പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാന പോലീസ് സംഘടനകളുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. കേരള പോലീസ് അസോസിയേഷന്റെ ഘടന പുനഃസംഘടിപ്പിച്ച് ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അതേസമയം കേസ് മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
കഴിഞ്ഞ 27നാണ് കേരള പോലീസ് അസോസിയേഷന്റെ അംഗത്വഘടന പുനഃസംഘടിപ്പിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. സംഘടന രൂപീകരിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് സർക്കാർ നടപടി.
47 വർഷമായി പ്രവർത്തിക്കുന്ന സംഘടനയുടെ ഘടന മാറ്റിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സായുധ സേനാംഗങ്ങളുടെ മൗലിക അവകാശങ്ങളിൽ മാറ്റം വരുത്താൻ പാർലമെന്റിനാണ് അധികാരമെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. കേസ് തീർപ്പാകുന്നത് വരെ ഉത്തരവ് നടപ്പാക്കുന്നത് തടയണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
കേരള പോലീസ് അസോസിയേഷൻ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, സീനിയർ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ നിലവിലെ ഭരണസമിതികൾ പിരിച്ചുവിട്ടുകൊണ്ട് നേരത്തെ ഡിജിപി ഉത്തരവിറക്കിയിരുന്നു. പകരം അഡ്ഹോക്ക് കമ്മിറ്റികൾക്ക് ചുമതല നൽകുകയും ചെയ്തിരുന്നു.
Tags : Police Association Reorganization HighCourt DGP Kerala Administrative Reforms Law and Order