പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബിയുടെ സന്ദേശം. വൈകുന്നേരം ആറേകാൽ മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടങ്ങാനാണ് സാധ്യത.
എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് രേഖപ്പെടുത്തുന്നത്. 900 മെഗാ വാട്ടിന്റെ കുറവിനാണ് സാധ്യതയുള്ളത്. വായ്പ വഴിയുള്ള 200 മെഗാ വാട്ട് ഇന്നും കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പവർക്കട്ട് ഉണ്ടാകുമെന്ന അറിയിപ്പ്.
ഞായറാഴ്ച റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് വൈദ്യുതി ലഭിച്ചത് കൊണ്ട് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും നിയന്ത്രണം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചിരുന്നു.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കിട്ടാവുന്നയിടത്തു നിന്നെല്ലാം വൈദ്യുതി വാങ്ങാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി സണ്ണി ജോസഫ് ഇന്ന് വ്യക്തമാക്കിയിരുന്നു. വില കൂടിയാലും വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഞായറാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തു. എന്ടിപിസിയില്നിന്ന് വൈദ്യുതി വാങ്ങാനാണ് ശ്രമം. അധിക സാമ്പത്തിക ബാധ്യത ജനങ്ങളിലേക്ക് എത്തില്ലെന്ന് പറയാനാകില്ല. അടിയന്തര സാഹചര്യത്തില്‍ വൈദ്യുതി വാങ്ങുക എന്നതു മാത്രമാണ് ലക്ഷ്യം. പണത്തെക്കുറിച്ച് ആശങ്കപ്പെട്ടിട്ട് കാര്യമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.