അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് പിന്നാലെ കടുത്ത സൈനിക തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇറാനെതിരെ ആഞ്ഞടിച്ചത്.
ഇറാനെ കഠിനമായി അടിച്ചൊതുക്കുമെന്നും കനത്ത പ്രഹരമായിരിക്കും നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി. ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നുണ്ടായ ആക്രമണമായിരുന്നു ഇതെന്ന് ട്രംപ് പറഞ്ഞു. എന്നാൽ മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് തന്നെ യുഎസ് സൈന്യം വിജയകരമായി അവ തകർക്കുകയായിരുന്നു.
എല്ലാ മിസൈലുകളും പ്രതിരോധിച്ചതിനാൽ അമേരിക്കൻ ഭാഗത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. അതേസമയം, ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന മിലിഷ്യ ഗ്രൂപ്പുകൾക്കെതിരെ അമേരിക്കയും സൗദി അറേബ്യയും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളെ ട്രംപ് ന്യായീകരിച്ചു.
ഇത്തരം ഭീകരസംഘടനകൾ ലോകത്തിന് തന്നെ ഒരു 'കാൻസർ' ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിൽ സൈനിക പിരിമുറുക്കം ശക്തമായി തുടരുമ്പോഴും ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി.
Tags : DonaldTrump AmericanPresdient LatestNews DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash