പ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: ഗുജറാത്തിലെ ജാംനഗറിൽ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റിൽ. ജിഗ്നേഷ് മാവദരിയ എന്ന യുവാവിനെയാണ് ഭാര്യ പൃഥ്വിയും കാമുകൻ നീലേഷും ചേർന്ന് കൊലപ്പെടുത്തിയത്.
ജിഗ്നേഷ് ഓസ്ട്രേലിയയിൽ ജോലി ചെയ്യുകയാണെന്നായിരുന്നു പൃഥ്വി കുടുംബാംഗങ്ങളെ വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ ജിഗ്നേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസവും ഫോൺ നമ്പറും പൃഥ്വിയോട് ആവശ്യപ്പെട്ടപ്പോൾ വിവരങ്ങൾ നൽകാൻ കഴിയാതെ വരികയും ഒഴിഞ്ഞുമാറുകയും ചെയ്തതോടെ കുടുംബത്തിന് സംശയം തോന്നി.
ജിഗ്നേഷിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരൻ അശോക് മാവദരിയ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പൃഥിയും നീലേഷും ചേർന്ന് ജിഗ്നേഷിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.വിവാഹത്തിന് മുമ്പേ പൃഥ്വിയും നീലേഷും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും വിവാഹശേഷവും ഇത് തുടർന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
മദ്യത്തിൽ സൈനൈഡ് കലർത്തി നൽകിയാണ് ജിഗ്നേഷിനെ കൊലപ്പെടുത്തിയത്. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി ജാംനഗറിലെ ഒരു ഫാക്ടറിക്കുള്ളിൽ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. കൊലപാതകം നടന്ന സമയത്ത് നീലേഷ് ഒരു മാസത്തേക്ക് വാടകയ്ക്കെടുത്തതായിരുന്നു ഈ ഫാക്ടറി.
പോലീസും ഫോറൻസിക് സംഘവും ചേർന്ന് ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ മനുഷ്യന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയും കൂടുതൽ ശാസ്ത്രീയമായ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Tags : Deepika Crime Police Arrest