പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സംസ്ഥാനത്തെ റസ്റ്ററന്റുകള്‍ക്കു പിന്നാലെ റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിംഗ് യൂണിറ്റുകള്‍ വഴി വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ നിരക്കും വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച നിരക്ക് നിലവില്‍ വന്നു.
വിഭവങ്ങള്‍ക്ക് അഞ്ചു രൂപ മുതല്‍ 15 രൂപ വരെയാണ് വിലവര്‍ധന ഏര്‍പ്പെടുത്തിയത്. 95 രൂപയായിരുന്ന ഫിഷ് കറി മീല്‍സിന് 15 രൂപ ഉയര്‍ത്തി 110 ആക്കി. ദോശ, ഇടിയപ്പം, അപ്പം എന്നിവയുടെ വില 15-ല്‍നിന്നും 20 ആക്കിയും വര്‍ധിപ്പിച്ചു.
രണ്ടു പൊറോട്ടയ്ക്കും വെജിറ്റബിള്‍ കറിക്കും 45 രൂപയായിരുന്നത് 55 രൂപയാക്കി ഉയര്‍ത്തി. 30 രൂപയായിരുന്നു സാമ്പാര്‍ റൈസിന്റെ വില 40 ആയി ഉയര്‍ത്തി. 35 രൂപയായിരുന്ന ഡബിള്‍ ഓംലെറ്റിനു 45 രൂപയായും 15 രൂപയായിരുന്ന പുഴുങ്ങിയ മുട്ടയ്ക്ക് 20 രൂപയാക്കിയും വില വര്‍ധിപ്പിച്ചു. എന്നാല്‍, ചപ്പാത്തി, പൊറോട്ട, അരിപ്പത്തിരിഎന്നിവയുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. 20 രൂപയുള്ള പഴംപൊരിയുടെ വിലയിലും മാറ്റമില്ല.
പ്രാതല്‍ വിഭവങ്ങള്‍ക്കും ലഘുഭക്ഷണങ്ങള്‍ക്കും കാര്യമായ വിലവര്‍ധനയുണ്ട്. രണ്ട് ഇഡ്ഡലിക്ക് (ചട്നി, സാമ്പാര്‍) 25 രൂപയാണ് പുതിയ നിരക്ക്. മുന്‍പ് 20 രൂപയായിരുന്നു. രണ്ടു വീതം ഉഴുന്നുവട, പരിപ്പുവട, ഉരുളക്കിഴങ്ങ് ബോണ്ട, സമൂസ, ബജികള്‍ എന്നിവയ്ക്ക് 30 രൂപയായി വില പുതുക്കി നിശ്ചയിച്ചു. അഞ്ചു രൂപ വീതമാണ് വര്‍ധന. 25 രൂപയുണ്ടായിരുന്ന മസാലദോശ, ഉള്ളി ദോശ, റവ ഉപ്പുമാവ്, റവ ദോശ, റവ ഇഡ്ലി എന്നിവയ്ക്ക് 30 രൂപയായി വില പുതുക്കി നിശ്ചയിച്ചു. അഞ്ചു രൂപ വീതമാണ് വര്‍ധന.
30 രൂപയായിരുന്ന വെജിറ്റബിള്‍ സാന്ഡ്വിച്ചിന് 35 രൂപയായും 50 രൂപയായിരുന്ന ചീസ് സാഡ്വിച്ചിനു 60 രൂപയായും വില വര്‍ധിപ്പിച്ചു. വെജിറ്റബിള്‍ ബര്‍ഗറിനു 10 രൂപയാണ് വര്‍ധന. 45 രൂപയില്‍ നിന്നും 55 രൂപയാക്കിയാണ് വില ഉയര്‍ത്തിയത്. മുന്‍പ് 40 രൂപയായിരുന്ന രണ്ടു വെജിറ്റബിള്‍ കട്ലറ്റിന് ഇനിമുതല്‍ 50 രൂപ നല്‍കണം. 25 രൂപയായിരുന്ന വെജിറ്റബിള്‍ സൂപ്പ്, ടൊമാറ്റോ സൂപ്പ്, സാമ്പാര്‍ വട, അരിപ്പുട്ട് എന്നിവയുടെ വില 30 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
30 രൂപയായിരുന്ന ലെമണ്‍ റൈസ്, കേര്‍ഡ് റൈസ് എന്നിവയുടെ വില 35 ആക്കിയും 25 രൂപയായിരുന്ന കോക്കനട്ട് റൈസ്, പൊങ്കല്‍ എന്നിവയുടെ വില 30 രൂപയാക്കിയും ഉയര്‍ത്തി. രണ്ടു സുഖിയന്റെ വില 30 രൂപയില്‍ നിന്നും 40 രൂപയാക്കിയും കൊഴുക്കൊട്ട, ബോണ്ട എന്നിവയുടെ വില 30ല്‍ നിന്നും 35 ആക്കിയും വര്‍ധിപ്പിച്ചു. രണ്ടു നെയ്യപ്പത്തിന്റെ വില 20-ല്‍ നിന്നും 25 ആയും ഉണ്ണിയപ്പം വില 15-ല്‍ നിന്നും 20 ആക്കിയും ഉയര്‍ത്തി.
സംസ്ഥാനത്ത് റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍, കാന്റീനുകള്‍, തട്ടുകടകള്‍, പാഴ്സല്‍ യൂണിറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഭക്ഷണസാധനങ്ങള്‍ക്കു വില വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ റെയില്‍വേയും ഭക്ഷണ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
Tags : Railways Hike FoodPrices Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash