Kerala
കൊച്ചി: കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന്റെ പുനപ്രതിജ്ഞയ്ക്ക് ജയിലില്‍ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കാപ്പ തടവില്‍ നിന്ന് ഇടക്കാലമോചനം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കാമെന്നും ചട്ടപ്രകാരം തടസമില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സുഗതന് നല്കിയ ഹര്‍ജിയില്‍ ഉച്ചയ്ക്ക് രണ്ടിന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കും. അക്രെഡിറ്റഡ് മാധ്യമപ്രവര്‍ത്തകരെ കൂടി ജയിലില്‍ കയറ്റിക്കൂടെ എന്നും കോടതി ചോദിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ അസാധവാക്കി കൊണ്ടുള്ള ഉത്തരവ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനപ്പെട്ട പശ്ചാത്തലത്തിലാണ് കോടതിയുടെ ചോദ്യം.
ചട്ടവിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20ലെ കൗണ്‍സിലറായ സുഗതന്. നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളില്‍ സുഗതന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു.
എന്നാല്‍ കാപ്പാ കേസില്‍ നിന്ന് ജയില്‍ മോചിതനായാല്‍ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇടക്കാല ജയില്‍ മോചനം തേടി ഹൈക്കോടതിയെ സമീപിച്ചത്.
National
കോൽക്കത്ത: മമതാ ബാനർജിയെ കൈവിട്ട് മൂന്ന് മുൻ രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു. സുസ്മിത ദേവ്, സുകേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരാക് എന്നിവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂലിൽ ഭിന്നത രൂക്ഷമാണെന്ന സൂചനകൾ ശരിവെക്കുന്നതാണ് മുൻ എംപിമാരുടെ ഈ കൂടുമാറ്റം.
കോൽക്കത്ത സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയുടെ സാന്നിധ്യത്തിലാണ് നേതാക്കൾ അംഗത്വം സ്വീകരിച്ചത്. പാർട്ടി നേതൃത്വവുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസങ്ങളും മാറിയ ജനവിധിയുമാണ് തൃണമൂൽ വിടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പാർട്ടി വിട്ട നേതാക്കൾ വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തിലും പാർലമെന്റിലും ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള ഈ മൂന്ന് നേതാക്കളുടെ കടന്നുവരവ് പശ്ചിമ ബംഗാളിൽ ബിജെപിയുടെ അടിത്തറ കൂടുതൽ ശക്തമാക്കുമെന്ന് സമിക് ഭട്ടാചാര്യ പറഞ്ഞു. ഇവരുടെ അനുഭവസമ്പത്ത് വരും ദിവസങ്ങളിൽ സംസ്ഥാനത്തെ പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് വലിയ രീതിയിൽ ഊർജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയായ ബിജെപി കൗൺസലർ ആർ. സുഗതന് ഇടക്കാല ജാമ്യം. നെടുമങ്ങാട് കോടതിയാണ് സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂലൈ 13ന് വൈകുന്നേരം അഞ്ച് മുതൽ ജൂലൈ 14 രാത്രി ഒൻപത് വരെയാണ് ജാമ്യം അനുവദിച്ചത്.
എന്നാൽ ജാമ്യം അനുവദിച്ചെങ്കിലും കാപ്പാ കേസില്‍ ഹൈക്കോടതി അനുമതി നല്കിയാല് മാത്രമേ സുഗതന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്താന്‍ കഴിയൂ. ഇതിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷന്റെ 101 അംഗ ഭരണസമിതിയിൽ സുഗതൻ ഉൾപ്പെടെ 50 അംഗങ്ങളാണ് ബിജെപിക്കുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്.
സുഗതന്റെ ആറ് മാസത്തെ കാപ്പാതടവ് കാപ്പാ ഉപദേശക സമിതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. സുഗതനെ തടങ്കലിൽ വയ്ക്കാൻ തക്കതായ കാരണമുണ്ടെന്നാണ് ഉപദേശകസമിതി സർക്കാരിനു റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതു പ്രകാരം സുഗതന്റെ തടങ്കൽ തുടരുമെന്ന് കാട്ടി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി കിട്ടിയില്ലെങ്കിൽ അറസ്റ്റിലായ ജൂൺ 10 മുതൽ ആറു മാസം സുഗതൻ ജയിലിൽ തുടരേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് സുഗതൻ.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിലടക്കം തിരിമറി നടത്തിയെന്നു കണ്ടെത്തിയതിനെ തുടർന്നു ബിജെപി സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കൾക്കെതിരേ അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറിയായിട്ടുള്ള വനിതാ നേതാവിനെ പാർട്ടി ഓഫീസിന്റെ ചുമതലകളിൽനിന്നും മാറ്റി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു 11 കോടിയോളം രൂപയുടെ തിരിമറി നടന്നെന്ന ഗുരുതരമായ ആരോപണത്തെ തുടർന്നു പാർട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വനിതാ നേതാവ് ഫണ്ട് അപഹരിച്ചുവെന്നു കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ കർശന ഇടപെടലിനെ തുടർന്നാണു നേതാവിനെതിരേ നടപടിയെടുത്തത്.
സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനു പുറമെ ബിജെപി സംസ്ഥാന സമിതി അംഗം പാങ്ങപ്പാറ രാജീവ്, പള്ളിപ്പുറം വിജയകുമാർ എന്നിവർക്കെതിരെയും സാന്പത്തിക തിരിമറി ആരോപണത്തെ തുടർന്നു അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. രണ്ടു നേതാക്കളെയും പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മാറിനിൽക്കാൻ നേതൃത്വം നിർദേശിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന് നേരെ പോലീസ് ചുമത്തിയ കാപ്പ വകുപ്പ് ചോദ്യം ചെയ്ത് സുഗതന് കാപ്പ ഉപദേശകസമിതിക്ക് നല്കിയ അപ്പീല്‍ തള്ളി. നടപടിക്രമങ്ങള്‍ പാലിച്ചാണ് കാപ്പ ചുമത്തിയതെന്ന് കാപ്പ ഉപദേശകസമിതിക്ക് പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറ് മാസക്കാലത്തേക്ക് സുഗതന് കാപ്പ വകുപ്പ് പ്രകാരം ജയിലില്‍ തുടരണമെന്നാണ് കാപ്പ ഉപദേശകസമിതിയുടെ തീരുമാനം.
നിലവില്‍ പന്ത്രണ്ടില്‍പരം കേസുകളാണ് സുഗതനെതിരേ ചുമത്തിയിരിക്കുന്നത്. വധശ്രമക്കേസ് ഉള്‍പ്പെടെ സുഗതന്റെ പേരിലുണ്ട്. നെടുമങ്ങാട് കോടതി കഴിഞ്ഞ ദിവസം സുഗതന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സുഗതന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതെ കാപ്പ പ്രകാരം ആറ് മാസം ജയിലില്‍ കഴിയേണ്ടി വന്നാല്‍ കൗണ്‍സിലര്‍ സ്ഥാനത്തിന് അയോഗ്യത ഉണ്ടാകും. കൂടാതെ ബിജെപിയുടെ കോര്പറേഷന് ഭരണത്തെ ബാധിക്കാനും ഇടയുണ്ട്.
നേരത്തെ സത്യപ്രതിജ്ഞ ലംഘനം നടന്നെന്ന പരാതിയില്‍ നാലാഴ്ചക്കകം വീണ്ടും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സുഗതന് ഒഴികെയുള്ള ബിജെപി കൗണ്‍സിലര്‍മാര്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിട്ടില്ല. തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ വന്നാല്‍ കൗണ്‍സിലര്‍ സ്ഥാനം നഷ്ടമാകുമെന്നാണ് വ്യവസ്ഥ. തിരുവനന്തപുരം കോര്‍പറേഷനില്‍ സുഗതന് ഉള്‍പ്പെടെ അന്‍പത് ബിജെപി അംഗങ്ങളാണുള്ളത്.
ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് കോര്പറേഷന് ഭരണം ബിജെപി നടത്തുന്നത്. സുഗതന് ജയിലില്‍ ആയതോടെ ബിജെപിയുടെ അംഗബലം 49 ആയി കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ബിജെപിയെ അധികാരത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കരുക്കള്‍ നീക്കുന്നുണ്ട്. എന്നാല്‍ അവിശ്വാസം കൊണ്ട് വരാന്‍ 34 അംഗങ്ങള്‍ ഒപ്പിടേണ്ടതായിട്ടുണ്ട്. അവിശ്വാസത്തില്‍ കോണ്‍ഗ്രസിനോട് കൂട്ടുകൂടാന്‍ സിപിഎമ്മും എല്‍ഡിഎഫും തയാറായിട്ടില്ല.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ അവിശ്വാസം കൊണ്ട് വരാന്‍ നീക്കം നടത്തിയിരുന്നു. എല്‍ഡിഎഫ് പിന്തുണയ്ക്കില്ലെന്ന കണ്ടതോടെ യുഡിഎഫ് പിന്മാറിയിരുന്നു. അതേ സമയം സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫും യുഡിഎഫും കോര്പറേഷന് പുറത്ത് സമരം നടത്തി വരികയാണ്.
National
ഷിംല: അടുത്ത വർഷം ഹിമാചൽ പ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും ഭരണം നിലനിർത്തുകയെന്നും സുഖ്വിന്ദർ സിംഗ് സുഖു അവകാശപ്പെട്ടു.
"സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പമാണ്. സർക്കാരിനെ ജനങ്ങൾ അനുകൂലിക്കുന്നുവെന്നാണ് അറിയാൻ സാധിച്ചത്. അതുകൊണ്ട് തന്നെ കൂടുതൽ സീറ്റുകൾ നേടി അടുത്ത തവണയും കോൺഗ്രസ് തന്നെ അധികാരത്തിലെത്തും. '-സുഖ്വിന്ദർ സിംഗ് സുഖു പറഞ്ഞു.
"ബിജെപിയെ ഹിമാചലിലെ ജനങ്ങൾ തള്ളിക്കളഞ്ഞതാണ്. ഇനി അവരെ ജനങ്ങൾ വിജയിപ്പിക്കില്ല. കഴിഞ്ഞ തവണത്തെക്കാൾ കുറച്ച് സീറ്റുകൾ മാത്രമെ ബിജെപിക്ക് 2027ൽ ലഭിക്കൂ.'-ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
National
ചെന്നൈ: മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വിജയ്യുടെ സുഹൃത്തുക്കൾ പങ്കെടുത്തെന്ന് ആരോപിച്ച് ബിജെപി നേതൃത്വം ഗവർണർക്ക് പരാതി നൽകി. വിജയ്യുടെ മുഖ്യ ഉപദേശകൻ ജോൺ ആരോഗ്യസാമിയും സുഹൃത്ത് വിഷ്ണു റെഡ്ഡിയും മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നൈനാർ നാഗേന്ദ്രനാണ് ഗവർണർ രാജേന്ദ്ര അർലേക്കറിന് പരാതി നൽകിയത്.
മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ഭരണഘടനാപരമായ കാര്യങ്ങളിൽ ഗവർണർ മുഖ്യമന്ത്രിയെ ഉപദേശിക്കണമെന്നും പരാതിയിൽ പറയുന്നു. ബിജെപി സമർപ്പിച്ച നിവേദനം രാജ്ഭവൻ പുറത്തുവിട്ടു. അതേസമയം ജോണിനെയും വിഷ്ണുവിനെയും ക്യാബിനറ്റ് റാങ്കോടെ മുഖ്യമന്ത്രിയുടെ ഉപദേശകരായി നിയമിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഇതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. അതേസമയം ബിജെപിയുടെ നീക്കത്തിന് പിന്നാലെ ഗവർണറെ കാണാനുള്ള തയാറെടുപ്പിലാണ് ഡിഎംകെ. സർക്കാരിനെ നിലനിർത്താൻ മുഖ്യമന്ത്രി എംഎൽഎമാരെ സ്വാധീനിക്കുന്നുണ്ടെന്ന് ഡിഎംകെ നേതാക്കൾ പറഞ്ഞു.
National
ന്യൂഡൽഹി: അയോധ്യ സംഭാവനത്തട്ടിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി നേരിട്ട് ഭൂമിപൂജിയും പ്രാണപ്രതിഷ്ഠയും നടത്തിയ ക്ഷേത്രത്തിൽ നടന്ന തട്ടിപ്പിൽ അദ്ദേഹം എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും പ്രധാനമന്ത്രി മൗനം വെടിഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്തു മാപ്പ് പറയണമെന്നും കോൺഗ്രസിന്റെ സമൂഹമാധ്യമ അധ്യക്ഷയും ദേശീയ വക്താവുമായ സുപ്രിയ ശ്രീനേഥ് കോൺഗ്രസ് കാര്യാലയത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനും കൊടിയേറ്റിനും നേതൃത്വം കൊടുത്ത പ്രധാനമന്ത്രി തന്നെയാണ് ക്ഷേത്രത്തിന്റെ ട്രസ്റ്റിനു 2020 ഫെബ്രുവരിയിൽ രൂപം കൊടുത്തത്. ആർഎസ്എസുമായി ബന്ധമുള്ളവരാണ് ട്രസ്റ്റിൽ നിയമിക്കപ്പെട്ടത്. എന്നാൽ, ട്രസ്റ്റ് വിവരാവകാശനിയമത്തിന്റെ പരിധിയിൽപ്പെട്ടില്ല. ട്രസ്റ്റ് ഉടൻതന്നെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് നേതാവ് ട്രസ്റ്റിലെ എല്ലാ മുതിർന്ന ഭാരവാഹികൾക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് വെബ്സൈറ്റിലൂടെ പരസ്യമാക്കണമെന്നും ക്ഷേത്രത്തിനു സംഭാവനയായി ലഭിച്ച സ്വത്തുക്കളിൽ സ്വതന്ത്ര ഓഡിറ്റ് നടത്തണമെന്നും സുപ്രിയ ആവശ്യപ്പെട്ടു.
തട്ടിപ്പിൽ സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്നു കോൺഗ്രസ് വീണ്ടും ആവർത്തിച്ചിട്ടുണ്ട്. അയോധ്യയിലെ ക്ഷേത്രം സന്ദർശിക്കുന്നത് തടയാൻ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ഉൾപ്പെടെയുള്ളവരെ ഹൗസ് അറസ്റ്റിനു വിധേയമാക്കിയത് പ്രതിപക്ഷത്തിന്റെ ശബ്ദം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും സുപ്രിയ ശ്രീനേഥ് കുറ്റപ്പെടുത്തി.
National
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകരതയുടെ പ്രഭവകേന്ദ്രമാണു പാക്കിസ്ഥാനെന്നും ആവശ്യമെങ്കില്‍ ദീര്‍ഘകാല സംഘര്‍ഷത്തിന് ഇന്ത്യ പൂര്‍ണമായും തയറാണെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സ്വന്തം നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന് സിന്ദൂര്‍ ഇന്ത്യ നിര്‍ത്തിയതെന്ന് മന്ത്രി ആവര്‍ത്തിച്ച് അവകാശപ്പെട്ടു.
പക്ഷേ ഓപ്പറേഷന് സിന്ദൂറില്‍ ആറ് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിനെക്കുറിച്ചും പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചതായുള്ള വിവാദത്തെക്കുറിച്ചും അവകാശലംഘന നോട്ടീസിനെക്കുറിച്ചും രാജ്നാഥ് ഇന്നലെ മൗനം പാലിച്ചു. ഭീകരതയോടു വീട്ടുവീഴ്ചകളില്ലാത്ത സീറോ ടോളറന്‍സ് നയമാണു കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിന്റേതെന്ന് ഡല്‍ഹിയില്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി സംഘടിപ്പിച്ച രണ്ടാമതു ദേശീയ സുരക്ഷാ ഉച്ചകോടിയില്‍ പ്രതിരോധമന്ത്രി വ്യക്തമാക്കി.
ഇന്ത്യയുടെ സൈനികശക്തിയുടെ മൂര്‍ത്തമായ പ്രകടനമായിരുന്നു ഓപ്പറേഷന് സിന്ദൂര്‍. രാജ്യത്തിന്റെ സുരക്ഷാ സമീപനത്തിലെ വഴിത്തിരിവാണിത്. ഭയമില്ലാതെ സ്നേഹം ഉണ്ടാകില്ല (ഭായ് ബിന്‍ ഹോയേ ന പ്രീത്) എന്ന പ്രതിരോധത്തിന്റെ സത്ത ഇത് ഉള്‍ക്കൊള്ളുന്നു. വെറും 72 മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷന് സിന്ദൂറിന് വിപുലമായ തയാറെടുപ്പും ലോജിസ്റ്റിക്സ് പിന്തുണയുമുണ്ടായി.
2025-26 സാമ്പത്തികവര്‍ഷത്തില്‍ പ്രതിരോധ കയറ്റുമതി ഏകദേശം 39,000 കോടി രൂപയിലെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 62.66 ശതമാനം വര്‍ധനയാണിത്. ഇന്ത്യയുടെ തദ്ദേശീയ കഴിവുകളില്‍ ആഗോളതലത്തില്‍ ആത്മവിശ്വാസം വളര്‍ന്നിട്ടുണ്ട്.
പശ്ചിമേഷ്യയിലും യൂറോപ്പിലും വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും തന്ത്രപരമായ മത്സരങ്ങളും ആഗോളക്രമത്തെ പുനര്നിര്മിക്കുന്നുണ്ടെന്ന് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ, വിതരണ ശൃംഖലകള്‍, ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവ കൂടുതല്‍ ആയുധമാക്കപ്പെടുന്നു. അതേസമയം അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ ദുര്‍ബലമാകുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ലോകം പുതിയൊരു ലോകക്രമത്തിലേക്കു നീങ്ങുകയാണ്. പലപ്പോഴും അതൊരു ക്രമവുമില്ലാത്ത ലോകമായി കാണപ്പെടുന്നു. ഇന്ത്യ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകണമെന്നും രാജ്നാഥ് പറഞ്ഞു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി കൗൺസിലർ ആർ. സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും. കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന സുഗതനെ ഇന്നലെ വിയ്യൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിരുന്നു.
സുഗതൻ പ്രതിയായ വധശ്രമ കേസിൽ നെടുമങ്ങാട് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചത്. കോടതിയിൽ ഹാജരാക്കുന്ന സുഗതനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡി ആവശ്യപ്പെടും.
സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെയാണ് വിയ്യൂരിൽ നിന്ന് സുഗതനെ തിരുവനന്തപുരത്ത് എത്തിച്ചത്.
Editorial
തിരുവനന്തപുരം കോർപറേഷനിൽ ബിജെപി-യുഡിഎഫ് അംഗങ്ങൾ ഏറ്റുമുട്ടിയതിന്റെ അപമാനകരമായ ദൃശ്യങ്ങൾ സംസ്ഥാനത്തിനു പുറത്തേക്കും പ്രചരിക്കുകയാണ്. ഏറ്റുമുട്ടൽ മാത്രമല്ല, അതിന്റെ മറയിൽ ചർച്ചയില്ലാതെ 700 അജൻഡകൾ പാസാക്കുകയും ചെയ്തിരിക്കുന്നു. പ്രതിപക്ഷത്തെ പുറത്താക്കി ബില്ലുകൾ പാസാക്കുന്ന ലോക്സഭയുടെയും നിയമസഭകളുടെയുമൊക്കെ കൂടുതൽ വികൃതമായ അനുകരണമാണ് ഏഴു മിനിറ്റുകൊണ്ട് 700 അജൻഡകൾ പാസാക്കിയ തിരുവനന്തപുരം കോർപറേഷനിലേത്. നാടു നിറയുന്ന മാലിന്യക്കൂന്പാരങ്ങളെക്കുറിച്ചും നാട്ടുകാരെ കടിച്ചുകീറുന്ന തെരുവുനായകളെക്കുറിച്ചും പരാതി പറയാനെത്തുന്നവർ കാണുന്നത് പരസ്പരം കടിച്ചുകീറുന്ന ജനപ്രതിനിധികളെ! അതും കാപ്പ കേസ് പ്രതികൂടിയായ ഒരംഗത്തിന്റെ പേരിൽ! കൈയാങ്കളിക്കാർക്കു ലജ്ജയുണ്ടാകാൻ ഇടയില്ല. പക്ഷേ, കേരളത്തിന്റെ തല കുനിഞ്ഞുപോയി.
വിഷയം തുടങ്ങുന്നത് ബിജെപി കൗൺസിലറും കാപ്പ (ഗുണ്ടാ നിയമം) കേസിൽ പ്രതിയുമായ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തോടെയാണ്. കഴിഞ്ഞ മാസം വട്ടിയൂർക്കാവിൽ ഉത്സവത്തിനിടെ ഒരാളെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് സുഗതനെ അറസ്റ്റ് ചെയ്തത്. മൂന്നുതവണ തുടർച്ചയായി കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർക്ക് അയോഗ്യതയുണ്ടാകും. ജയിലിൽ കഴിയുന്നതിനാൽ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത സുഗതന്റെ അഭാവം രേഖപ്പെടുത്താതിരിക്കാൻ ഹാജർബുക്ക് മാറ്റിവച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
രജിസ്റ്ററിൽ ഒപ്പിടാൻ ശ്രമിക്കുന്നതിനിടെ, ബിജെപി കൗൺസിലർ ചെന്പഴന്തി ഉദയൻ തന്നെയും മറ്റ് വനിതാ കൗൺസിലർമാരെയും ആക്രമിച്ചെന്ന് പ്രതിപക്ഷത്തുള്ള കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ ആരോപിക്കുന്നു. എന്നാൽ, അദ്ദേഹം ഇതു മടക്കിക്കൊടുക്കാതെ കൈവശം വച്ചതുകൊണ്ട് തിരിച്ചുവാങ്ങി എന്നാണ് ബിജെപി വാദിക്കുന്നത്. എന്തായാലും യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ നാല് ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
വധശ്രമവും കലാപശ്രമവും ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണെങ്കിലും സുഗതനെ കോർപറേഷനിൽ തിരികെയെത്തിക്കാൻ ബിജെപിയും, എത്തിക്കാതിരിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നതിനു കാരണമുണ്ട്. സുഗതൻ എത്തിയില്ലെങ്കിൽ ബിജെപിക്കു ഭരണം നഷ്ടപ്പെട്ടേക്കും. 101 അംഗ കോർപറേഷനിൽ 50 അംഗങ്ങളുള്ള ബിജെപി ഭരിക്കുന്നത് ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ്. സുഗതൻ എത്താതിരിക്കുകയോ സ്വതന്ത്രൻ പിന്തുണ പിൻവലിക്കുകയോ ചെയ്താൽ ഭരണം പോകും. ഇതിനൊപ്പം ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
ഭാരത്മാതാ, ആറ്റുകാലമ്മ, ബലിദാനികൾ തുടങ്ങിയ നാമങ്ങളിൽ സത്യപ്രതിജ്ഞ ചെയ്ത 20 പേരിൽ സുഗതൻ ഒഴികെ എല്ലാവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. നാലാഴ്ചയ്ക്കകം സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കിൽ ബിജെപിയുടെ ഭരണം തുലാസിലാകും. സുഗതനെ രാജിവയ്പിക്കുക അല്ലെങ്കിൽ അയോഗ്യനാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രതിപക്ഷം നീങ്ങുന്നത്. അതിനെ ചെറുക്കാൻ ഭരണപക്ഷവും. എന്നാൽ, സുഗതനെതിരേ സമരത്തിലാണെങ്കിലും യുഡിഎഫിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചത് ദുരൂഹതയായി. ഇത് ബിജെപി-എൽഡിഎഫ് ബന്ധത്തിന്റെ തെളിവാണെന്ന് യുഡിഎഫ് ആരോപിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കുമെന്നു പറഞ്ഞു ബിജെപി തുടങ്ങിയ ഭരണം തർക്കത്തിലും തമ്മിലടിയിലും ഞെരുങ്ങുകയാണ്. നഷ്ടം തിരുവനന്തപുരത്തുകാർക്കു മാത്രം.
അധികാരത്തിലെത്തിയാലും ഇടുങ്ങിയ പാർട്ടി രാഷ്ട്രീയം കൈവിടാത്ത ഭരണ-പ്രതിപക്ഷങ്ങൾ നാടിന് ഏറെ നാശമുണ്ടാക്കിയിട്ടുണ്ട്. ലോക്സഭയോ നിയമസഭയോ തദ്ദേശ സ്ഥാപനങ്ങളോ ആകട്ടെ, സ്വാതന്ത്ര്യം ലഭിച്ച് എട്ട് പതിറ്റാണ്ടോളമായിട്ടും സദ്ഭരണമെന്നത് ഇന്ത്യയിൽ ഒരു പ്രതീക്ഷ മാത്രമാണ്. കാലം കഴിയുംതോറും അതൊരു വിദൂര പ്രതീക്ഷയായി അകലുന്നതേയുള്ളൂ. തിരുവനന്തപുരം കോർപറേഷനിലും അതാണു കാണുന്നത്. കുടിവെള്ള പ്രശ്നം, സുപ്രീംകോടതി കൊല്ലാൻ അനുവദിച്ചിട്ടും പരിഹരിക്കാത്ത തെരുവുനായ ശല്യം, വെള്ളക്കെട്ട്, മാലിന്യസംസ്കരണം... കേരളത്തിന്റെ തീരാവ്യാധികളെല്ലാം തിരുവനന്തപുരത്തുമുണ്ട്. പക്ഷേ, ഇതിന്റെയൊന്നും പേരിലല്ല ജനപ്രതിനിധികൾ ഏറ്റുമുട്ടിയത്. അധികാരത്തിനും ഇടുങ്ങിയ രാഷ്ട്രീയത്തിനും വേണ്ടി മാത്രം. എന്നിട്ടും ജനം പ്രതീക്ഷിച്ചുകൊണ്ടേയിരിക്കുന്നത് ജനാധിപത്യത്തിലുള്ള വിശ്വാസത്തിലാണ്; കൈവിടാനാകില്ല.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി - യുഡിഎഫ് കൗൺസിലർമാർ ഏറ്റുമുട്ടിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി.കെ. ശ്രീമതി. കണ്ണ് കാണാത്ത അതിക്രമത്തിലേക്ക് തിരുവനന്തപുരം നഗരസഭ കൗൺസിലർമാർ മാറിയത് ലജ്ജാകരമാണെന്ന് ശ്രീമതി പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പി.കെ. ശ്രീമതി വിമർശനവുമായി രംഗത്തെത്തിയത്. കേവലം ഉന്തും തള്ളുമല്ലെന്നും ഒരു വനിത അംഗം രണ്ടുപേരുടെ ഇടയിൽ ഞെരുങ്ങിപ്പോയെന്നും പി.കെ. ശ്രീമതി വിമർശിച്ചു.
അതേസമയം തിരുവനന്തപുരം കോർപറേഷനിൽ ഉണ്ടായ സംഘർഷത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. ബിജെപി കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ചെമ്പഴന്തി ഉദയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ വി.ജി. ഗിരികുമാർ, വയൽക്കര രതീഷ്, പാപ്പനംകോട് സജി എന്നിവരും പ്രതികളാണ്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്കിടെ ഇന്നു കൗണ്‍സില്‍ യോഗം ചേരും. 20 അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് അംഗീകാരം ലഭിക്കില്ല.
എന്നാൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയ നീക്കങ്ങള്‍ക്ക് എൽഡിഎഫ് പിന്തുണ നൽകില്ല. അവിശ്വാസ പ്രമേയ നീക്കങ്ങളോട് തത്കാലം പ്രതികരിക്കാനില്ലെന്നാണ് എൽഡിഎഫ് നിലപാട്. നയപരമായ പ്രശ്നമുണ്ടെന്നും നിലവില്‍ അവിശ്വാസത്തെ പിന്തുണയ്ക്കാനാകില്ലെന്നുമാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്.
അതേസമയം, കോർപറേഷനിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. തെരുവ്നായ വിഷയം, കുടിവെള്ള പ്രതിസന്ധി, മാലിന്യപ്രശ്നം എന്നിവ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്നു നടത്തുന്ന പ്രതിഷേധ മാര്‍ച്ച്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫ് നീക്കത്തിന് തിരിച്ചടി. രാഷ്ട്രീയ കാരണങ്ങളാൽ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് എൽഡിഎഫ് തീരുമാനിച്ചു. കോൺഗ്രസും സിപിഎമ്മും ഒന്നിച്ച് പ്രമേയം കൊണ്ടുവരുന്നത് ഭാവിയിൽ രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് സിപിഎം നേതൃത്വം.
101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപ്പറേഷനിൽ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കണമെങ്കിൽ മൂന്നിലൊന്ന് അംഗങ്ങളുടെ (34 പേർ) പിന്തുണ വേണം. നിലവിൽ 20 അംഗങ്ങളുള്ള യുഡിഎഫിനോ 29 അംഗങ്ങളുള്ള എൽഡിഎഫിനോ ഒറ്റയ്ക്ക് പ്രമേയം കൊണ്ടുവരാൻ കഴിയില്ല. ഇരുപക്ഷവും ഒന്നിച്ചാൽ മാത്രമേ 49 അംഗങ്ങളാകൂ. ഒരു സ്വതന്ത്രന്റെയും പിന്തുണ ഇവർക്കുണ്ട്.
എന്നാൽ ബിജെപിയുടെ ഒരു കൗൺസിലർ (സുഗതൻ) കാപ്പ കേസിൽ ജയിലിലായതോടെ ഭരണപക്ഷത്തിന്റെ അംഗബലം 50 ആയി ചുരുങ്ങിയിരിക്കുകയാണ്. അവിശ്വാസ പ്രമേയ ചർച്ച നടക്കണമെങ്കിൽ പകുതിയിലധികം അംഗങ്ങൾ (51 പേർ) കൗൺസിലിൽ ഹാജരാകേണ്ടതുണ്ട്. ബിജെപി കൗൺസിലർമാർ വിട്ടുനിന്നാൽ ക്വാറം തികയാതെ പ്രമേയം തള്ളപ്പെടും.
National
ന്യൂഡൽഹി: ഒൻപതാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രകീർത്തിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയതിനെതിരെ കെ.സി. വേണുഗോപാൽ. ചരിത്രം തിരുത്താനും വിഷം ചീറ്റാനുമുള്ള ബിജെപിയുടെ വകുപ്പായി എൻസിഇആർടി മാറിയെന്ന്
കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
ചരിത്രത്തെ വികൃതമാക്കാനും വിദ്യാർത്ഥികളുടെ മനസിൽ വിഷം നിറയ്ക്കാനുമുള്ള ബിജെപിയുടെ ഒരു വകുപ്പായി എൻസിഇആർടി മാറി. മുൻകാലങ്ങളിൽ എന്താണ് പഠിക്കേണ്ടതെന്ന് തീരുമാനിക്കുന്ന ഏറ്റവും മികച്ച അക്കാദമിക് സ്ഥാപനമായിരുന്നു എൻസിഇആർടി. എന്നാൽ ഇപ്പോൾ നിരപരാധികളായ വിദ്യാർത്ഥികളെ വിഡ്ഢികളാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തിന് കടുത്ത ഭീഷണി ഉയർത്തി അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കം. പ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചാൽ കോർപ്പറേഷൻ ഭരണം ബിജെപിക്ക് നഷ്ടമാകുന്ന സാഹചര്യം സംജാതമാകും. തിങ്കളാഴ്ച കൗൺസിൽ യോഗം ചേരാനിരിക്കെയാണ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ നാടകങ്ങൾ മുറുകുന്നത്.
എന്നാൽ, കോർപ്പറേഷനില്‍ നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുകളിയാണെന്നും അതിന്റെ ഭാഗമായാണ് ഈ നീക്കങ്ങളെന്നുമാണ് ബിജെപിയുടെ ആരോപണം. നേരത്തെ കൗണ്‍സില്‍ യോഗം നീട്ടിവെക്കുന്നതിനെതിരെ യുഡിഎഫും എൽഡിഎഫും ശക്തമായ വിമർശനം ഉയർത്തിയതിനെ തുടർന്നാണ് യോഗം തിങ്കളാഴ്ചത്തേക്ക് നിശ്ചയിച്ചത്.
ബിജെപി കൗണ്‍സിലറായ ആര്. സുഗതൻ നിലവിൽ കാപ്പ കേസിൽ ജയിലിലാണ്. സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് ഉടനടി നീക്കണം എന്നാണ് എല്‍ഡിഎഫും യുഡിഎഫും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്. ഇതേച്ചൊല്ലി കഴിഞ്ഞദിവസം കോർപ്പറേഷനില്‍ എൽഡിഎഫ് നടത്തിയ പ്രതിഷേധം വലിയ സംഘർഷത്തിലാണ് കലാശിച്ചത്. സുഗതനെതിരെ കാപ്പ ചുമത്തിയ നടപടിക്ക് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം ഔദ്യോഗികമായി അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
ജയിലിലായ കൗൺസിലർ സുഗതന്റെ മുൻപത്തെ സത്യപ്രതിജ്ഞ അസാധുവായിരുന്നു.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. 14 ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
കാപ്പ ചുമത്തിയതിൽ ഇളവ് തേടി സുഗതൻ കാപ്പാ ബോർഡിനെയും സമീപിക്കും.
ജയിലിൽ കിടക്കുന്ന വ്യക്തിയുടെ പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിൽ, സംസ്ഥാന സർക്കാരും വിഷയത്തിൽ അടിയന്തര നിയമോപദേശം തേടാൻ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ കൗൺസിൽ യോഗവും എൽഡിഎഫിന്റെ നിലപാടും ബിജെപി ഭരണത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.
National
ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിൽ അടുത്തിടെ ഉയർന്നുവന്നിട്ടുള്ള സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പ്രതിരോധത്തിലായി ബിജെപി.
മധ്യപ്രദേശിലും അരുണാചൽ പ്രദേശിലും ഭരിക്കുന്ന മുഖ്യമന്ത്രിമാർക്കെതിരേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള ഭൂമി കുംഭകോണ ആരോപണമുയരുമ്പോൾ ഉത്തർപ്രദേശിൽ അയോധ്യ രാമക്ഷേത്രത്തിലുണ്ടായ സംഭാവന തട്ടിപ്പാണ് ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കുന്നത്.
ഒരുവശത്ത് ഇരട്ട എൻജിൻ സർക്കാരുകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തലവന്മാർത്തന്നെ ആരോപണ മുൾമുനയിൽ നിൽക്കുമ്പോൾ മറുവശത്ത് തങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയായ അയോധ്യ ക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പും ബിജെപിക്കു പ്രഹരമായിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു 1270 കോടി രൂപ വിലമതിക്കുന്ന കരാറുകൾ തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുള്ള കമ്പനികൾക്കു നിയമവിരുദ്ധമായി നൽകിയെന്ന ആരോപണം തുടരുന്നതിനു പിന്നാലെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രിക്കെതിരേയും ഭൂമി കുംഭകോണ ആരോപണം വരുന്നത്.
നിലവിൽ സിബിഐ അന്വേഷണം നേരിടുന്ന പേമ ഖണ്ഡുവിനെതിരേ പ്രതിപക്ഷം രാജി ആവശ്യമുയർത്തുമ്പോഴാണ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു മധ്യപ്രദേശ് മുഖ്യമന്ത്രിയായ മോഹൻ യാദവും കുടുംബവും ഉജ്ജയ്നിൽ 168 ഏക്കർ ഭൂമി വാങ്ങിച്ചുകൂട്ടിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
ഉജ്ജയ്നിലെ റോഡുകളും അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കാനുള്ള ഉജ്ജയ്ൻ മാസ്റ്റർ പ്ലാൻ 2035ന്റെ വിവരങ്ങൾ മുഖ്യമന്ത്രിയെന്ന നിലയിൽ അടുത്തറിയാമെന്നതാണ് മോഹൻ യാദവിനെ പ്രതിക്കൂട്ടിലാക്കുന്നത്. ഉജ്ജയ്ൻ എങ്ങനെയൊക്കെ വികസിക്കും എവിടെയൊക്കെ വികസിക്കും എന്നു നന്നായറിയാവുന്ന മോഹൻ യാദവും കുടുംബവും അതിനനുസരിച്ചാണ് ഭൂമി വാങ്ങിക്കൂട്ടിയത് എന്നാണ് പുറത്തുവന്ന വിവരം.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാജ്യത്തെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നായ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പും സാമ്പത്തിക ക്രമക്കേടും ഉത്തർപ്രദേശ് സർക്കാരിനെതിരേയും ബിജെപി നേതൃത്വത്തിനെതിരേയും കുറ്റപ്പെടുത്തലുകൾക്കു കാരണമാകുന്നുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെ കടുത്ത അഴിമതി ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്ത്. അയോധ്യയിലും ഉജ്ജയിനിലും നടന്ന കൊള്ളയ്ക്ക് പിന്നിൽ ബിജെപിയാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.
മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിത്തു പട്വാരി ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 500 കോടി രൂപ വിലമതിക്കുന്ന ഭൂമി മോഹൻ യാദവിന്റെ ഉപദേശകന്റെ ട്രസ്റ്റ് വാങ്ങിയത് വെറും ഒരു രൂപയ്ക്കാണെന്നും കോൺഗ്രസ് അധ്യക്ഷൻ ആരോപിക്കുന്നു.
പ്രധാനമന്ത്രി വിഷയത്തിൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്നും കോൺഗ്രസ് ചോദിക്കുന്നു. എന്തുകൊണ്ടാണ് തുച്ഛമായ വിലയ്ക്ക് ഇത്രയേറെ ഭൂമി വിറ്റതെന്നും, 168 ഏക്കർ ഭൂമി വാങ്ങാൻ മോഹൻ യാദവിന്റെ ബന്ധുക്കൾക്ക് പണം എവിടെ നിന്ന് ലഭിച്ചെന്നും ജിത്തു പട്വാരി ചോദിച്ചു.
ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോർട്ട് തെറ്റാണെങ്കിൽ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും ജിത്തു പട്വാരി കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ധാതു മണല്‍ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ബജറ്റ് പ്രഖ്യാപനത്തെ ബിജെപി എതിര്‍ക്കുമെന്ന് ഷോണ്‍ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിര്‍ദേശം കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗമാണെന്നും ഇത് വീണ്ടും അഴിമതിക്ക് വഴിയൊരുക്കുമെന്നും ഷോണ്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സിഎംആര്‍എല്‍ മാസപ്പടി കേസുമായി പരാമര്‍ശിച്ച് ഇതും സമാനമായ രീതിയില്‍ ചിലരെ സഹായിക്കാനുള്ള ഗൂഢലക്ഷ്യമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഉത്തരവ് പ്രകാരം പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ അല്ലാതെ മറ്റാര്‍ക്കും ഖനന അനുമതി ഇല്ല. അതുകൊണ്ടു തന്നെ ഇതിനെ സ്വകാര്യവത്കരിക്കുക എന്നുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നിയമവിരുദ്ധമാണെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.
രണ്ടു പതിറ്റാണ്ട് കാലമായി കേരളത്തിലെ ഇടത് വലതു മുന്നികളെ തീറ്റിപ്പോറ്റുന്നത് ഈ കരിമണല്‍ മാഫിയയാണ്. ഇതിന് അറുതി വരുത്തിയേ മതിയാവും ഈ വിഷയത്തില്‍ ബിജെപി ശക്തമായ സമര രംഗത്തത് ഉണ്ടാകും. കേരളത്തിന്റെ തീരത്തു നിന്നും ഇനി ഒരു കിലോ കരിമണല്‍ പോലും അനധികൃതമായി ഖനനം ചെയ്യാന്‍ ബിജെപി സമ്മതിക്കില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഷോണ്‍ ജോര്‍ജിന്റെ വാക്കുകള്‍:
കരിമണല്‍ കൊള്ളയുടെ രണ്ടാം ഭാഗമാണ് ബജറ്റിലൂടെ കേരളത്തിന്റെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. കേരളത്തിന്റെ തീരദേശത്ത് ആ വലിയ സ്വത്ത് ഒളിഞ്ഞു കിടപ്പുണ്ട്. കരിമണല്‍ കൊള്ളയുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍-എക്സാലോജിക് കേസ് ആരംഭിച്ചപ്പോള്‍ മുതല്‍ ഇതുമായി ബന്ധപ്പെട്ട് അറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റിനും സംസ്ഥാന സര്‍ക്കാരിനും ഹൈക്കോടതിയിലും നിരവധി ഹര്‍ജികള്‍ ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അതില്‍ ഏറ്റവും മുഖ്യം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 2024 നവംബര്‍ 19ന് ഹൈക്കോടതി ഈ വിഷയത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തികൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണിത്.
നാളിതുവരെയായും ഇതിന്മേല് ഒരു നടപടിയും ഉണ്ടായിട്ടില്ല. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഉത്തരവ് പ്രകാരം ഈ ഉത്തരവ് പ്രകാരം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ അല്ലാതെ മറ്റാര്‍ക്കും ഖനന അനുമതി ഇല്ല. അതുകൊണ്ടു തന്നെ ഇതിനെ സ്വകാര്യവത്കരിക്കുക എന്നുള്ള മുഖ്യമന്ത്രിയുടെ തീരുമാനം നയമവിരുദ്ധമാണ്.
മാത്രമല്ല മറ്റാരെയോ സഹായിക്കാന്‍ വേണ്ടിയുള്ള അടുത്ത സിഎംആര്‍എല്ലിനെ സൃഷ്ടിക്കുവാനുള്ള ഗൂഢലക്ഷ്യമാണിത്. കേരള തീരത്തെ ഈ വലിയ സമ്പത്തിനെ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി മാറി മാറി വന്നിട്ടുള്ള ഇടതു വലതു മുന്നണികള്‍ കൃത്യമായി കൊള്ളയടിക്കുന്നു.
ആ കൊള്ളയടിച്ചതിന്റെ വീതം പറ്റിയതിന്റെ കേസാണ് ഇപ്പോള്‍ മാസപ്പടി ഇനത്തില്‍ നടന്നു കൊണ്ടിരിക്കുന്നത്. ആ വീതം പറ്റിയ ആളുകളുടെ ലിസ്റ്റ് ഇനിയും പുറത്തു വരാനുണ്ട്. ആ ലിസ്റ്റ് പുറത്തു വരുമ്പോള്‍ സംസ്ഥാന മന്ത്രിസഭയിലെ ഉന്നത പദവി വഹിക്കുന്നവരും ഉണ്ട്. അത് ഒന്നും രണ്ടും ലക്ഷം ഒന്നുമല്ല കോടികളാണ്.
വീണ്ടും അധികാരത്തില്‍ വന്ന് നിസാര ദിവസങ്ങള്‍ കൊണ്ടു തന്നെ അടുത്ത കൊള്ളയ്ക്കുള്ള കോപ്പ് കൂട്ടുകയാണ്. ഇതില്‍ രാഷ്ട്രീയത്തിനപ്പുറത്ത് നമ്മള് ചിന്തിക്കേണ്ട വളരെ ഗൗരവമുള്ള ഒരു വിഷയം നമ്മുടെ കുട്ടികള്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ വിദേശത്തേക്ക് പലായനം ചെയ്യുമ്പോള്‍ നമ്മുടെ യഥാര്‍ത്ഥ സ്വത്തിനെ കൊള്ളയടിക്കാന്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇടതു വലത് നേതൃത്വങ്ങള്‍ നിന്നു കൊടുക്കുന്നു.
ഇലക്ട്രിക് വെഹിക്കിള്‍സിന്റെ ബാറ്ററി നിർമിക്കാന്‍ ആവശ്യമുള്ള പെര്‍മനന്റ് മാഗ്നെറ്റ് ഉല്പാദിപ്പിക്കാന് കഴിയുന്ന വലിയ ധാതുസമ്പത്ത് കേരള തീരത്ത് ഒളിഞ്ഞു കിടപ്പുണ്ട്. അത് മനസിലാക്കിയ വിദേശ കമ്പനികളും ഇന്ത്യയില്‍ തന്നെയുള്ള ഭീമന്മാരും നമ്മുടെ സര്‍ക്കാരിനെ സ്വാധീനിച്ചിട്ടുണ്ട് എന്ന് സംശയിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ 7500 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. 400 കോടി രൂപ മുടക്കിയാല്‍ ഒരു സ്വകാര്യ പങ്കാളിത്തവും ഇല്ലാതെ കേരള സംസ്ഥാനത്ത് ഈ മുഴുവന്‍ മിനറല്‍സും എക്സ്ട്രാക്ട് ചെയ്ത് ഗവണ്മെന്റ് സെക്ടറില്‍ തന്നെ ഇത് ചെയ്യാന്‍ കഴിയും.
നൂറുകണക്കിന് ചെറുപ്പക്കാര്‍ക്ക് ജോലി കൊടുക്കാന്‍ കഴിയും. പക്ഷെ അപ്പോള്‍ ഒരു പ്രശ്നമുണ്ട് സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഇല്ലയെങ്കില്‍ അഴിമതി നടക്കില്ല. രണ്ടു പതിറ്റാണ്ട് കാലമായി കേരളത്തിലെ ഇടത് വലതു മുന്നികളെ തീറ്റിപ്പോറ്റുന്നത് ഈ കരിമണല്‍ മാഫിയയാണ്.
ഇതിന് അറുതി വരുത്തിയേ മതിയാവും ഈ വിഷയത്തില്‍ ബിജെപി ശക്തമായ സമര രംഗത്തത് ഉണ്ടാകും. കേരളത്തിന്റെ തീരത്തു നിന്നും ഇനി ഒരു കിലോ കരിമണല്‍ പോലും അനധികൃതമായി ഖനനം ചെയ്യാന്‍ ബിജെപി സമ്മതിക്കില്ല.
National
ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപീകരണത്തെ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനത്തോട് ഉപമിച്ച ബിജെപി എംപി തേജസ്വി സൂര്യ ക്ഷമാപണം നടത്തിയില്ലെങ്കിൽ സംസ്ഥാനത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന് കോൺഗ്രസ്. ക്ഷമാപണം നടത്താതെ തേജസ്വി തെലുങ്കാനയിൽ എത്തിയാൽ ശക്തമായ പ്രതിഷേധം നേരിടുമെന്ന് മുതിർന്ന നേതാവ് ബൽമൂർ വെങ്കിട്ട് മുന്നറിയിപ്പ് നൽകി.
തേജസ്വിയുടെ പ്രസ്താവന തെലുങ്കാനയിലെ ജനങ്ങളെ ആഴത്തിൽ വേദനിപ്പിക്കുന്നതാണ്. ഇത് തെലുങ്കാനയോടുള്ള ബിജെപിയുടെ യഥാർഥ മനോഭാവമാണ് കാണിക്കുന്നത്. ഈ വിവാദ പരാമർശത്തെ തള്ളിക്കളയാൻ ബിജെപി നേതൃത്വം ഇതുവരെ തയാറായിട്ടില്ലെന്നും ബൽമൂർ വെങ്കിട്ട് പറഞ്ഞു.
National
മുംബൈ: ‘ഓപ്പറേഷൻ ടൈഗർ’ വെറുമൊരു ട്രെയ്ലർ മാത്രമാണെന്നും യഥാർഥ സിനിമ റിലീസ് ചെയ്യാനിരിക്കുന്നതേയുള്ളൂവെന്നും ശിവസേന ഷിൻഡെ വിഭാഗം അധ്യക്ഷൻ ഏക്നാഥ് ഷിൻഡെ. മുംബൈയിലെ ഗോരേഗാവിൽ ശിവസേന സ്ഥാപക ദിനാഘോഷ റാലിയിൽ പ്രസംഗിക്കവെയാണ് ശിവസേന ഉദ്ധവ് വിഭാഗം എംപിമാരെ ബിജെപിയുടെ ഒത്താശയോടെ തന്റെ പാർട്ടിയിലേക്ക് വശീകരിക്കുന്ന നടപടിയെ അദ്ദേഹം ന്യായീകരിച്ചത്.
ഓപ്പറേഷൻ ടൈഗറിനുശേഷം പല നായ്ക്കളും കുരയ്ക്കാൻ തുടങ്ങിയെന്നും കൂട്ടമായി സഞ്ചരിക്കുന്ന ആടുകളെപ്പോലെയല്ല, ഒരു കടുവ ജനിക്കുന്നതുതന്നെ വേട്ടയാടാനാണെന്നും അത് ഒറ്റയ്ക്കാണു സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഎന്റെ സത്യസന്ധതയും കഠിനാധ്വാനവും കാരണമാണ് എംഎൽഎമാരും മന്ത്രിമാരും നേതാക്കളും എന്റെ സൈനികരായി എന്നോടു വിശ്വസ്തത പുലർത്തുന്നത്. ഞാൻ എപ്പോഴും അവർക്കൊപ്പമുണ്ട്, അവർക്ക് എപ്പോൾ വേണമെങ്കിലും എന്നെ സമീപിക്കാവുന്നതുമാണ്. ഞാൻ വീട്ടിൽ ചുമ്മാതിരിക്കാറില്ല, മറിച്ച് പുറത്തിറങ്ങി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുകയാണ് ചെയ്യുന്നത്-ഏക്നാഥ് ഷിൻഡെ കൂട്ടിച്ചേർത്തു.
മുംബൈ: ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലെങ്കില്‍ അധ്യക്ഷസ്ഥാനം ഒഴിയാന്‍ തയാറാണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. തനിക്കു നേതൃത്വത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് പാര്‍ട്ടി അംഗങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ഏതു സാധാരണ പ്രവര്‍ത്തകനും ചുമതല കൈമാറാന്‍ തയാറാണ്. അധ്യക്ഷസ്ഥാനത്ത് കടിച്ചുതൂങ്ങില്ല. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിനുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും ശിവസേന സ്ഥാപകദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ ഉദ്ധവ് വ്യക്തമാക്കി.
കൂറുമാറ്റക്കാരെ പരോക്ഷമായി സൂചിപ്പിച്ച് ശിവസേനയാണ് പലരെയും ഇന്നത്തെ നിലയില്‍ എത്തിച്ചതെന്ന് താക്കറെ ഓര്‍മിപ്പിച്ചു. താന്‍ ഇല്ലായിരുന്നില്ലെങ്കില്‍ അവര്‍ എങ്ങനെ തെരഞ്ഞെടുപ്പില്‍ ജയിക്കുമായിരുന്നെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസുമായുള്ള ശിവസേനയുടെ സഖ്യത്തെ ന്യായീകരിച്ച താക്കറെ, കോണ്‍ഗ്രസിലേക്ക് പാര്‍ട്ടി ലയിക്കുമെന്ന അഭ്യൂഹം തള്ളി. ഈ ലയന വാര്‍ത്തയാണ് അടുത്തിടെയുണ്ടായ കൂറുമാറ്റങ്ങള്‍ക്കു കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്.
“30 വര്‍ഷം ഞങ്ങള്‍ ബിജെപിക്കൊപ്പമുണ്ടായിരുന്നിട്ടും ബിജെപിയില്‍ ലയിച്ചിട്ടില്ലെങ്കില്‍, ഞങ്ങള്‍ എങ്ങനെ കോണ്‍ഗ്രസില്‍ ലയിക്കും’’അദ്ദേഹം ചോദിച്ചു. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ ‘മാതോശ്രീ’യെ (താക്കറെയുടെ വസതി) ഒരിക്കലും അപമാനിച്ചിട്ടില്ലെന്നും നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാർട്ടിയിലെ ആറു വിമത എംപിമാർ പ്രതിനിധാനം ചെയ്യുന്ന മണ്ഡലങ്ങൾ സന്ദർശിക്കാൻ ഉദ്ധവ് താക്കറെ തീരുമാനിച്ചിട്ടുണ്ട്.
ന്യൂഡൽഹി: ശിവസേന ഉദ്ധവ് വിഭാഗത്തിലെ ആറ് എംപിമാർ ഇന്ന് ഷിൻഡെ വിഭാഗത്തിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. രണ്ടു ദിവസം മുന്‍പ് എത്തിയ വിമത എംപിമാർ ഡൽഹിയിലെ രഹസ്യകേന്ദ്രത്തിൽ തങ്ങുകയാണ്. അതേസമയം, കൂറുമാറ്റം സംബന്ധിച്ച് സ്പീക്കർ അനുകൂല നിലപാട് സ്വീകരിച്ചാലും വിഷയം സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെടുമെന്ന് ഉറപ്പാണ്.
പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ പാർട്ടി വിപ്പ് നൽകിയിട്ടും അതു ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരിക്കും ഉദ്ധവ് വിഭാഗം സുപ്രീംകോടതിയെ സമീപിക്കുക. എംപിമാരുടെ കൂറുമാറ്റം നിയമവിരുദ്ധമാണെന്നും ഉദ്ധവ് പക്ഷം വാദിക്കും.
കൂറുമാറ്റക്കേസുകളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ലോക്സഭാ സ്പീക്കർക്കാണെങ്കിലും സ്പീക്കറുടെ തീരുമാനം പക്ഷപാതപരമാണെന്നു തോന്നിയാൽ സുപ്രീംകോടതിക്ക് ഇടപെടാമെന്ന് മുന്‍പ് ഒരു തെരഞ്ഞെടുപ്പുകേസിൽ കോടതി വ്യക്തമാക്കിയിരുന്നു.
National
ന്യൂഡൽഹി: രാജ്യത്തു വിലക്കയറ്റം കുതിച്ചുയരുമ്പോൾ ഭരണകക്ഷിയായ ബിജെപി മറ്റു പാർട്ടികളിൽനിന്നുള്ള ജനപ്രതിനിധികളെ പണം കൊടുത്തു വാങ്ങുന്ന തിരക്കിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
സാധാരണക്കാർക്ക് അടിസ്ഥാന ആവശ്യങ്ങൾപ്പോലും താങ്ങാൻ കഴിയുന്നില്ല. മോദിസർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത മൂലം ജനങ്ങളുടെ സമ്പാദ്യം അതിവേഗം ഇല്ലാതാകുന്നു.
യുവാക്കൾ കടുത്ത തൊഴിലില്ലായ്മ നേരിടുകയാണ്. രാജ്യത്തു സാമ്പത്തിക അരക്ഷിതാവസ്ഥ തുടരുകയും ചെയ്യുന്നു- സമൂഹമാധ്യമമായ എക്സിലൂടെ ഖാർഗെ കുറ്റപ്പെടുത്തി.
രാജ്യത്തു ചില്ലറ വില്പന സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 16 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. പല നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റത്തിനുപുറമെ മെഡിക്കൽ പണപ്പെരുപ്പം 15 ശതമാനത്തിനു മുകളിലാണെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
ഉദ്ധവ് താക്കറെയുടെ ശിവസേന, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിലെ എംപിമാരും എംഎൽഎമാരും കൂട്ടത്തോടെ ഭരണപക്ഷത്തേക്കു കൂറുമാറിയ പശ്ചാത്തലത്തിലാണ് ഖാർഗെയുടെ വിമർശനം.
ശിവസേന ഉദ്ധവ് വിഭാഗത്തിലെ എംപിമാരെ എൻഡിഎയുടെ ഭാഗമായ ഷിൻഡെ വിഭാഗത്തിലേക്ക് കൂറുമാറ്റിക്കാൻ ഓരോരുത്തർക്കും 50 കോടി വീതമാണു വാഗ്ദാനമെന്ന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റൗത്ത് ആരോപിച്ചിരുന്നു.
National
കോൽക്കത്ത: കോൽക്കത്ത വിമാനത്താവളത്തിന്റെ അറൈവൽ ഗേറ്റിന് സമീപം ബിജെപി-ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി. ഡൽഹിയിൽ ലോക്സഭാ സ്പീക്കർ ഓം ബിർളയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം. അഭിഷേക് ബാനർജിയെ ലക്ഷ്യമിട്ട് ബിജെപി നടത്തിയ വധശ്രമമാണ് ഇതെന്ന് ടിഎംസി ആരോപിച്ചു.
ഡൽഹിയിൽ നിന്ന് രാത്രി 9.45-ഓടെയാണ് അഭിഷേക് ബാനർജി കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇദ്ദേഹം എത്തുന്നതിന് മുൻപ് ബിജെപി പ്രവർത്തകർ ചീഞ്ഞ മുട്ടകളുമായി വിമാനത്താവളത്തിന്റെ അറൈവൽ ടെർമിനലിന് മുന്നിൽ തടിച്ചുകൂടിയിരുന്നു. അഭിഷേകിനെ സ്വീകരിക്കാൻ എത്തിയ ടിഎംസി പ്രവർത്തകർ ഇവരെ തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. ഇരുവിഭാഗവും ഏറ്റുമുട്ടുകയും ഹെൽമെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് അടിക്കുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തിന് പുറത്ത് വലിയ രീതിയിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. വിമാനത്താവളത്തിന് പുറത്ത് സംഘർഷം തുടർന്നതിനാൽ, അഭിഷേക് ബാനർജിക്ക് നേരെയുള്ള അക്രമ സാധ്യത ഒഴിവാക്കാൻ പോലീസ് അദ്ദേഹത്തെ മറ്റൊരു പ്രത്യേക ഗേറ്റിലൂടെ പുറത്തെത്തിച്ചു. കനത്ത പോലീസ് സുരക്ഷയിൽ അദ്ദേഹം ഉടൻ തന്നെ വിമാനത്താവളത്തിൽ നിന്നും മടങ്ങി. പാർട്ടിയിലെ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകാനാണ് അഭിഷേക് ബാനർജി ഡൽഹിയിൽ പോയത്.
National
ബംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായി എംഎൽഎമാർ ക്രോസ്വോട്ട് ചെയ്ത സംഭവത്തിൽ ബിജെപി കേന്ദ്ര നേതൃത്വം കടുത്ത രോഷത്തിൽ.
കർണാടക നേതാക്കളെ ഡൽഹിയിലേക്കു വിളിപ്പിച്ചിരിക്കുകയാണ് കേന്ദ്ര നേതൃത്വം. അതേസമയം, സംഭവത്തിലെ യാഥാർഥ്യം കണ്ടെത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായി സംസ്ഥാന നേതൃത്വം അറിയിച്ചു.
വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഏതാനും ബിജെപി അംഗങ്ങൾ ക്രോസ് വോട്ട് ചെയ്തുവെന്നാണ് ആരോപണം. പ്രശ്നത്തിൽ വിശദീകരണത്തിന് ദേശീയ സെക്രട്ടറി രാധ മോഹൻ ദാസ് അഗർവാളിനെയും സംസ്ഥാന നേതൃത്വത്തെയും ഡൽഹിക്കു വിളിച്ചിരിക്കുകയാണ്.
ക്രോസ് വോട്ടിംഗ് നടന്നുവെന്ന് പത്രക്കുറിപ്പിൽ സമ്മതിച്ച ബിജെപി നേതൃത്വം അന്വേഷണത്തിന് എംഎൽസിമാരായ സി.ടി. രവി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. മഹേഷ്, എംഎൽഎ മഹേഷ് തെൻഗിൻകായി എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചതായും അറിയിച്ചു.
National
റായ്പുർ: ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേരെ കാറിനുള്ളിൽ ചുട്ടുകൊന്ന സംഭവത്തിൽ നാല് പേർ പിടിയിൽ. ചത്തീസ്ഗഡിലെ കൊരിയ ജില്ലയിലാണ് സംഭവം. ബിജെപി നേതാവും ജൻപദ് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഭരത് സിംഗ് ആണ് കൊല്ലപ്പെട്ടത്.
ഭരത് സിംഗിനൊപ്പം കാറിലുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ അക്ഷത് ത്രിപാഠി, വിശാൽ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഭരത് സിംഗ് സഞ്ചരിച്ചിരുന്ന എസ്യുവി രണ്ട് ട്രക്കുകൾക്കിടയിൽ കുരുക്കുകയും കാറിൽ പെട്രോളൊഴിച്ച് തീയിടുകയുമായിരുന്നു. മണൽ ഖനനവുമായി ബന്ധപ്പെട്ട് കാലങ്ങളായുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ ഇതുവരെ ഒൻപത് പേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.
Kerala
തൃശൂര്‍: ബിജെപി തൃശൂര്‍ ജില്ലാ സൗത്ത് പ്രസിഡന്റ് എ ശ്രീകുമാറിനെതിരെ വീണ്ടും കേസെടുത്തു. ഇയാൾ മർദിച്ചെന്ന് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയെന്നതാണ് പുതിയ കേസ്.
സംഭവത്തില്‍ ഗുണ്ടയായ പെരിഞ്ഞനം സ്വദേശി ഗിരീഷിനെ(50) പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവിനെതിരെയുള്ള ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഗിരീഷ് ശ്രീകുമാറിന്റെ ഭാര്യയുടെ വീട്ടിലെത്തിയത്. തുടർന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിലെ ആരോപണം.
ശ്രീകുമാർ തന്നെ ക്രൂരമായി മർദിച്ചെന്ന് കാട്ടിയാണ് ഭാര്യ നേരത്തേ പോലീസിൽ പരാതി നൽകിയത്. എന്നാൽ ഈ കേസിൽ കോടതി ഉത്തരവുള്ളതിനാൽ പോലീസിന് മറ്റ് നടപടികളിലേക്ക് കടക്കാനായിരുന്നില്ല. എന്നാൽ, പുതിയ കേസിന്റെ പശ്ചാത്തലത്തിൽ ശ്രീകുമാറിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.
National
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയ്ക്കുപുറമെ സംഘടനാതലത്തിലും അഴിച്ചുപണിക്കൊരുങ്ങി ബിജെപി. യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാമുഖ്യം, സാമൂഹികസന്തുലനം എന്നിവ മാനദണ്ഡങ്ങളാക്കിയുള്ള പുനഃസംഘടനയാണു നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.
ഇതുസംബന്ധിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ, മുതിർന്ന ബിജെപി നേതാക്കൾ, ആർഎസ്എസ് പ്രതിനിധികൾ എന്നിവർ ചർച്ച നടത്തി.
കേന്ദ്രമന്ത്രിസഭയിൽനിന്ന് ഒഴിവാക്കുന്ന ചിലരെ ഭാരവാഹിത്വത്തിലേക്കും ഭാരവാഹികളായ ചിലരെ മന്ത്രിസഭയിലേക്കും മാറ്റിയേക്കും. ദേശീയ ഭാരവാഹികളുടെ എണ്ണം നിലവിലെ 45ൽനിന്ന് 60 ആയി ഉയർത്താനും ധാരണയായി.
നാലു മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളും വിലയിരുത്തി.
Kerala
തിരുവനന്തപുരം: നടൻ ഷെയ്ൻ നിഗം നായകനായ ദൃഢം, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്കെതിരെ കഥാ മോഷണ ആരോപണവുമായി മുന്‍ ഡിജിപി ആര്. ശ്രീലേഖ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ ചെറുകഥയാണ് ദൃഢത്തിന്റെ മൂലകഥയെന്നും യൂട്യൂബ് ചാനലില്‍ പറഞ്ഞ അനുഭവക്കുറിപ്പാണ് "ഭൂതകാലം' എന്ന പേരില്‍ സിനിമയാക്കിയതെന്നും ശ്രീലേഖ ആരോപിക്കുന്നു.
ദൃഢം എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പൊലീസ് സ്റ്റേഷൻ' എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി link താഴെ കൊടുക്കുന്നു.
https://youtu.be/xjaz_VjXons?si=-XniMmBERoPN-paO എന്റെ ചാനലിൽ മൂന്ന് വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം' എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. "ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ. https://youtu.be/R_BL-xuqZZU?si=RKXegDSmUYMpOwom
ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്. രണ്ടിലെയും നായകൻ ഷെയിൻ നിഗം ആണ്!. ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ.
പ്രത്യേകിച്ച് ദൃഢം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ് എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.
Kerala
കോട്ടയം: റബർ ബോർഡിന് 18 മാസത്തിനുശേഷം സ്ഥിരം ചെയർമാൻ. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ. ഹരിയെ റബർ ബോർഡ് ചെയർമാനായി നിയമിച്ചു.
ചെയർമാൻ സ്ഥാനത്തുനിന്ന് ഡോ. സവാർ ധനാനിയ ഒഴിഞ്ഞ ശേഷം, വാണിജ്യ മന്ത്രാലയം സെക്രട്ടറിമാർക്ക് ചെയർമാന്റെ ചുമതല നൽകിവരികയായിരുന്നു.
കോട്ടയം ആനിക്കാട് സ്വദേശയായ എൻ. ഹരി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് വൻ തകർച്ചയിലേക്കാണ് പോകുന്നതെന്നും മമത ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും പ്രതിനിധീകരിക്കുന്നത് 'വ്യാജ തൃണമൂലിനെ' ആണെന്നും ബിജെപി. തൃണമൂലിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കുടുംബ രാഷ്ട്രീയമാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു.
ലോക്സഭയിലെ 20 തൃണമൂൽ എംപിമാർ ഒപ്പിട്ട രേഖ പുറത്തുവന്നതോടെ കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് 'യഥാർത്ഥ തൃണമൂൽ' എന്ന് വ്യക്തമായിരിക്കുകയാണെന്ന് ഒരു വീഡിയോ പ്രസ്താവനയിലൂടെ പൂനാവാല അവകാശപ്പെട്ടു.
"സ്വന്തം പാർട്ടിയേക്കാൾ ഉപരിയായി അനന്തരവന് മമത ബാനർജി മുൻഗണന നൽകിയതാണ് തൃണമൂൽ അവരിൽ നിന്ന് അകലാൻ കാരണം. കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നവർക്ക് ഒടുവിൽ സ്വന്തം പാർട്ടിയുടെ മേലുള്ള നിയന്ത്രണം നഷ്ടമാകുമെന്നതാണ് യാഥാർത്ഥ്യം." ഷെഹ്സാദ് പൂനാവാല പറഞ്ഞു.
Kerala
കോട്ടയം: കേരള കോൺഗ്രസ് എമ്മിന് വേണമെങ്കിൽ ബിജെപിക്കൊപ്പം വരാമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ്. കർഷകരോട് അനുഭാവം പുലർത്തുന്ന പാർട്ടിയാണെങ്കിൽ അവർ ബിജെപിക്കൊപ്പം വരണമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരുടെ പാർട്ടിയാണെന്നും അവർ തീരുമാനമെടുത്താൽ ബിജെപി നേതൃത്വം ഉചിതമായ തീരുമാനത്തിലെത്തുമെന്നും ഷോൺ പറഞ്ഞു.
മാസപ്പടി കേസിൽ കൃത്യമായ തെളിവ് ഇഡിയുടെ പക്കലുണ്ട്. അതും ഡിജിറ്റൽ തെളിവുകൾ. ഏതൊക്കെ രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പുറത്ത് വരുമെന്ന് കാണാം. സിഎംആർഎല്ലിൽ നിന്നും പാർട്ടി ഫണ്ട് വാങ്ങിയ നേതാക്കൾ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ചിട്ടില്ല. അതൊക്കെ ഉടൻ പുറത്തുവരും.
ഇഡിയുടെ ചോദ്യം ചെയ്യൽ പിണറായി വിജയനിലേക്കെത്തും. വീണക്ക് ഇതുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ല. സിഎംആർഎൽ കമ്പനിയുടെ ട്രാൻസാക്ഷൻ പരിശോധിക്കുമ്പോൾ എല്ലാം മനസിലാകും. എന്തിന് വേണ്ടി ആണ് പണം നൽകിയത് എന്ന് ഇപ്പോഴും പുറത്ത് വന്നിട്ടില്ല.
സിബിഐ വന്നാൽ മാത്രമേ വസ്തുത പുറത്ത് വരുകയുള്ളുവെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: പ്രാദേശികതലത്തിൽ രാഷ്ട്രീയപോരാട്ടം നിലനിൽക്കുന്നുവെങ്കിലും ബിജെപിക്കും ആർഎസ്എസിനുമെതിരേ ഒന്നിച്ചുപോരാടാൻ പ്രതിപക്ഷപാർട്ടികളോടു ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആഹ്വാനം.
തിങ്കളാഴ്ച ഡൽഹിയിൽ നടന്ന ഇന്ത്യാ മുന്നണി യോഗത്തിലായിരുന്നു രാഹുലിന്റെ ആഹ്വാനം. യോഗത്തിൽ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം ഇന്നലെയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
കേരളത്തിലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പോയി കെട്ടിപ്പിടിക്കാൻ പറഞ്ഞാൽ എനിക്കു പരിമിതികളുണ്ട്. പ്രാദേശികതലത്തിൽ സിപിഎമ്മുമായി രാഷ്ട്രീയപോരാട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ എനിക്കതിനു സാധിക്കില്ല. എന്നാൽ ദേശീയതലത്തിൽ ഇന്ത്യ എന്ന മുന്നണി ആശയത്തെ സംരക്ഷിക്കുന്നതിന് പ്രതിപക്ഷപാർട്ടികൾ ഒന്നിച്ചുനിൽക്കണം.
കോണ്‍ഗ്രസിനും എനിക്കുമെതിരേ പ്രതിപക്ഷ സഖ്യത്തിൽനിന്നുയരുന്ന എല്ലാ വിമർശനങ്ങളെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ ഞാൻ തയാറാണ്. എല്ലാവരെയും സ്നേഹത്തോടെ ഒന്നിപ്പിച്ചുനിർത്തുകയാണ് എന്റെ ലക്ഷ്യം-രാഹുൽ ഗാന്ധി വ്യക്തമാക്കി.
തെരഞ്ഞെടുപ്പു കമ്മീഷൻ ഉൾപ്പെടെയുള്ള ഭരണഘടനാസ്ഥാപനങ്ങളെല്ലാം ബിജെപിയുടെ പൂർണ നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുണ്ടെന്ന യാഥാർഥ്യം പ്രതിപക്ഷപാർട്ടികൾ തിരിച്ചറിയണം. തൃണമൂൽ കോണ്‍ഗ്രസ്, സമാജ്വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ തുടങ്ങിയ കക്ഷികൾ പഴയ രാഷ്ട്രീയതന്ത്രങ്ങൾ ഫലിക്കുമെന്ന് ഇനിയും കരുതി വഞ്ചിതരാകരുത്. രാജ്യത്ത് തുല്യവും സുതാര്യവുമായ ഒരു രാഷ്ട്രീയസാഹചര്യം നിലനിന്നിരുന്നപ്പോൾ മാത്രമാണ് അതു ഫലിച്ചത്.
ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തുന്ന കൃത്രിമങ്ങൾ ഞാൻ നേരിട്ടു കണ്ടതാണ്. മമതാ ബാനർജി, ഉദ്ധവ് താക്കറെ, തേജസ്വി യാദവ് തുടങ്ങിയ നേതാക്കൾക്ക് തങ്ങളുടെ തെരഞ്ഞെടുപ്പു ഫലങ്ങൾ മോഷ്ടിക്കപ്പെട്ടതിൽ ഇപ്പോഴും നേരിയ സംശയമേ ഉള്ളൂവെങ്കിൽ രാജ്യത്ത് 100 ശതമാനവും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പിച്ചുപറയാൻ എനിക്ക് കഴിയും-രാഹുൽ പറഞ്ഞു.
ഈ ഫാസിസ്റ്റ് ഭരണകൂടത്തെ നേരിടാൻ സാധാരണ രാഷ്ട്രീയപാർട്ടി സംവിധാനങ്ങൾക്കപ്പുറം ഒരു കടുത്ത ‘പ്രതിരോധ പ്രസ്ഥാന’മായി പ്രതിപക്ഷം മാറണമെന്ന് രാഹുൽ ആഹ്വാനം ചെയ്തു. 1927ൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ സംഘടനയിൽനിന്നു സ്വാതന്ത്ര്യസമര പ്രസ്ഥാനമായി മാറിയ ചരിത്രം രാഹുൽ ഓർമിപ്പിച്ചു.
സിബിഎസ്ഇ, നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേയുള്ള പോരാട്ടവും ഗ്രേറ്റ് നിക്കോബാർ വിഷയവും ഭാരത് ജോഡോ യാത്രയുമെല്ലാം ഈ പ്രതിരോധത്തിന്റെ ഭാഗമാണ്. രാജ്യം ഇപ്പോൾ വലിയൊരു ജനരോഷത്തിന് സാക്ഷ്യം വഹിക്കുകയാണ്. ജനങ്ങൾ പ്രതിപക്ഷത്തിനൊപ്പമാണ്.
പ്രതിപക്ഷം ദുർബലമാണെന്നു വരുത്തിത്തീർക്കാൻ ബിജെപി മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നുണ്ടെങ്കിലും പരസ്പരം പോരടിക്കാതെ ഒറ്റക്കെട്ടായി നിന്നു പ്രതിരോധിക്കാമെന്നും രാഹുൽ യോഗത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഐ വഴുതക്കാട് ബ്രാഞ്ച് സെക്രട്ടറി രാഹുല്‍ കുമാര്‍ ബിജെപിയിൽ ചേർന്നു. മാരാര്‍ജി ഭവനില്‍ നിന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് രാഹുല്‍ കുമാര്‍.
രാഹുലിനെ കൂടാതെ സിപിഐയില്‍ നിന്നും അഞ്ച് പേര് കൂടി ബിജെപിയില്‍ ചേര്‍ന്നു. രാഹുലിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി പ്രവേശനം. വഴുതക്കാട് വാര്‍ഡിലെ നൂറോളം സിപിഐ അനുഭാവികളും പ്രവര്‍ത്തകരും ബിജെപിയില്‍ ചേരുമെന്ന് സംസ്ഥാന നേതൃത്വം അവകാശപ്പെടുന്നു.
National
ന്യൂഡൽഹി: മധ്യപ്രദേശിൽ മൂന്ന് ബിജെപി സ്ഥാനാർഥികളെ രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. കോൺഗ്രസിന്റെ കടുത്ത എതിർപ്പ് അവഗണിച്ചായിരുന്നു മൂന്ന് സ്ഥാനാർഥികളെയും വിജയികളായി പ്രഖ്യാപിച്ചത്.
ഇതിനെതിരെ ഇന്ന് സംസ്ഥാനത്തെ എംഎൽഎമാരെ ഡൽഹിയിലെത്തിച്ച് പ്രതിഷേധിക്കാനാണ് കോൺഗ്രസ് തീരുമാനം. ബിജെപി നേതാക്കളായ തരുൺ ചുഗ്, രജനീഷ് അഗർവാൾ, മഹേഷ് കേവാട്ട് എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവിലെ ഹർജി നിലനിൽക്കാത്തതിനാൽ തെരഞ്ഞെടുപ്പ് ഹർജിയായി സമർപ്പിക്കാൻ കോൺഗ്രസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിലവിലെ നിയമസഭാകക്ഷി നിലയിൽ ഒരാളെ രാജ്യസഭയിലേക്ക് എത്തിക്കാനുള്ള അംഗസഖ്യം കോൺഗ്രസിനുണ്ടായിരുന്നു. ഈ സീറ്റിലേക്കാണ് മീനാക്ഷി നടരാജൻ മത്സരിച്ചത്. ബിജെപിയും ഈ സീറ്റിലേക്ക് മഹേഷ് കേവാട്ടിനെ മത്സരിപ്പിച്ചു. പത്രിക തള്ളിയതോടെ കേവാട്ട് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
National
ന്യൂഡൽഹി: "വോട്ട് ചോരി’ ആരോപണത്തിനു പിന്നാലെ ബിജെപിക്കെതിരേ "സീറ്റ് ചോരി’ആരോപണവുമായി കോണ്‍ഗ്രസ്. മധ്യപ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളുകയും ജാർഖണ്ഡിൽ ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാർഥി പരിമൾ നത്വാനിയുടെ പത്രിക പൂർണമല്ലാതിരുന്നിട്ടും സ്വീകരിക്കുകയും ചെയ്ത പക്ഷപാതപരമായ തീരുമാനത്തിനെതിരേയാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്.
ജനാധിപത്യ രീതിയിൽ ജയിക്കുന്നതിനു പകരം തെരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം നടത്തി എളുപ്പവഴി തേടുകയാണെന്ന് രാഹുൽ ആരോപിച്ചു. മീനാക്ഷി നടരാജന്റെ പത്രിക തള്ളിയതിനെത്തുടർന്ന് മധ്യപ്രദേശിൽ മൂന്ന് ബിജെപി സ്ഥാനാർഥികളെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് രാഹുലിന്റെ ആരോപണം.
വിഷയത്തിൽ ഉചിതമായ നടപടിയുണ്ടായില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം ഉണ്ടാകുമെന്ന് എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇന്ദിരാഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ നിരയിൽ അപ്രതീക്ഷിതമായുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗം ഇന്നലെ ചേർന്നിരുന്നു. മധ്യപ്രദേശ്, ജാർഖണ്ഡ് സംഭവങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
മീനാക്ഷി നടരാജനെതിരേ ഒരു ക്രിമിനൽ കേസ്പോലും നിലവിലില്ല. അവർക്കെതിരേ കോടതി ഒരു നോട്ടീസ് മാത്രമാണ് അയച്ചത്. സത്യവാങ്മൂലത്തിൽ ഇത് പരാമർശിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നാമനിർദേശ പത്രിക തള്ളിയത്. എന്നാൽ, ജാർഖണ്ഡിൽ പത്രിക പൂർണമല്ലാതിരുന്നിട്ടും ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാർഥിയുടെ പത്രിക സ്വീകരിച്ചു.
ഇന്ത്യൻ ജനാധിപത്യം ഇപ്പോൾ നേരിടുന്ന പരിതാപകരമായ അവസ്ഥയാണ് ഇത് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ പൂർണമായും തകർക്കുന്ന നടപടി ഉണ്ടായിട്ടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മൗനം തുടരുകയാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ബിജെപി ഒരു വശത്ത് മറ്റു പാർട്ടികളിലെ അംഗങ്ങളെ ചാക്കിട്ട് പിടിക്കുകയും മറുവശത്ത് സീറ്റുകൾ മോഷ്ടിക്കുകയാണെന്നും അദ്ദേഹം പരിഹ സിച്ചു.
National
ഗാന്ധിനഗർ: ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ച ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) യുടെ നാല് സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി വ്യാഴാഴ്ച (ജൂൺ 11) അവസാനിച്ചതോടെയാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്.
പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്താതിരുന്നതിനാലും മറ്റ് സ്വതന്ത്ര സ്ഥാനാർഥികൾ ആരും തന്നെ മത്സരരംഗത്ത് ഇല്ലാതിരുന്നതിനാലുമാണ് ബിജെപി സ്ഥാനാർഥികളുടെ വിജയം സുഗമമായത്. രാജുഭായ് ശുക്ല, മാൻസിംഗ് പാർമർ, മുകേഷ്ഭായ് രത്വ, ജിതേന്ദ്ര കഞ്ചാരിയ എന്നിവരാണ് സ്ഥാനാർഥികൾ
നാല് സീറ്റുകളിലേക്ക് നാല് സ്ഥാനാർഥികൾ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നതെന്ന് റിട്ടേണിംഗ് ഓഫീസറും ഗുജറാത്ത് നിയമസഭാ സെക്രട്ടറിയുമായ ചേതൻ പാണ്ഡ്യ ഔദ്യോഗികമായി അറിയിച്ചു.
"നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ജൂൺ 11-ന് അവസാനിച്ചപ്പോൾ, നാല് സീറ്റുകളിലേക്ക് നാല് സ്ഥാനാർഥികൾ മാത്രമാണ് അവശേഷിച്ചത്. തുടർന്ന് റിട്ടേണിംഗ് ഓഫീസർ ചേതൻ പാണ്ഡ്യ നാല് പേരെയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു."
Kerala
തിരുവനന്തപുരം: പോലീസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ സുഗതനെ കാപ്പ കേസിൽ നാടു കടത്തിയത് രണ്ടു തവണ. 2022, 2025 വര്‍ഷങ്ങളിലാണ് ഇയാളെ കാപ്പ ചുമത്തി നാടുകടത്തിയത്.
2022, 2025 വര്‍ഷങ്ങളില്‍ ഇയാള്‍ക്കെതിരെ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നാടുകടത്തപ്പെട്ട് തിരികെയെത്തിയ ശേഷവും ഇയാള്‍ വധശ്രമക്കേസില്‍ പ്രതിയായി. അങ്ങനെ ഒരു വധശ്രമക്കേസിലായിരുന്നു ഇയാള്‍ ഒളിവിലായിരുന്നത്.
രണ്ട് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ നിലവില്‍ 11 കേസുകളുണ്ട്. ഇതില്‍ നാലെണ്ണം വധശ്രമക്കേസാണ്. ഇതിന് പുറമേ ലഹളയുണ്ടാക്കല്‍, ദേഹോപദ്രവമുണ്ടാക്കല്, ഭീഷണിപ്പെടുത്തല്‍ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എല്ലാ കേസുകളിലും സുഗതനാണ് ഒന്നാം പ്രതി. ഒന്നൊഴികെയുള്ള എല്ലാ കേസുകളിലും പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.12 വർഷത്തിനിടയിൽ മോദി സർക്കാർ വെറും മുദ്രാവാക്യങ്ങൾ മുഴക്കുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ചരിത്രത്തെ വളച്ചൊടിച്ചതുകൊണ്ടോ വികലമാക്കിയതുകൊണ്ടോ സത്യം ഇല്ലാതാകുന്നില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്നത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ്. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദവിയിലിരുന്നതും നെഹ്റുവാണെന്നും ഖാർഗെ പറഞ്ഞു.
ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന രണ്ടാമത്തെ വ്യക്തി ഇന്ദിരാ ഗാന്ധിയാണ്. സ്വതന്ത്ര ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പുകൾക്ക് ശേഷം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി ആരാണെന്ന് തെളിയിക്കാൻ ഇപ്പോൾ ബിജെപിക്ക് പരിഹാസ്യമായ പുതിയൊരു വിഭാഗം തന്നെ കണ്ടെത്തേണ്ടി വന്നിരിക്കുകയാണെന്ന് ഖാർഗെ പറഞ്ഞു.
കേന്ദ്രസർക്കാർ എല്ലാ മേഖലകളിലും വെറും പ്രചരണങ്ങളും പരാജയവും മാത്രമാണ്. ഇപ്പോൾ നേട്ടങ്ങളുടെ പേരിൽ ഈ സർക്കാരിന് ബാക്കിയുള്ളത് ഇവന്റ് മാനേജ്മെന്റും കെട്ടിച്ചമച്ച കഥകളും മാത്രമാണെന്നും മല്ലികാർജുൻ ഖാർഗെ കൂട്ടിച്ചേർത്തു.
Kerala
എറണാകുളം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എൻ.കെ. സുധീർ കോൺഗ്രസിൽ മടങ്ങിയെത്തി. കുടുംബത്തിലേക്കുള്ള മടക്കം എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും കോൺഗ്രസിൽ ചേർന്നത് എൻ.കെ. സുധീർ വ്യക്തമാക്കിയത്. രാഷ്ട്രീയമായ ചില പ്രവർത്തനങ്ങളുടെ ഭാഗമായി താൻ ചെറിയൊരു ഇടവേള എടുത്തിരുന്നു, എന്നാൽ, തന്റെ രാഷ്ട്രീയ വേരുകളും ആശയങ്ങളും എന്നും കോൺഗ്രസ് പ്രസ്ഥാനത്തോടൊപ്പമായിരുന്നുവെന്നും അതുകൊണ്ട് അഭിമാനത്തോടെയും സന്തോഷത്തോടെയും കോൺഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയെന്നും എൻ.കെ. സുധീർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എൻ.കെ. സുധീർ ഇക്കാര്യം അറിയിച്ചത്.
National
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന് തിരിച്ചടി തുടരുന്നു. രാജ്യസഭാംഗം സുസ്മിത ദേവ് രാജിവച്ചു. കഴിഞ്ഞ ദിവസം പോലും തൃണമൂൽ കോൺഗ്രസ് വിമതരെ കടുത്ത ഭാഷയിൽ വിമർശിച്ച സുസ്മിത ദേവിൽ നിന്നും അപ്രതീക്ഷിത നീക്കമാണ് ഉണ്ടായത്.
രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് നൽകിയ സുസ്മിതാദേവ് , പാർട്ടിയുടെ എല്ലാ പദവികളും പ്രാഥമിക അംഗത്വവും ഒഴിയുന്നതായി മമത ബാനർജിക്ക് കത്ത് നൽകി. തൊട്ടുപിന്നാലെ ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുമായി സുസ്മിത കൂടിക്കാഴ്ച നടത്തി.
ഉടൻ ബിജെപി അംഗത്വം എടുത്തേക്കും എന്നാണ് സൂചന. ടിഎംസി രാജ്യസഭാംഗം സുകേന്ദു ശേഖർ റായ് രാജി വച്ച് ഒരാഴ്ച പിന്നിടും മുൻപാണ് സുസ്മിത ദേവിന്റെ രാജി . ഒഴിവുവന്ന ഈ രണ്ടു രാജ്യസഭാ സീറ്റുകളും ഇനി ബിജെപിക്ക് ലഭിക്കും. പാർട്ടിയിലെ പ്രതിസന്ധിക്കിടെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ഡൽഹിയിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞദിവസം മമതാ ബാനർജി സോണിയ ഗാന്ധിയെ കണ്ടിരുന്നു. തൃണമൂൽ കോൺഗ്രസ് ലോക്സഭ എംപി സയോണി ഘോഷും വിമത ക്യാമ്പിൽ എത്തി. വിമത നീക്കത്തിന് ശേഷമുള്ള പുനഃസംഘടനയിൽ, മമത ബാനർജി സയോണി ഘോഷിന് തൃണമൂൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ ചുമതല നൽകിയിരുന്നു.
Kerala
തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ ബിജെപി വാഴോട്ടുകോണം കൗണ്‍സിലർ സുഗതനെ കോടതി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സുഗതനെ വീട് വളഞ്ഞ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. സുഗതന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയിരുന്നു. ബിജെപി പ്രവർത്തകരും സുഗതന്റെ ബന്ധുക്കളും ചേർന്ന് പ്രതിരോധം തീർത്തു. ഇതേ തുടർന്ന് വട്ടിയൂർക്കാവ് എസ്എച്ച്ഒ. വിപിൻ ആകാശത്തേക്ക് വെടിയുതിർത്തു.
വീടിന്റെ പിറക് വശത്ത് നിന്നാണ് കൗണ്‍സിലറെ പിടികൂടിയത്. വൻ പോലീസ് സന്നാഹത്തോടെയാണ് സുഗതനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഏറെ നേരം ബന്ധുക്കളും പാർട്ടിപ്രവർത്തകരും ചേർന്ന് പോലീസുമായി വാക്കേറ്റം നടന്നിരുന്നു.
സുഗതനെ രാത്രിയിൽ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പൂജപ്പുര സെൻട്രൽ ജയിലിലാണ് സുഗതനെ പാർപ്പിച്ചിരിക്കുന്നത്. സുഗതന്റെ പേരിൽ നിരവധി കേസുകൾ നിലവിലുള്ളതിനാൽ പോലീസ് കാപ്പ വകുപ്പ് ചുമത്തിയിട്ടുണ്ട്.
പോലീസിനെ ആക്രമിച്ചെന്ന് കാട്ടി സുഗതനെതിരെ പുതിയ ഒരു കേസുകൂടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേ സമയം പോലീസ് പ്രകോപനമില്ലാതെ തന്നെയും മകനെയും മർദ്ദിച്ചുവെന്നും മാല പൊട്ടിച്ചുവെന്നും സുഗതന്റെ ഭാര്യ ആരോപിച്ചു.
വനിതാ പോലീസ് ഇല്ലാതെയാണ് പോലീസ് സംഘം വീട്ടിനകത്ത് കടന്നതെന്നും തന്നെയും മകനെയും മർദ്ദിച്ചെന്ന് ഭാര്യ ആരോപിച്ചു. ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ വട്ടിയൂർക്കാവ് എസ്എച്ച്ഒ വിപിൻ, എസ്ഐ. അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റെന്നും ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണെന്നും സിറ്റി പോലീസ് കമ്മീഷ്ണർ പറഞ്ഞു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ രാത്രി നടന്ന നാടകീയ രംഗങ്ങൾക്കൊടുവില്‍ പോലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. കസ്റ്റഡിയിലെടുക്കാനെത്തിയ പോലീസുകാരെ ആക്രമിച്ചതിന് സുഗതനെതിരെ കേസെടുത്തിട്ടുണ്ട്.
കാപ്പ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കലിനിടാൻ നിദേശിച്ച ആളാണ് സുഗതൻ. ഇയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മർദനമേറ്റ വട്ടിയൂർക്കാവ് സിഐ വിപിൻ, എസ്ഐ അഭിജിത് എന്നിവർ ചികിത്സ തേടിയിരുന്നു.
ഇരുവരെയും ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ദ ചികിത്സയ്ക്ക് വിധേയമാക്കും. സുഗതന്റെയും സഹോദരന്റെയും മർദനത്തിലാണ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. സ്ഥലത്ത് ബിജെപി പ്രവർത്തകരും വളഞ്ഞത്തോടെ സി ഐ ആകാശത്തേക്ക് നിറയൊഴിച്ച ശേഷമാണ് സുഗതനെ കസ്റ്റഡിയിലെടുത്തത്.
National
ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപി മൂന്നാമതൊരു സ്ഥാനാർത്ഥിയെക്കൂടി അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ അട്ടിമറി ഭീതിയിൽ കോൺഗ്രസ്. എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നത് തടയാൻ മധ്യപ്രദേശിലെ തങ്ങളുടെ ജനപ്രതിനിധികളെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടകയിലേക്കും തെലങ്കാനയിലേക്കും മാറ്റാനുള്ള നടപടികൾ കോൺഗ്രസ് നേതൃത്വം ആരംഭിച്ചു.
നിലവിലെ നിയമസഭാ കക്ഷിബലം അനുസരിച്ച് ബിജെപിക്ക് രണ്ട് സ്ഥാനാർത്ഥികളെ മാത്രമേ സുഗമമായി വിജയിപ്പിക്കാൻ കഴിയൂ. എന്നാൽ ആർഎസ്എസ് പശ്ചാത്തലമുള്ള മഹേഷ് കേവതിനെക്കൂടി ഉൾപ്പെടുത്തി മൂന്നാമതൊരു സ്ഥാനാർത്ഥിയെക്കൂടി ബിജെപി ഗോദയിലിറക്കിയതാണ് കോൺഗ്രസ് ക്യാമ്പിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. മീനാക്ഷി നടരാജനെയാണ് കോൺഗ്രസ് ഇവിടെ തങ്ങളുടെ രാജ്യസഭാ സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ക്രോസ് വോട്ടിംഗിലൂടെ കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിച്ച് മൂന്ന് സീറ്റും പിടിച്ചെടുക്കാനാണ് ബിജെപിയുടെ നീക്കം.
അതേസമയം, ജാർഖണ്ഡിലെ രണ്ട് രാജ്യസഭാ സീറ്റുകളിലൊന്നിൽ സഖ്യകക്ഷികളോട് ആലോചിക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ കടുത്ത അതൃപ്തിയിലാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സോറൻ നേരിട്ട് അതൃപ്തി അറിയിച്ചിരുന്നു. ഇന്നലെ ചർച്ചകളിലൂടെ വിഷയം പരിഹരിച്ചുവെന്ന് കോൺഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇന്ന് നടന്ന സുപ്രധാനമായ 'ഇന്ത്യ' സഖ്യയോഗത്തിൽ പങ്കെടുക്കാതെ പകരം പ്രതിനിധിയെ അയച്ച സോറന്റെ നീക്കം സഖ്യത്തിലെ വിള്ളൽ വ്യക്തമാക്കുന്നു.
ഇവിടെ സ്വതന്ത്രനായി പത്രിക സമർപ്പിച്ച പ്രമുഖ വ്യവസായി പരിമൾ നാഥ്വാനിയെയാണ് ബിജെപി പിന്തുണയ്ക്കുന്നത്. ജയമുറപ്പിക്കാൻ നാല് എംഎൽഎമാരുടെ പിന്തുണ കൂടി വേണമെന്നിരിക്കെ, ജാർഖണ്ഡിലും അട്ടിമറി ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണ് പ്രതിപക്ഷ സഖ്യം.
National
ന്യൂഡൽഹി: ഡൽഹിയിൽ ചേർന്ന ഇന്ത്യ സഖ്യ യോഗത്തെ പരിഹസിച്ച് ബിജെപി എംപി സംബിത് പത്ര. ഡിഎംകെ, എഎപി പാർട്ടികൾ സഖ്യത്തിൽനിന്ന് വിട്ടുനിന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. യോഗം ഇപ്പോൾ ശുഷ്കിച്ച് ഒറ്റമുറിയിലേക്ക് മാറിയെന്ന് സംബിത് പത്ര പരിഹസിച്ചു.
മുൻപ് ഈ യോഗങ്ങൾ സ്റ്റേഡിയങ്ങളിലായിരുന്നു നടന്നിരുന്നത്. ബംഗളൂരുവിൽ എല്ലാവരും കൈകോർത്തുനിന്നു. ക്രമേണ ഈ യോഗങ്ങൾ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിലെ ഒരു ചെറിയ മുറിയിലേക്ക് ഒതുങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ കോൺഗ്രസ് പെട്ടെന്നുതന്നെ മറ്റൊരു പാർട്ടിയുമായി സഖ്യം ചേർന്ന് സർക്കാർ രൂപീകരിച്ചു. എന്നാൽ ബംഗാളിൽ തോറ്റപ്പോൾ അവർ മുറവിളി കൂട്ടുകയാണ്. രാജ്യം മുഴുവൻ ഈ കാപട്യം കാണുന്നുണ്ടെന്നും സംബിത് പത്ര ആരോപിച്ചു.
പ്രതിപക്ഷ പാർട്ടികൾക്ക് താഴെത്തട്ടിൽ യഥാർഥ സാന്നിധ്യമില്ല. അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. അതുകൊണ്ടാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്യാത്തത്. രാഹുൽ ഗാന്ധി എവിടെയുണ്ടോ, അവിടെ ആരുടെയും രാഷ്ട്രീയ ഭാഗ്യം തെളിയാറില്ലെന്നും സംബിത് പത്ര പരിഹസിച്ചു.
രണ്ടു മാസത്തിലൊരിക്കൽ യോഗം ചേരാൻ അവർ തീരുമാനിച്ചിട്ടുണ്ട്. ഈ പോക്കാണെങ്കിൽ, മൂന്നാമത്തെയോ നാലാമത്തെയോ യോഗം ഒരു കാറിനുള്ളിലായിരിക്കും നടക്കുകയെന്നും സംബിത് പത്ര കൂട്ടിച്ചേർത്തു.
National
ചെന്നൈ: കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണിയിൽ തുടരില്ലെന്ന് എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ. ഭാവിയിൽ ബിജെപി വിരുദ്ധസഖ്യം രൂപീകരിച്ചേക്കാമെന്നും ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ പറഞ്ഞു.
കോൺഗ്രസ് നിലപാടുകളാണ് മുന്നണി ഉപേക്ഷിക്കുന്നതിനു കാരണം. ഒട്ടേറെ കക്ഷികൾ ഇപ്പോൾത്തന്നെ ഇന്ത്യാ സഖ്യത്തിൽനിന്നു പിന്മാറിയിട്ടുണ്ട്. ഡിഎംകെയും സമാന വഴി പിന്തുടരുന്നുവെന്നുമാത്രം.
ഡിഎംകെയുടെ സഖ്യകക്ഷികളായ കോൺഗ്രസും മുസ്ലിം ലീഗും വിസികെയും ഇപ്പോൾ തമിഴ്നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിന്റെ ഭാഗമാണ്.
ആം ആദ്മി പാർട്ടിയും ഇന്ത്യാ മുന്നണിയിൽനിന്ന് പിന്മാറിയിരുന്നു. ഇപ്പോൾ ഡിഎംകെയും- ഇളങ്കോവൻ പറഞ്ഞു.
National
ഭോപ്പാൽ: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ നിന്നുള്ള ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാർത്ഥി പ്രഖ്യാപനം അയൽസംസ്ഥാനമായ ഉത്തർപ്രദേശിലെ രാഷ്ട്രീയ സമവാക്യങ്ങളെ ലക്ഷ്യമിട്ടാണെന്ന് റിപ്പോർട്ട്. മധ്യപ്രദേശ് ഫിഷർമാൻ വെൽഫെയർ ബോർഡ് അധ്യക്ഷനും ശക്തമായ ആർഎസ്എസ് പശ്ചാത്തലവുമുള്ള മഹേഷ് കേവതിനെയാണ് ബിജെപി രാജ്യസഭയിലേക്ക് ഒടുവിൽ നാമനിർദേശം ചെയ്തത്.
2027ന്റെ തുടക്കത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ നിർണായകമായ പിന്നാക്ക വോട്ട് ബാങ്കിനെ ലക്ഷ്യമിട്ടാണ് ബിജെപിയുടെ ഈ തന്ത്രപരമായ നീക്കമെന്നാണ് വിലയിരുത്തൽ. ഉത്തർപ്രദേശിലെ ആകെ 403 നിയമസഭാ മണ്ഡലങ്ങളിൽ ഏകദേശം 150-160 സീറ്റുകളിൽ മത്സ്യത്തൊഴിലാളി, വഞ്ചിക്കാരൻ തുടങ്ങിയ സമുദായങ്ങൾക്ക് (നിഷാദ്, കേവത്, മല്ലഹ്, കശ്യപ്, ബിന്ദ്) നിർണായക സ്വാധീനമുണ്ട്. പ്രത്യേകിച്ച് കിഴക്കൻ യുപി, മധ്യ യുപി, ബുന്ദേൽഖണ്ഡ് മേഖലകളിലെ നദീതീരങ്ങളിലുള്ള അറുപതോളം സീറ്റുകളിൽ ഇവരുടെ വോട്ടുകൾ സ്ഥാനാർത്ഥികളുടെ ജയപരാജയങ്ങൾ നേരിട്ട് നിർണയിക്കുന്നവയാണ്.
മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിൽ നിന്നുള്ള കേവത് സമുദായക്കാരനായ മഹേഷ് കേവതിനെ രംഗത്തിറക്കുന്നതിലൂടെ യുപിയിലെ ഈ വലിയ വോട്ട് ബാങ്കിന് ശക്തമായ സന്ദേശം നൽകാനാണ് ബിജെപി ശ്രമിക്കുന്നത്. നിലവിൽ യുപിയിൽ ബിജെപി സഖ്യകക്ഷിയായ നിഷാദ് പാർട്ടിയുടെയും അതിന്റെ നേതാവ് സഞ്ജയ് നിഷാദിന്റെയും സമ്മർദ രാഷ്ട്രീയത്തെ പ്രതിരോധിക്കുക എന്നതും ഈ നീക്കത്തിന് പിന്നിലുണ്ട്. സമുദായത്തിലെ ഒരു സാധാരണ നേതാവിനെ ഉയർന്ന പാർലമെന്ററി പദവിയിലേക്ക് ഉയർത്തുന്നതിലൂടെ, വഞ്ചിക്കാരൻ-മത്സ്യത്തൊഴിലാളി സമുദായത്തെ ഇടനിലക്കാരില്ലാതെ നേരിട്ട് പാർട്ടിയിലേക്ക് അടുപ്പിക്കാൻ ബിജെപിക്ക് സാധിക്കും.മുമ്പ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി ഡോ. മോഹൻ യാദവിനെ നിയോഗിച്ചപ്പോൾ അത് യുപി, ബിഹാർ സംസ്ഥാനങ്ങളിലെ യാദവ വോട്ടർമാരെ ലക്ഷ്യമിട്ടായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിരുന്നു. സമാനമായ രീതിയിൽ, മധ്യപ്രദേശിലെ മൂന്നാം രാജ്യസഭാ സീറ്റിലേക്കുള്ള അപ്രതീക്ഷിത സ്ഥാനാർത്ഥിത്വത്തിലൂടെ യുപിയിലെ നിർണായക പിന്നാക്ക വോട്ട് ബാങ്ക് 2027-ന് മുമ്പേ തങ്ങൾക്കൊപ്പം ഉറപ്പിച്ചു നിർത്തുകയാണ് ബിജെപി
National
റാഞ്ചി:വിദേശ മണ്ണിലിരുന്ന് ചിലർ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ഇന്ത്യൻ യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കാനും കളിപ്പാവകളാക്കാനും ശ്രമിക്കുകയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നവിൻ. ഇത്തരം നീക്കങ്ങൾ ഇന്ത്യയിൽ അനുവദിക്കില്ലെന്നും രാജ്യത്തെ യുവാക്കൾ ആരുടെയും കളിപ്പാവകളാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജാർഖണ്ഡിലെ റാഞ്ചിയിൽ പാർട്ടി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീറ്റ്, സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ച് ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപി അധ്യക്ഷന്റെ ഈ പ്രതികരണം."വിദേശത്തിരുന്ന് ചിലർ വിചാരിക്കുന്നത് അവർക്ക് ഇന്ത്യയിലെ യുവാക്കൾക്ക് ദിശാബോധം നൽകാനാകുമെന്നാണ്. എന്നാൽ ഇന്ത്യൻ യുവാക്കൾ ഗ്രാമങ്ങളിലെ കർഷകർക്കൊപ്പവും, കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും, കോളേജ് കാമ്പസുകളിലുമാണ് ജീവിക്കുന്നത്. അവർ ആരുടെയും കൈയിലെ കളിപ്പാവകളാകില്ല."
യുവാക്കളെ നെഗറ്റീവ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നവർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി വിദേശത്തുനിന്ന് തിരിച്ചെത്തിയ അഭിജീത് ദിപ്കെ (30) എന്ന യുവാവിന്റെ നേതൃത്വത്തിലാണ് ജന്തർ മന്തറിൽ പ്രതിഷേധം നടക്കുന്നത്.
National
ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചടി തുടരുന്നു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ, സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജന് എന്നിവരുടെ പുറത്തുപോക്കിന് പിന്നാലെ തമിഴ്നാട് ബിജെപിയില്‍ നിന്ന് വീണ്ടും രാജി.
ബിജെപി സംസ്ഥാന സെക്രട്ടറി സുമതി വെങ്കിടേഷ് ആണ് രാജിവച്ചത്. പദവി ഒഴിഞ്ഞതായും പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും സുമതി വെങ്കിടേഷ് എക്സിലൂടെ അറിയിച്ചു.
ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് എക്സ് പോസ്റ്റില്‍ പറയുന്നത്. പ്രധാനമന്ത്രിയെ പിന്തുണച്ചും പോസ്റ്റില്‍ പറയുന്നുണ്ട്. നരേന്ദ്ര മോദിയുടെ കീഴില്‍ ബിജെപി മുറകെ പിടിക്കുന്ന ദേശീയതയിലും ദേശസ്നേഹത്തിലും രാജ്യസേവനത്തിലും ഇപ്പോഴും പ്രചോദിതയാണെന്നാണ് സുമതിയുടെ വാക്കുകള്‍.
അണ്ണാമലൈക്കു പിന്നാലെയുള്ള സുമതി വെങ്കിടേഷിന്റെ രാജി തമിഴ്നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍, എന്താണ് അടുത്ത പദ്ധതിയെന്ന് സുമതി വ്യക്തമാക്കിയിട്ടില്ല.
National
ചെന്നൈ: മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിട്ടത് തിരിച്ചടിയല്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. അദ്ദേഹം പോയത് കൊണ്ട് പാർട്ടിക്ക് ഒരു നഷ്ടവും ഇല്ലെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞു.
ദിവസങ്ങൾക്ക് മുന്‍പ് അണ്ണാമലൈ സമർപ്പിച്ച രാജി പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ ഇന്ന് അംഗീകരിക്കുകയായിരുന്നു. ബിജെപിയുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിച്ച അദ്ദേഹം സ്വന്തമായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ശക്തമായി മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ നിലവിലെ ദ്രാവിഡ രാഷ്ട്രീയത്തിനും പരമ്പരാഗത ദേശീയ കക്ഷികൾക്കും പകരമായി തമിഴ്നാട്ടിലെ ജനങ്ങൾക്ക് തികച്ചും സുതാര്യവും ജനപക്ഷവുമായ ഒരു രാഷ്ട്രീയ ബദൽ നൽകാനാണ് താൻ പുതിയ പാർട്ടിക്ക് രൂപം നൽകുന്നതെന്ന് അണ്ണാമലൈ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ പേര്, കൊടി, നയരേഖ എന്നിവ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
Kerala
തൃശൂർ: കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ്. ഇന്ത്യൻ നിയമവ്യവസ്ഥയെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ വിധിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിൽ ഇനി പുതുതായി തെളിവ് ശേഖരിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷോൺ ജോർജ്, മാത്യു കുഴൽനാടൻ നൽകിയ കേസും തന്റെ കേസും രണ്ടാണെന്നും കൂട്ടിച്ചേർത്തു. "നടന്നത് വ്യക്തമായ ക്രിമിനൽ കുറ്റമാണ്, അതിന് ആർക്കും ഇമ്യൂണിറ്റി (പരിരക്ഷ) ഇല്ല. സംസ്ഥാന സർക്കാരിന് വലിയ ഓഹരി പങ്കാളിത്തമുള്ള കെഎസ്ഐഡിസി പോലെയുള്ള പൊതുമേഖലാ സ്ഥാപനം ഉൾപ്പെട്ട കമ്പനിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ സാമ്പത്തിക തിരിമറി നടത്തിയത്. ഇതിനായി അവർ നൽകിയ ജിഎസ്ടി ഇൻവോയ്സുകൾ വ്യാജമാണ്," ഷോൺ ജോർജ് ആരോപിച്ചു.
നൽകാത്ത സേവനത്തിനാണ് ഇവിടെ പണം കൈപ്പറ്റിയിരിക്കുന്നത്. ഇതിലൂടെ ജിഎസ്ടി തട്ടിപ്പും നടന്നിട്ടുണ്ട്. അതിനാൽ സംസ്ഥാന സർക്കാരിന് വേണമെങ്കിലും ഈ വിഷയത്തിൽ കേസെടുക്കാവുന്നതാണ്. വീണ വിജയൻ ഇവിടെ വെറുമൊരു ഇടനിലക്കാരി മാത്രമാണെന്നും ഈ കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. സ്വജനപക്ഷപാതത്തിന് പകരമായാണ് സിഎംആർഎൽ ഈ പണം നൽകിയതെന്നും ഷോൺ ജോർജ് തുറന്നടിച്ചു.
National
ന്യൂഡൽഹി: രാഷ്ട്രീയ കേന്ദ്രങ്ങളെ ഉറ്റുനോക്കിക്കൊണ്ടിരുന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ അന്തിമവിരാമം. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും പാർട്ടിയുടെ ജനപ്രിയ മുഖവുമായ കെ. അണ്ണാമലൈയുടെ രാജി ബിജെപി കേന്ദ്ര നേതൃത്വം ഔദ്യോഗികമായി അംഗീകരിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം പാർട്ടി വിടുമെന്ന വാർത്തകൾ ശക്തമായി നിലനിന്നിരുന്നു.
മുൻ ഐപിഎസ് ഓഫീസർ കൂടിയായ അണ്ണാമലൈ, കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ബി.എൽ. സന്തോഷ് എന്നിവരുമായി നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളും താൻ പാർട്ടി വിടാൻ ആലോചിക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം പുറത്തുവന്നത്.
തമിഴ്നാട്ടിൽ പാർട്ടിയെ താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച അണ്ണാമലൈയുടെ അപ്രതീക്ഷിത എക്സിറ്റ് ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് വലിയൊരു തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം അണ്ണാമലൈ പാർട്ടി വിട്ടേക്കുമെന്ന സൂചനകളെ തുടർന്ന്, ആന്ധ്രാപ്രദേശിൽ അദ്ദേഹത്തിനായി മാറ്റിവച്ചിരുന്ന രാജ്യസഭാ സീറ്റിലുള്ള അവകാശവാദം പോലും ബിജെപിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. അണ്ണാമലൈയുടെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്.
National
ന്യൂഡൽഹി: ആന്ധ്രപ്രദേശിൽ തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ഒരു രാജ്യസഭാ സീറ്റിലേക്കുള്ള അവകാശവാദം ഉപേക്ഷിച്ച് ബിജെപി. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈക്ക് വേണ്ടിയായിരുന്നു ഈ സീറ്റ് നേരത്തെ മാറ്റിവെച്ചിരുന്നത്. എന്നാൽ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചേക്കുമെന്ന വാർത്തകൾ ശക്തമായ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ഈ പിന്മാറ്റം.
ബിജെപിയുടെ അപ്രതീക്ഷിത പിന്മാറ്റത്തോടെ ആന്ധ്രാപ്രദേശിൽ ഒഴിവുവരുന്ന നാല് രാജ്യസഭാ സീറ്റുകളിൽ മൂന്നെണ്ണം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാർട്ടിക്കും (ടിഡിപി), അവശേഷിക്കുന്ന ഒരു സീറ്റ് പവൻ കല്യാണിന്റെ ജനസേനാ പാർട്ടിക്കും നൽകാൻ എൻഡിഎ യോഗത്തിൽ തീരുമാനമായി. മുൻപ് നിശ്ചയിച്ചിരുന്ന ഫോർമുല പ്രകാരം ടിഡിപിക്ക് രണ്ടും ബിജെപിക്കും ജനസേനയ്ക്കും ഓരോ സീറ്റ് വീതവുമായിരുന്നു നൽകേണ്ടിയിരുന്നത്.
രാജ്യസഭാ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പവൻ കല്യാൺ, സംസ്ഥാന ബിജെപി നേതാക്കൾ എന്നിവർ അമരാവതിയിൽ യോഗം ചേർന്നിരുന്നു. സഖ്യകക്ഷികൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ മാസം തിരുപ്പതി, അമരാവതി, വിശാഖപട്ടണം എന്നിവിടങ്ങളിൽ മൂന്ന് പൊതുയോഗങ്ങൾ നടത്താനും എൻഡിഎ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് ബിജെപി രാജ്യസഭ സീറ്റ് നിഷേധിച്ചു. മധ്യപ്രദേശിൽ നിന്നുള്ള ഒഴിവിലേക്ക് ജോർജ് കുര്യനെ വീണ്ടും പരിഗണിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും, ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് വൈകിട്ട് പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിട്ടില്ല.
നിലവിലെ നിയമപ്രകാരം കേന്ദ്ര മന്ത്രിസഭയിൽ തുടരുന്നതിന് പാർലമെന്റ് അംഗത്വം (ലോക്സഭ അല്ലെങ്കിൽ രാജ്യസഭ) അനിവാര്യമാണ്. നിലവിൽ എംപിയല്ലാത്ത ജോർജ് കുര്യന് സീറ്റ് നിഷേധിക്കപ്പെട്ടതോടെ, ഉടൻ നടക്കാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്നാണ് രാഷ്ട്രീയ സൂചനകൾ.
ജൂൺ 18-നാണ് പത്ത് സംസ്ഥാനങ്ങളിലെ 24 സീറ്റുകളിലേക്കും രണ്ടിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലേക്കുമുള്ള രാജ്യസഭ വോട്ടെടുപ്പ് നടക്കുന്നത്. അന്നേദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. ഈ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നടത്തിയ നിർണായക രാഷ്ട്രീയ നീക്കം കേരളത്തിലെ പാർട്ടി വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖയാണെന്ന് ബിജെപി എംഎൽഎമാർ.
ബിജെപി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിൽ നിയമസഭാംഗങ്ങളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ബി.ബി. ഗോപകുമാർ എന്നിവർ പങ്കെടുത്തു.
കേരളത്തിന്റെ വികസന സാന്പത്തിക പ്രതിസന്ധികളുടെ മുഴുവൻ ഉത്തരവാദിത്വവും കേന്ദ്ര സർക്കാരിന്റെ മേൽ കെട്ടിവച്ച് സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ മറച്ചുവയ്ക്കുന്ന പതിവു സമീപനമാണ് നയപ്രഖ്യാപന ചർച്ചകളിലും പ്രതിഫലിച്ചതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
കേരള നിയമസഭയിൽ ബിജെപിയുടെ മൂന്ന് അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും, കേന്ദ്ര സർക്കാരിനെതിരേ ഏകപക്ഷീയമായ ആരോപണങ്ങളുന്നയിച്ച് വസ്തുതകൾ മറച്ചുവയ്ക്കുന്ന സമീപനങ്ങൾക്കു ശക്തമായ മറുപടി നൽകാൻ ബിജെപി തയാറാണെന്നും അവർ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള നിരവധി ജനക്ഷേമ-വികസന പദ്ധതികൾ കേരളത്തിൽ കാര്യക്ഷമമായി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായും സംസ്ഥാനത്തിന്റെ തനതു വരുമാനം വർധിപ്പിക്കുന്നതിനോ സാന്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനോ വ്യക്തമായ കാഴ്ചപ്പാട് നയപ്രഖ്യാപന പ്രസംഗത്തിലില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
Kerala
കൊച്ചി: കേരളത്തില്‍ എയിംസ് കൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന് സുരേഷ് ഗോപി എംപി. എയിംസ് സാധ്യമായില്ലെങ്കിൽ വോട്ട് ചോദിച്ചുവരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തില്‍ ഏത് എംപിയാണ് നിങ്ങളോട് പറയുകയെന്നും അദ്ദേഹം ചോദിച്ചു.
അനുയോജ്യമായ അഞ്ചു സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി. കേരളത്തില്‍ എവിടെ വേണമെങ്കിലും സ്ഥലം തരാമെന്ന ആരേഗ്യമന്ത്രി കെ.മുരളീധരന്റെ സമീപനം വളരെ പോസിറ്റീവ് ആണെന്നും സുരേഷ്ഗോപി പറഞ്ഞു.
ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങള്‍. കേരളത്തിന് ഏക എംപിയെ സമ്മാനിച്ച തൃശൂരിനും എയിംസിന് അവകാശമുണ്ട്. രേഖാമൂലം കാര്യങ്ങള്‍ നീക്കിയാല്‍ അടുത്ത ബജറ്റിന് മുമ്പ് കേരളത്തിന് എയിംസ് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് എയിംസ് നിഷേധിക്കപ്പെട്ടത്. ഇന്ധന വില വര്‍ധനവില്‍ സംസ്ഥാനം ടാക്സ് കുറയ്ക്കുന്നതിന് തയാറാകണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
National
കോൽക്കത്ത: ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയത് 177 സീറ്റുകളിൽ വോട്ടെണ്ണലിൽ കൃത്രിമം നടത്തിയാണെന്ന് തൃണമൂൽ അധ്യക്ഷ മമത ബാനർജി. പ്രയാസകരമായ ഘട്ടത്തിൽ താൻ തൃണമൂൽ പ്രവർത്തകരെ ഉപേക്ഷിച്ചുപോകില്ലെന്ന് മമത പറഞ്ഞു.
പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ രാഷ്ട്രീയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ നേതൃത്വത്തിൽ കോൽക്കത്തയിൽ സംഘടിപ്പിച്ച വൻ പ്രതിഷേധ ധർണയിൽ സംസാരിക്കുകയായിരുന്നു മമത. സെൻട്രൽ കോൽക്കത്തയിലെ എസ്പ്ലനേഡിലാണ് മമതയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചത്.
“സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ ഞങ്ങളുടെ പ്രവർത്തകർക്കു നേരേ വ്യാപക ആക്രമണം അഴിച്ചുവിടുകയാണ്. ബിജെപിയെ പരാജയപ്പെടുത്താൻ ഞാൻ പോരാട്ടം തുടരും. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ തടയാനാണ് ശ്രമമെങ്കിൽ അറസ്റ്റു വരിക്കാൻ ഞാൻ തയാറാണ്. തെരഞ്ഞെടുപ്പിനു പിന്നാലെ 12 തൃണമൂൽ പ്രവർത്തകർ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു.” - മമത ആരോപിച്ചു.
പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്കു നേരേ സോനാർപുരിൽ ഉണ്ടായ ആക്രമണത്തെയും അവർ ശക്തമായി അപലപിച്ചു.
പശ്ചിമബംഗാളിൽ ജനങ്ങൾ ഭയത്തോടെയാണ് ജീവിക്കുന്നത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം പൂർണമായി തകർക്കാനാണ് ബിജെപി ശ്രമം. വരും ദിവസങ്ങളിൽ കോൽക്കത്തയിൽ പ്രതിഷേധിക്കാൻ അനുമതി നൽകിയില്ലെങ്കിൽ സമരം ഡൽഹിയിലേക്കു വ്യാപിപ്പിക്കുമെന്നും മമത മുന്നറിയിപ്പു നല്കി.
National
ന്യൂഡൽഹി: സിബിഎസ്ഇ പരീക്ഷാ പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നാലെ കൂട്ട നടപടി. ചെയർമാൻ രാഹുൽ സിംഗ്, സെക്രട്ടറി ഹിമാൻഷൂ ഗുപ്ത എന്നിവരെ സ്ഥലം മാറ്റി.
വിവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടതിന് പിന്നാലയാണ് നപടിയുണ്ടായത്. ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റിയതിന് പിന്നാലെ പുതിയ നിയമനങ്ങളും നടത്തി കേന്ദ്ര സർക്കാർ ഉത്തരവിറക്കി.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സിബിഎസ്ഇയുടെ പുതിയ ചെയർമാനായി എൽ.പി. സീതാറാമിനെയും പുതിയ സെക്രട്ടറിയായി വരുൺ ഭരദ്വാജിനെയും നിയമിച്ചുകൊണ്ട് ഉത്തരവിറക്കി. പരീക്ഷാ മൂല്യനിർണയത്തിലെ ഗുരുതര വീഴ്ചകളെത്തുടർന്ന് മുൻ ചെയർമാനെയും സെക്രട്ടറിയെയും മാറ്റിയതിന് തൊട്ടുപിന്നാലെയാണ് പുതിയ നിയമനങ്ങൾ.
National
ചെന്നൈ: ബിജെപി ബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം പാർട്ടി നേതൃത്വത്തെ അറിയിച്ച് കെ. അണ്ണാമലൈ. പാർട്ടി ചുമതലകൾ ഒഴിഞ്ഞ് അണ്ണാമലൈ പുതിയ സംഘടന രൂപീകരിക്കാനുള്ള താത്പര്യം അറിയിച്ചെന്നാണ് സൂചന.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തി. എന്നാൽ ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ അണ്ണാമലൈ തയാറായില്ല. നിലപാട് ബുധനാഴ്ച പരസ്യമാക്കുമെന്നാണ് അണ്ണാമലൈയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി അണ്ണാമലൈ രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. അണ്ണാ ഡിഎംകെയുമായുള്ള സഖ്യത്തിലും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും അദ്ദേഹം അതൃപ്തി വ്യക്തമാക്കി.
അമിത് ഷായുടെ വസതിയിലെത്തിയ അണ്ണാമലൈ, നേതാക്കളോട് ആദരവ് മാത്രമാണ് ഉള്ളതെന്നും എന്നാൽ തമിഴ്നാട് ബിജെപിയിൽ തുടരാനാകില്ലെന്നും അറിയിച്ചു. ഒരു ദിവസം കൂടി ഡൽഹിയിൽ തങ്ങണമെന്ന് അമിത് ഷാ മറുപടി നൽകിയതായാണ് വിവരം.
National
ന്യൂഡൽഹി: തമിഴ്നാട് രാഷ്ട്രീയത്തെ പിടിച്ചുലച്ചുകൊണ്ട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്നും രാജിവെച്ചതായി സൂചന. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അണ്ണാമലൈ രാജിക്കത്ത് കൈമാറിയതായുള്ള റിപ്പോർട്ടുകൾ. വൈകിട്ട് നാല് മണിക്ക് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അന്തിമ തീരുമാനം അണ്ണാമലൈ പ്രഖ്യാപിച്ചേക്കും.
തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റി പകരം നൈനാർ നാഗേന്ദ്രനെ നിയമിച്ചതു മുതൽ അണ്ണാമലൈ പാർട്ടിയിൽ സജീവമായിരുന്നില്ല. ബിജെപിയിൽ തനിക്ക് ഇനി ഭാവിയില്ലെന്ന് വിലയിരുത്തിയ അദ്ദേഹം, സൗഹാർദപരമായ അന്തരീക്ഷത്തിൽ പാർട്ടി വിടാനുള്ള താല്പര്യം ദേശീയ അധ്യക്ഷൻ നിതിൻ നബിനെയും ഓർഗനൈസേഷൻ സെക്രട്ടറി ബി.എൽ. സന്തോഷിനെയും അറിയിക്കുകയായിരുന്നു. സ്വന്തം വഴി തെരഞ്ഞെടുക്കാൻ സമയമായെന്നാണ് മുൻ ഐപിഎസ് ഓഫീസർ കൂടിയായ അണ്ണാമലൈ നേതൃത്വത്തോട് വ്യക്തമാക്കിയത്.
എന്നാൽ, അദ്ദേഹത്തെ പാർട്ടിയിൽ നിലനിർത്താൻ ദേശീയ നേതൃത്വം ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും ദേശീയ തലത്തിൽ വലിയ പദവികൾ വാഗ്ദാനം ചെയ്തേക്കുമെന്നും സൂചനയുണ്ട്. അടുത്ത നിർദേശം ഉണ്ടാകുന്നതുവരെ ഡൽഹിയിൽ തുടരാൻ അണ്ണാമലൈയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ അണ്ണാമലൈയുടെ ഈ പിന്മാറ്റം തമിഴക രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കും.
National
ചെന്നൈ: തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടി വിടുന്നതായി റിപ്പോർട്ടുകൾ. ബിജെപിയിൽ തനിക്ക് ഇനി അവസരങ്ങളോ ഭാവി പ്രത്യാശകളോ ഇല്ലെന്നാണ് അണ്ണാമലൈയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടി ദേശീയ അധ്യക്ഷൻ നിതിൻ നബീനുമായി ഡൽഹിയിൽ ഇന്ന് നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പാർട്ടി വിട്ടേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി ഒരു മാസത്തിന് ശേഷമാണ് ഈ നീക്കം.
തമിഴ്നാട്ടിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കണമെന്നായിരുന്നു അണ്ണാമലൈയുടെ താൽപര്യമെങ്കിലും കേന്ദ്ര നേതൃത്വം എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കുകയായിരുന്നു. അണ്ണാമലൈയെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ നിബന്ധന കേന്ദ്ര നേതൃത്വം അംഗീകരിച്ചതോടെയാണ് അണ്ണാമലൈ പാർട്ടിയിൽ പാർശ്വവത്കരിക്കപ്പെട്ടത്. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുകയോ പാർട്ടിയുടെ പ്രചാരണ രംഗത്ത് സജീവമാകുകയോ ചെയ്തിരുന്നില്ല.
കേന്ദ്ര സർക്കാർ വെച്ചുനീട്ടിയ രാജ്യസഭാ സീറ്റ് ഓഫർ അണ്ണാമലൈ നിരസിച്ചതായും വിവരമുണ്ട്. അണ്ണാമലൈ ചെന്നൈ എയർപോർട്ടിൽ എത്തിയ വാഹനത്തിൽ ബിജെപിയുടെ കൊടി വെച്ചിരുന്നില്ല എന്നതും ശ്രദ്ധേയമായി. പാർട്ടി വിട്ട ശേഷം അണ്ണാമലൈ ആദ്യം ഒരു പുതിയ സാമൂഹിക പ്രസ്ഥാനം ആരംഭിക്കുമെന്നും പിന്നീട് അത് രാഷ്ട്രീയ പാർട്ടിയായി മാറ്റുമെന്നുമാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
യുവജനങ്ങളെയും സമാന ചിന്താഗതിക്കാരെയും ഉൾപ്പെടുത്തി വിപുലമായ ഒരു ശൃംഖല കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. അദ്ദേഹം നിലവിൽ നടത്തുന്ന 'വി ദി ലീഡേഴ്സ്' എന്ന നേതൃത്വ പരിശീലന സംഘടന ഇതിനായി ഉപയോഗപ്പെടുത്തിയേക്കും. വരാനിരിക്കുന്ന തമിഴ്നാട് ഉപതെരഞ്ഞെടുപ്പുകളിൽ പുതിയ പാർട്ടി മത്സരിക്കുമെന്നാണ് സൂചന. ജൂൺ നാലിന് അണ്ണാമലൈയുടെ ജന്മദിനം വരാനിരിക്കെ ചെന്നൈ നഗരത്തിൽ ഉടനീളം അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.