ഖാന്റാസ് എയർലൈൻസിന്റെ എയർബസ് ജെറ്റ് വിമാനം
മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽനിന്നു പുറപ്പെട്ട് 24 മണിക്കൂറും 24 മിനിറ്റും കൊണ്ട് ഫ്രാൻസിലെ തുളൂസിൽ ലാൻഡ് ചെയ്ത് ഓസ്ട്രേലിയയുടെ ഖാന്റാസ് എയർലൈൻസിന്റെ എയർബസ് ജെറ്റ് വിമാനം.
വാണിജ്യ വിമാന സർവീസുകളുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പറക്കലെന്ന റിക്കാർഡാണു കഴിഞ്ഞ 28ന് കന്പനി സ്വന്തമാക്കിയത്. ഓസ്ട്രേലിയയിൽനിന്നു ലണ്ടനിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന കമ്പനിയുടെ ‘പ്രോജക്ട് സൺറൈസ്’പദ്ധതിയുടെ ഭാഗമായാണ് ഈ പരീക്ഷണ ഓട്ടം നടത്തിയത്.
മൂന്ന് ഭൂഖണ്ഡങ്ങളും രണ്ട് സമുദ്രങ്ങളും താണ്ടി നോൺസ്റ്റോപ്പായി 23,075 കിലോമീറ്റർ നീണ്ട ഈ ചരിത്രയാത്രയ്ക്കിടയിൽ രണ്ട് സൂര്യാസ്തമയങ്ങൾക്കും രണ്ട് സൂര്യോദയങ്ങൾക്കും വിമാനം സാക്ഷ്യം വഹിച്ചു.
പസഫിക് സമുദ്രത്തിനു മുകളിലൂടെ വടക്കുകിഴക്കായി അമേരിക്കയ്ക്കും കാനഡയ്ക്കും മുകളിലൂടെ പറന്ന വിമാനം, തുടർന്ന് അറ്റ്ലാന്റിക് സമുദ്രം കടന്ന് യുകെയ്ക്കു മുകളിലൂടെ തെക്കോട്ടു സഞ്ചരിച്ചാണ് തുളൂസിൽ എത്തിയത്.
2005ൽ ഹോങ്കോംഗിൽനിന്നു ലണ്ടനിലേക്കു ബോയിംഗ് 777-200 എൽആർ വിമാനം നടത്തിയ 22 മണിക്കൂറും 42 മിനിറ്റും നീണ്ട പറക്കലിന്റെ റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്. ഓസ്ട്രേലിയൻ വൻകരയെ ലണ്ടനുമായും ന്യൂയോർക്കുമായും നേരിട്ടു ബന്ധിപ്പിക്കുന്ന ദീർഘദൂര സർവീസുകൾക്കായി രൂപകല്പന ചെയ്ത എയർബസ് എ350-1000 യുഎൽആർ വിമാനമാണു ചരിത്രനേട്ടം കൈവരിച്ചത്. നേരത്തേ അഞ്ചു ദിവസത്തോളം നീണ്ടുനിന്നിരുന്ന ചരിത്രപരമായ ‘കംഗാരു റൂട്ട്’ യാത്ര വെറും 19 മുതൽ 21 മണിക്കൂർ വരെയുള്ള ഒറ്റ നോൺ സ്റ്റോപ്പ് യാത്രയായി കുറയ്ക്കുകയാണ് ഖാന്റാസിന്റെ ലക്ഷ്യം.
സാധാരണ വിമാനങ്ങളേക്കാൾ 20,000 ലിറ്റർ അധിക ഇന്ധനം സംഭരിക്കാൻ ശേഷിയുള്ളതാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്ന എയർബസ് വിമാനങ്ങൾ. 238 യാത്രക്കാരെ വഹിക്കാൻ ഇതിൽ ശേഷിയുണ്ട്.
ഇത്തരം പ്രത്യേക മാറ്റങ്ങൾ വരുത്തിയ 12 എയർബസ് എ 350 വിമാനങ്ങളാണ് കമ്പനി ഓർഡർ ചെയ്തിരിക്കുന്നത്. ആദ്യവിമാനം 2027 ഏപ്രിലിൽ കൈമാറും. 2027 ഒക്ടോബർ മുതൽ സിഡ്നിയിൽനിന്നു ലണ്ടനിലേക്ക് ദിനംപ്രതിയുള്ള നോൺ സ്റ്റോപ്പ് സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Tags : QantasFlight History 24HourFlight Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash