പ്രതീകാത്മക ചിത്രം
പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് ആദ്യ തോൽവി. പോണ്ടിച്ചേരിയിൽ നടന്ന മത്സരത്തിൽ ഹിമാചൽ പ്രദേശ് ഏഴ് വിക്കറ്റിന് കേരളത്തെ തോൽപ്പിച്ച് ഫൈനലിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു. കേരളം നേരത്തെ തന്നെ ഫൈനൽ ഉറപ്പിച്ചിരുന്നു.
വെള്ളിയാഴ്ച നടക്കുന്ന ഫൈനലിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് നേടി. അർധസെഞ്ചുറി നേടിയ സി.എം.സി. നജ്ലയുടെയും ആശ ശോഭനയുടെയും മികവാണ് കേരളത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
നജ്ല 50 പന്തിൽ 54 റൺസും ആശ ശോഭന 38 പന്തിൽ 50 റൺസും നേടി. 154 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹിമാചൽ പ്രദേശ് 18.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. 35 പന്തിൽ 46 റൺസ് നേടിയ ഹർലീൻ ഡിയോളാണ് ടീമിന്റെ ടോപ് സ്കോറർ.
സൊനാൽ ഥാക്കൂർ 29 റൺസും മോണിക്ക ദേവിയും ദേവാൻശി ശർമയും 27 റൺസ് വീതവും നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. കേരളത്തിനായി നിയ നസ്നീൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
Tags : Sechem Trophy Womens Cricket Himachal Pradesh