കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.കാര്‍ത്തിക്
വടകര: മൂന്ന് അധ്യാപികമാരടക്കം അഞ്ചു പേര് പിടിയിലായ വടകര എംഡിഎംഎ കേസിലെ പ്രതികളുടെ സ്വത്തുകള്‍ കണ്ടുകെട്ടുമെന്നും ഇടപാടുകളുടെ സ്രോതസ് കണ്ടെത്തുമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.കാര്‍ത്തിക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജൂണ്‍ 28നാണ് വടകരയില്‍ ഓട്ടോ ഡ്രൈറായ സഫുവാന്‍ രണ്ടര ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഈ പ്രതിയെ ചോദ്യം ചെയ്തതിലൂടെയാണ് അധ്യാപികമാരടക്കമുള്ള സംഘം അറസ്റ്റിലായത്. നിലവില്‍ അഞ്ചു പ്രതികളാണ് പിടിയിലായത്. ഇരിട്ടിയിലെ ജിജിനും വടകരക്കാരന് സഫുവാനും പുറമേ അധ്യാപികമാരായ മരുതോങ്കര സ്വദേശിനി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശിനി കാവ്യ, ആവള കുട്ടോത്ത് സ്വദേശിനി നീഷ്മ എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ വന്‍തുകയുടെ ഇടപാട് നടന്നതായാണു കണ്ടെത്തിയത്. ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ആറു മാസത്തിനിടെ നടന്നത് ഒരു കോടി രൂപയുടെ ഇടപാടാണ്. ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ് ഇയാള്‍. ഇത്രയേറെ പണം എങ്ങനെ അക്കൗണ്ടിലെത്തിയെന്നതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ലഹരിവില്പനയിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ എന്‍ഡിപിഎസ് നിയമപ്രകാരം കണ്ടുകെട്ടുമെന്നും ഡിഐജി വ്യക്തമാക്കി.
മറ്റ് പ്രതികളുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ അതിലൂടെയും ലക്ഷക്കണക്കിനു രൂപയുടെ ഇടപാട് നടന്നതായി വ്യക്തമായിട്ടുണ്ട്. ആരാണ് ഇവര്‍ക്ക് പൈസ കൊടുത്തത്, ഇത് പോകുന്നത് എവിടെയാണ്, ലഹരി ഇടപാടിലൂടെ എത്ര രൂപ ഇവര്‍ സമ്പാദിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ഡിഐജി പറഞ്ഞു. അന്തര്‍സംസ്ഥാന ബന്ധമുള്ള ലഹരി സംഘങ്ങളുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കും. പ്രതികള്‍ ലഹരിപാര്‍ട്ടി നടത്തിയതായുള്ള ആരോപണവും അന്വേഷണ വിധേയമാക്കും.
അറസ്റ്റിലായ അഞ്ചു പ്രതികളുടെയും മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ഇവര്‍ക്ക് പരസ്പരം ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്. കൂടുതല്‍ അക്കൗണ്ടുകള്‍ തുടങ്ങിയതായും എടിഎം കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അധ്യാപികമാര്‍ കാശിനു വേണ്ടി ഇടപാടില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
12,000 രൂപ ശമ്പളമേ അധ്യാപികമാര്‍ക്ക് ലഭിക്കുന്നുള്ളൂ. പക്ഷേ അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാട് നടന്നതായി വ്യക്തമായിട്ടുണ്ട്. കൂടുതല്‍ പേര് കണ്ണികളായിട്ടുണ്ടോയെന്നത് അന്വേഷിക്കുന്നുണ്ടെന്നും അത്തരക്കാരെയും പ്രത്യേക അന്വേഷണ സംഘം പിടികൂടുമെന്നും ഡിഐജി പറഞ്ഞു. വിദേശ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചതും വിദേശയാത്ര നടത്തിയതിനെക്കുറിച്ചും പരിശോധിക്കും.
പിടിയിലായ അധ്യാപികമാരടക്കമുള്ളവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യുമെന്നും അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടുപോവുന്നുണ്ടെന്നും ഡിഐജി അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ബിആര്‍സിക്കു കീഴിലെ രണ്ട് സ്പെഷല്‍ എഡ്യൂക്കേറ്റര്‍മാരും ഒരു സ്പെഷലിസ്റ്റ് അധ്യാപികയും എംഡിഎംഎ കേസില്‍ പ്രതികളായ സാഹചര്യത്തില്‍, സംസ്ഥാനത്തെ മുഴുവന്‍ ബിആര്സികളിലെും സ്പെഷലിസ്റ്റ് അധ്യാപകരുടെയും സ്പെഷല്‍ എഡ്യൂക്കേറ്റര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നു ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് സമഗ്ര ശിക്ഷാകേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടറുടെ നിര്‍ദ്ദേശം.
സ്പെഷല്‍ എഡ്യൂക്കേഷന്‍, കായികം തുടങ്ങി എല്ലാ തലങ്ങളിലുമുള്ള സ്പെഷല്‍ അധ്യാപകരുടെ പ്രവര്‍ത്തനം നിരീക്ഷിക്കണം. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യം ശ്രദ്ധയില്‍പെട്ടാന്‍ ഉടന്‍ പോലീസിനെയും സംസ്ഥാന ഓഫീസിനെയും വിവരം അറിയിക്കണം. ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍മാര്‍ സ്പെഷല്‍ അധ്യാപകരുടെയും സ്പെഷല്‍ എജ്യുക്കേറ്റര്‍മാരുടേയും അടിയന്തരയോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
എല്ലാ ബിആര്‍സി കോ-ഓര്‍ഡിനേറ്റര്‍മാരും ജാഗ്രതപാലിക്കണം. എല്ലാ മേഖലകളിലേയും പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കണം. ഓട്ടിസം സെന്ററുകളിലും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നല്കുന്ന വീടുകളിലും സ്കൂളുകളിലും ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍ സന്ദര്‍ശനം നടത്തി ജില്ല പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നു.
ല
ഹരി ഇടപാടുമായി ബന്ധപ്പെട്ട് പേരാമ്പ്ര ബിആര്‍സിയിലെ താത്കാലിക അധ്യാപികമാരായ കാവ്യ, കീര്‍ത്തന, നീഷ്മ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴി ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ കൂടുതല്‍ അധ്യാപകര്‍ക്കോ ജീവനക്കാര്‍ക്കോ പങ്കുണ്ടോയെന്ന് പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചു വരികയാണ്.
Tags : MDMA Teachers Police seize Assets Accused Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash