാറ്റ സണ്‍സിനു തിരിച്ചടിയായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ്. ടാറ്റ സണ്‍സിന് അണ് രജിസ്ട്രേഡ് ഇൻവെസ്റ്റ്മെന്റ് കന്പനിയായി തുടരാൻ അനുമതി വേണമെന്ന അപേക്ഷ ആർബിഐ തള്ളി.
നിലവിൽ റിസർവ് ബാങ്കിന്റെ മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപന (അപ്പർ ലെയർ എൻബിഎഫ്സി) വിഭാഗത്തിലാണ് ടാറ്റ സണ്‍സുള്ളത്. ഇത്തരം കന്പനികൾ നിർബന്ധമായും ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യണമെന്നാണ് റിസർവ് ബാങ്കിന്റെ ചട്ടം. ടാറ്റ സൺസിനെ ലിസ്റ്റ് ചെയ്യുന്നതിനോട് ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാൽ, ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനായി എൻബിഎഫ്സി ലൈസൻസ് ആയ കോർ ഇൻവെസ്റ്റ്മെന്റ് കന്പനി (സിഐസി) എന്ന പദവി റദ്ദാക്കണമെന്ന ടാറ്റ സണ്‍സിന്റെ അപേക്ഷ റിസർവ് ബാങ്ക് തള്ളി. ഇതോടെ ടാറ്റ സണ്‍സിന് പ്രാരംഭ ഓഹരി വിൽപനയിലേക്കും (ഐപിഒ) തുടർന്ന് ലിസ്റ്റിംഗിലേക്കും കടക്കേണ്ട സ്ഥിതിയായി.
2022 സെപ്റ്റംബറിലാണ് റിസർവ് ബാങ്ക് ആദ്യമായി ടാറ്റ സണ്‍സിനെ അപ്പർലെയർ എൻബിഎഫ്സി വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. അതോടെ മൂന്നു വർഷത്തിനകം ടാറ്റ സണ്‍സ് ഐപിഒ നടത്തി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യേണ്ടതുമായിരുന്നു. എന്നാൽ 2024ൽ സിഐസി രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ടാറ്റ സണ്‍സിനോട് അപേക്ഷിച്ചു. ഇതേത്തുടർന്ന് നിർബന്ധിത സമയപരിധിയായ 2025 സെപ്റ്റംബർ ആയിരുന്നു ലിസ്റ്റിംഗ് നടപടിയിലേക്ക് കടന്നില്ല.
വെള്ളിയാഴ്ച അയച്ച കത്തിലാണ് 2024 മാർച്ച് 28-ന് ടാറ്റാ സണ്‍സ് സമർപ്പിച്ച അപേക്ഷ നിരസിച്ചതായി ആർബിഐ വ്യക്തമാക്കിയത്. ‘എൻബിഎഫ്സി - അപ്പർ ലെയർ’ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്കുള്ള എല്ലാ മാർഗനിർദേശങ്ങളും പൂർണമായും പാലിക്കാൻ ടാറ്റാ സണ്‍സിനോട് ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
2026 ജൂണിൽ ആർബിഐ വരുത്തിയ പരിഷ്കരിച്ച ചട്ടക്കൂട് അനുസരിച്ച് ഒരു ലക്ഷം കോടി രൂപയോ അതിൽ കൂടുതലോ ആസ്തിയുള്ള സ്ഥാപനങ്ങളെയാണ് ‘അപ്പർ-ലെയർ എൻബിഎഫ്സി’ ആയി തരംതിരിക്കുന്നത്. എന്നാൽ ടാറ്റാ സണ്‍സിന്റെ ആസ്തി ഈ പരിധിക്കും മുകളിലാണ്.