എംഡിഎംഎ കേസിൽ അറസ്റ്റിലായ കാവ്യ, നീഷ്മ
കോഴിക്കോട്: വടകര ഓപ്പറേഷൻ തൂഫാൻ അന്വേഷണത്തിന്റെ ഭാഗമായി എംഡിഎംഎ ലഹരിമരുന്നു കേസിൽ അറസ്റ്റിലായ സ്പെഷലിസ്റ്റ് എജ്യുക്കേറ്റർമാരായ അധ്യാപികമാർ ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ. പ്രതികളായ നീഷ്മ, കാവ്യ എന്നിവർ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെആർടിഎ) പേരാമ്പ്ര യൂണിറ്റ് ഭാരവാഹികളായി പ്രവർത്തിച്ചിരുന്നവരാണ്.
കഴിഞ്ഞ വർഷം പേരാമ്പ്രയിൽ വെച്ച് നടന്ന സംഘടനയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് ഇരുവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തത്. എന്നാൽ മറ്റാരും ഭാരവാഹിത്വം ഏറ്റെടുക്കാൻ തയാറാകാത്തതുകൊണ്ടാണ് ഇവരെ ചുമതല ഏൽപ്പിച്ചതെന്ന് സംഘടനാ ഭാരവാഹികൾ വ്യക്തമാക്കുന്നു. അധ്യാപികമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് സംഘടന അന്ന് പുറത്തിറക്കിയ പോസ്റ്ററുകൾ നിലവിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അറസ്റ്റിന് പിന്നാലെ ഇവരെ സംഘടനയിൽനിന്ന് പുറത്താക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇവർ സംഘടനാ അംഗത്വം പുതുക്കിയിരുന്നില്ലെന്നും കെആർടിഎയുമായി ബന്ധപ്പെട്ടവർ അറിയിച്ചു. എംഡിഎംഎ കേസിൽ പിടിയിലായവർ ഇടത് അനുഭാവികളാണെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.
Tags : Vadakara MDMA case Arrest Deepika DeepikaNewspaper DailyNews NewsFlash