ഹൈക്കോടതി
കൊച്ചി: യഥാര്‍ഥ ശമ്പളത്തിനനുസൃതമായി പിഎഫ് വിഹിതം അടച്ചുകൊണ്ടിരുന്ന 2014 സെപ്റ്റംബര്‍ ഒന്നിനുമുമ്പ് വിരമിച്ചവര്‍ ഉയര്‍ന്ന പിഎഫ് പെന്ഷന് അര്‍ഹരാണെന്നു ഹൈക്കോടതി. 2014ലെ ഭേദഗതി നിലവില്‍ വന്നതിനു മുമ്പുള്ള കാലയളവില്‍ ഓപ്ഷന് നല്‍കിയില്ലെന്ന പേരില്‍ ഉയര്‍ന്ന പെന്ഷന് നിഷേധിക്കാനാകില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്തും പിഎഫ് പെന്ഷന് പദ്ധതിയില്‍നിന്ന് പുറത്തുപോയെന്നു ചൂണ്ടിക്കാട്ടിയും ഉയര്‍ന്ന പെന്ഷന് നിഷേധിക്കപ്പെട്ടവര്‍ക്ക് അത് അനുവദിക്കാന്‍ കോടതി ഉത്തരവിട്ടു. ഉയര്‍ന്ന പെന്ഷന് മുമ്പ് കൈപ്പറ്റിയവരില്‍നിന്ന് അധിക തുക തിരിച്ചുപിടിക്കാന്‍ പുറപ്പെടുവിച്ച ഉത്തരവുകളും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ഉയര്‍ന്ന പെന്ഷന് നിഷേധിച്ചതു ചൂണ്ടിക്കാട്ടി നല്കിയ 250ഓളം ഹര്‍ജികളാണു കോടതി പരിഗണിച്ചത്.
ഉയര്‍ന്ന പെന്ഷന് അനുവദിക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ ആര്.സി. ഗുപ്ത കേസിലെ വിധി 2014ന് മുമ്പ് വിരമിച്ചവര്‍ക്കും ബാധകമാണെന്ന് കോടതി പറഞ്ഞു. ഈ വിധിയില്‍ ഓപ്ഷന് നല്‍കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. സുനില്‍ കുമാര്‍ കേസിലെ സുപ്രീംകോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്താണ് ഉയര്‍ന്ന പെന്ഷന് പിഎഫ് അധികൃതര്‍ നിഷേധിക്കുന്നത്. ഓപ്ഷന് നല്കാന് സമയപരിധി നിശ്ചയിച്ച നടപടി വിവിധ കോടതി ഉത്തരവുകളിലൂടെ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ യഥാര്‍ഥ ശമ്പളത്തിന് വിഹിതം അടച്ചവര്‍ക്ക് ഓപ്ഷന് നല്കാന് വിരമിക്കല്‍ തടസമായി മാറില്ല.
വിധി പുറപ്പെടുവിച്ച് നാല് മാസത്തിനകം അര്‍ഹരായവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Tags : Pension HighCourt Retired Deepika DeepikaNewspaper BreakingNews NewsUpdate Headlines