ആർ. സുഗതൻ (File photo)
കൊച്ചി: കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്‍റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് നടത്താന്‍ ഉത്തരവിട്ട് ഹൈക്കോടതി. സൂപ്രണ്ടിന്‍റെ മുറിയില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുക. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുന്നത്. സത്യപ്രതിജ്ഞയ്ക്ക് ജയിലില്‍ സൗകര്യം ഒരുക്കാമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാപ്പ തടവില്‍നിന്ന് ഇടക്കാല മോചനം നല്‍കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്.
അംഗീകൃത മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ചട്ടവിരുദ്ധമായി പ്രതിജ്ഞ ചെയ്തതിനു ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാര്‍ഡ് 20ലെ കൗണ്‍സിലറായ സുഗതന്‍. നേരത്തെ നെടുമങ്ങാട് കോടതി രണ്ട് കേസുകളില്‍ സുഗതന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു.
എന്നാല്‍, കാപ്പാ കേസില്‍നിന്നു ജയില്‍ മോചിതനായാല്‍ മാത്രമേ ഇടക്കാല ജാമ്യം ബാധകമാകൂ എന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇടക്കാല ജയില്‍ മോചനം തേടി ഹൈക്കോടതിയെ സമീപിച്ചത്.
Tags : RSugathan OathTaking ViyyurJail BJP