ചെന്താമര
പാലക്കാട്:നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ചെന്തമാരക്കെതിരെ ബിഎന്‍എസ് 103 (1), 126(2) വകുപ്പുകള്‍ തെളിഞ്ഞു.
പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് വിധി. കേസിലെ അന്തിമവാദം കോടതി ജൂണ്‍ 30 ന് പൂര്‍ത്തിയായിരുന്നു. ഈ മാസം ആറിന് വിധി പറയാനിരുന്ന കേസ് , വിചാരണ കോടതി ജഡ്ജിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
2025 ജനുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. നെന്മാറ പോത്തുണ്ടിയിൽ അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും(75) പട്ടാപ്പകൽ ചെന്താമര വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ ആയിരുന്ന ചെന്താമര ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് അരുംകൊല നടത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ചെന്താമരയെ പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ തൊട്ടടുത്ത ദിവസം രാത്രി സമീപത്തെ മാട്ടായി വനമേഖലയിൽ നിന്ന് സാഹസികമായി പിടികൂടുകയായിരുന്നു.
സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇരട്ട ജീവപര്യന്തവും വിധിച്ചിരുന്നു.
Tags : Chenthamara Nenmara double murder case