പ്രതീകാത്മക ചിത്രം
കീവ്: യുക്രെയ്നിലെ കരിങ്കടൽ തീരത്തുള്ള ചോർണോമോർസ്ക് തുറമുഖത്ത് നങ്കൂരമിട്ട ചരക്കുകപ്പലിൽ 13 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്ന സംഭവത്തിൽ അടിയന്തര ഇടപെടലുമായി ഇന്ത്യൻ എംബസി.
തുടർച്ചയായി ഡ്രോൺ, മിസൈൽ ആക്രമണഭീഷണി നേരിടുന്ന എംവി ആമിർ-1 എന്ന കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നു കീവിലെ ഇന്ത്യൻ എംബസി അറിയിച്ചു.
നാവികരുടെ സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകുന്നുണ്ടെന്നും ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും എംബസി അറിയിച്ചു. 15 ജീവനക്കാരാണു കപ്പലിലുള്ളത്. അതിൽ 13 പേരും ഇന്ത്യക്കാരാണ്.
കപ്പൽ സ്ഥിതിചെയ്യുന്ന പ്രദേശത്തിനു തൊട്ടടുത്ത് വൻതോതിൽ ഡ്രോൺ മിസൈൽ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും ഏതുസമയവും കപ്പലിനു നേരേ ആക്രമണമുണ്ടാകാമെന്ന ഭീതിയിലാണ് ജീവനക്കാരെന്നും ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ വെളിപ്പെടുത്തി.
കഴിഞ്ഞ 25ന് യുക്രെയ്നിലെ ഒഡെസ തുറമുഖത്തുവച്ച് എംവി എജിഎൻ രഗ്നാര് എന്ന ചരക്കുകപ്പലിന് നേരേ ആക്രമണമുണ്ടായതിന് ദിവസങ്ങൾക്കു ശേഷമാണ് പുതിയ സംഭവം. അന്നത്തെ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായിരുന്നു. ഇവരെ കണ്ടെത്താനുള്ള തെരച്ചിൽ യുക്രെയ്ൻ അധികൃതരുമായി ചേർന്നു നടത്തിവരികയാണെന്നും എംബസി അറിയിച്ചു.
Tags : Drone Missile Threat UkrainPort Indian Sailors Trapped Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash