പ്രതീകാത്മക ചിത്രം
ജയ്പുർ: രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് മുന്നേറ്റം. സംസ്ഥാനത്തെ 10 മുനിസിപ്പൽ കോർപ്പറേഷനുകളിൽ അഞ്ചിടത്താണ് ബിജെപി ലീഡ് ചെയ്യുന്നത്. മൂന്ന് കോർപ്പറേഷനുകളിൽ കോൺഗ്രസും ഒരു കോർപ്പറേഷനിൽ സ്വതന്ത്രരും മുന്നിട്ട് നിൽക്കുന്നു.
ജോധ്പുരിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. 309 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 10 മുനിസിപ്പൽ കോർപ്പറേഷനുകളും 47 മുനിസിപ്പൽ കൗൺസിലുകളും 252 നഗരസഭകളും ഉൾപ്പെടുന്നു. അൽവാർ, ഉദയ്പുർ, കോട്ട, ജയ്പുർ, ഭിൽവാര മുനിസിപ്പൽ കോർപ്പറേഷനുകളിലാണ് ബിജെപി മുന്നിലുള്ളത്.
അജ്മീർ, പാലി, ബിക്കാനെർ എന്നിവിടങ്ങളിൽ കോൺഗ്രസ് ലീഡ് നേടിയപ്പോൾ ഭരത്പുരിൽ സ്വതന്ത്ര സ്ഥാനാർഥികളാണ് മുന്നിൽ. വാർഡ് തലത്തിലും ബിജെപിക്കാണ് നേരിയ മേൽക്കൈ. ഫലം പ്രഖ്യാപിച്ച 8068 വാർഡുകളിൽ 3323 സീറ്റുകൾ ബിജെപി നേടിയപ്പോൾ കോൺഗ്രസ് 2962 സീറ്റുകളിലാണ് വിജയിച്ചത്. സ്വതന്ത്രരും മറ്റ് പാർട്ടികളും ചേർന്ന് 1783 സീറ്റുകൾ നേടി.
Tags : Local body Election Rajasthan Bjp Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash