പ്രതീകാത്മക ചിത്രം
കാണ്‍പുര്‍: പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കാണ്‍പുര്‍ ഐഐടിയുടെയും മദ്രാസ് ഐഐടിയുടെയും ഔദ്യോഗിക വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് വിദ്യാര്‍ഥി. ഹാക്ക് ചെയ്തതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ എക്സ്, റെഡ്ഡിറ്റ് തുടങ്ങിയ സാമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.
എന്നാല്‍, ഹാക്ക് ചെയ്ത വിദ്യാര്‍ഥിക്കെതിരേ നിയമനടപടികള്‍ക്കു പകരം ഇന്റേണ്‍ഷിപ്പ് വാഗ്ദാനം ചെയ്ത് മാതൃകയായി അധികൃതര്‍. അതേസമയം, കഴിവ് തെളിയിക്കാനായി സ്ഥാപനങ്ങളുടെ സിസ്റ്റങ്ങള്‍ അനധികൃതമായി കൈയേറുന്നത് അംഗീകരിക്കാനാകില്ലെന്ന് ഐഐടി കാണ്‍പുര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിദ്യാർഥിയുടെ ഭാവി മുന്‍നിര്‍ത്തി മാനുഷിക പരിഗണനയുടെ പശ്ചാത്തലത്തിലാണു തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. “സൈറ്റ് ഹാക്ക് ചെയ്തിട്ടുണ്ട്, എനിക്കൊരു അവസരം മാത്രമാണ് വേണ്ടത്’’എന്ന സന്ദേശമാണു വിദ്യാര്‍ഥി വെബ്സൈറ്റില്‍ കുറിച്ചിരുന്നത്.
ബിടെക് സൈബര്‍ സെക്യൂരിറ്റി കോഴ്സിലേക്ക് അപേക്ഷിച്ചെങ്കിലും പ്രവേശനം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥി സൈബര്‍ ആക്രമണം നടത്തിയത്. അതേസമയം, പ്രവേശന പ്രക്രിയയുടെ ഘട്ടത്തില്‍ വിദ്യാര്‍ഥിക്കു തന്റെ കഴിവുകള്‍ പൂര്‍ണമായി തെളിയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു അധികൃതര്‍ ചൂണ്ടിക്കാണിച്ചു. അടുത്ത വര്‍ഷം വിദ്യാര്‍ഥിക്കു വീണ്ടും പ്രവേശനത്തിനായി അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
Tags : Student Website IIT DeepikaNewspaper BreakingNews NewsUpdate Headlines