കോഴിക്കോട്: മൾട്ടിപ്ലസ് തിയറ്ററുകളില്‍ കുടിവെള്ളത്തിനും ലഘുഭക്ഷണത്തിനും അമിതവില ഈടാക്കുന്നതും പുറത്തുനിന്നു കൊണ്ടുവരുന്നതു തടയുന്നതുമായ തിയറ്റർ അധികൃതരുടെ നടപടിയെക്കുറിച്ച് പരിശോധന നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
ബന്ധപ്പെട്ട തിയറ്ററുകൾക്കെതിരേ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർക്കും മനഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി.
ഭക്ഷ്യസുരക്ഷാ കമ്മിഷണറും പ്രിൻസിപ്പൽ ഡയറക്ടറും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. ഒക്ടോബറിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. തീയറ്ററിലെത്തുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ ഉള്ളവരുടെയും മനുഷ്യാവകാശങ്ങൾ കണക്കിലെടുക്കണ്ടതുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു.
ഇവർ തിയറ്ററിലേക്കു വീട്ടിൽനിന്നു കൊണ്ടുപോകുന്ന കുടിവെള്ളവും ലഘുഭക്ഷണവും ഏകപക്ഷീയമായി തടയുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഉത്തരവിൽ പറഞ്ഞു. വാണിജ്യ താത്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന നടപടി തെറ്റാണെന്നും കമ്മിഷൻ പറഞ്ഞു.