ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ട വി.ആര്. സുധീര്‍.
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ 26ാമത് ഡെപ്യൂട്ടി മേയറായി വി.ആര്. സുധീര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ദീപക് ജോയ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒഴിവു വന്ന പദവിയിലേക്കാണ് എളമക്കര സൗത്ത് ഡിവിഷനിൽനിന്നുള്ള യുഡിഎഫ് പ്രതിനിധിയായ വി.ആര്. സുധീറിനെ തെരഞ്ഞെടുത്തത്.
എല്‍ഡിഎഫില്‍നിന്നു പി.ജെ. യേശുദാസും ബിജെപിയില്‍നിന്ന് ജലജ എസ്. ആചാരിയുമായിരുന്നു എതിര്‍സ്ഥാനാര്‍ഥികള്‍. കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക വരണാധികാരിയായിരുന്നു.
76 അംഗ കൗണ്‍സിലില്‍ സ്വതന്ത്രരുള്‍പ്പെടെ 48 യുഡിഎഫ് അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് 22 അംഗങ്ങളും ബിജെപിക്ക് ആറ് അംഗങ്ങളുമാണുള്ളത്.
വോട്ടെടുപ്പിൽ ഹാജരായിരുന്ന 74 കൗണ്‍സിലര്‍മാരില്‍ യുഡിഎഫിന്റെ 46 അംഗങ്ങളുടെയും വോട്ടുകള്‍ വി.ആര്. സുധീര്‍ നേടി. വൈകിയെത്തിയതിനാല്‍ യുഡിഎഫിലെ ഒരംഗത്തിനു വോട്ട് ചെയ്യാനായില്ല. എല്‍ഡിഎഫിന്റെ 22 കൗണ്‍സിലര്‍മാരില്‍നിന്ന് 21 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഒരു വോട്ട് അസാധുവായി.
Tags : VRSudhir KochiDeputyMayor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash