അപകടത്തിൽപ്പെട്ട് ബോട്ട്
ഹനോയ്: വിയറ്റ്നാമിൽ സ്പീഡ് ബോട്ട് അപകടത്തിൽ വിനോദസഞ്ചാരികൾ മരിച്ചതിനെ തുടർന്ന് ബോട്ടിന്റെ ക്യാപ്റ്റൻ അറസ്റ്റിൽ. 57- കാരനായ ക്യാപ്റ്റനെ അറസ്റ്റ് ചെയ്തതായി ആൻ ഗിയാംഗ് പ്രവിശ്യയിലെ പോലീസ് അറിയിച്ചു. ക്യാപ്റ്റന്റെ ഭാഗത്തുനിന്ന് നിയമലംഘനം നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. അതേസമയം അതീവ മോശം കാലാവസ്ഥ മൂലമാണ് ബോട്ട് അപകടത്തിൽപ്പെട്ടതെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. സംഭവസമയം മഴ ഉണ്ടായിരുന്നില്ലെന്നും ശക്തമായ തിരമാലകൾ ഉണ്ടായെന്നും റിപ്പോർട്ടുണ്ട്. ഈ സമയം വിനോദസഞ്ചാരികളുമായി മറ്റ് ബോട്ടുകളും കടലിൽ ഉണ്ടായിരുന്നു.
ലൈഫ് ജാക്കറ്റ് ധരിക്കാതെ പലരും കടലിൽ ഒഴുകിനടക്കുന്നുണ്ടായിരുന്നു എന്ന് ദൃക്സാക്ഷി അറിയിച്ചു. ഇവർക്ക് ലൈഫ്ബോയും കയറും ഇട്ട് നൽകി ബോട്ടിലേക്ക് വലിച്ചുകയറ്റുകയായിരുന്നുവെന്നും അപകടത്തിൽപ്പെട്ടവരെ തീരത്തേക്ക് എത്തിക്കാനായി ജെറ്റ് സ്കീസിന്റെ സഹായം ലഭിച്ചുവെന്നും ദൃക്സാക്ഷി വ്യക്തമാക്കി.
ശനിയാഴ്ച ഉച്ചയ്ക്കാണ് സ്പീഡ് ബോട്ട് അപകടത്തിൽപ്പെട്ടത്. തെക്കൻ ഫൂ ക്വോക്ക് ദ്വീപിലെ ഹോൺ മേയ് റുട്ട് എൻഗോയ് ദ്വീപിൽനിന്ന് ആൻ തോയ് പോർട്ടിലേക്ക് യാത്ര പുറപ്പെട്ട് മിനിറ്റുകൾക്കകമാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ 15 ഇന്ത്യക്കാർ മരിച്ചു. ഇതിൽ രണ്ടുപേർ കേരളത്തിൽ നിന്നും മൂന്നുപേർ ആന്ധ്രാ പ്രദേശിൽ നിന്നും 10 പേർ തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണ്. രക്ഷപ്പെട്ട 17 ഇന്ത്യൻ വിനോദസഞ്ചാരികളിൽ 16 പേർ ഇന്ത്യയിലേക്ക് മടങ്ങിയെന്നും ഫൂ ക്വോക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമാണെന്നും ഇന്ത്യൻ എംബസി അറിയിച്ചു.