പ്രതീകാത്മക ചിത്രം
ദുബായ്: അമേരിക്കയുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇറാന് ചൈന അത്യാധുനിക വ്യോമപ്രതിരോധ മിസൈലുകൾ നല്കാൻ പോകുന്നതായി റിപ്പോർട്ട്. തോളിൽ ചുമക്കാവുന്ന ഹ്രസ്വദൂര വ്യോമപ്രതിരോധ മിസൈലുകളുടെയും അവയുടെ വിക്ഷേപിണികളുടെയും 300 മുതൽ 400 വരെ യൂണിറ്റുകളാണ് ഇറാനു ലഭിക്കാൻ പോകുന്നത്.
ഇതിനായി ആറു മുതൽ ഏഴു വരെ കോടി ഡോളറിന്റെ കരാർ ഇറാനും ചൈനയും തമ്മിലുണ്ടാക്കി. ഹോങ്കോംഗിലെ ഷോംഗ്ക്വിംഗ് ബാവോഷാംഗ് ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് എന്ന സ്ഥാപനമാണ് ഇറാനും ചൈനയ്ക്കും ഇടനിലക്കാരായി പ്രവർത്തിക്കുന്നത്.
ക്യുഡബ്ല്യു-12, എഫ്എൻ-16 എന്നയിനം മിസൈലുകളാണ് ഇറാൻ വാങ്ങുനത്. അനായാസം എടുത്തുമാറ്റാൻ കഴിയുന്ന ഈ മിസൈൽ സംവിധാനങ്ങൾ നശിപ്പിക്കുക ശത്രുവിന് എളുപ്പമല്ല. യുഎസ് ആക്രമണത്തിൽ നശിച്ച വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്താനാണ് ഇറാന്റെ നീക്കം.
റിപ്പോർട്ട് സ്ഥിരീകരിക്കാൻ ചൈന തയാറായില്ല. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും സംഘർഷം അവസാനിപ്പിക്കാനാണു ചൈന ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ആഴ്ചകൾക്കുള്ളിൽ ഇറാനു മിസൈലുകൾ ലഭിച്ചുതുടങ്ങുമെന്നാണു റിപ്പോർട്ടെങ്കിലും ഇക്കാര്യത്തിൽ വ്യത്യാസമുണ്ടായേക്കാം. പാക്കിസ്ഥാൻ വഴിയാണ് ഇറാനിൽ മിസൈലുകൾ എത്തിക്കുകയെന്നും പറയുന്നു. റിപ്പോർട്ട് വ്യാജമാണെന്നു പാക് മിലിട്ടറി പബ്ലിക് റിലേഷൻസ് വകുപ്പായ ഐഎസ്പിആർ പറഞ്ഞു.
Tags : ChineseMissiles Iran Delivery Weeks Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash