മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ റെയ്സന് ജില്ലയിൽ മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാക്കളെ പോസ്റ്റില്‍ കെട്ടിയിട്ട് ഷോക്കടിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ റെയ്സന് പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഫാം ഹൗസിലെ മോട്ടോര്‍ പമ്പുകള്‍ മോഷ്ടിച്ചെന്നാരോപിച്ച് ഇവരെ ഒരു കൃഷിയിത്തിലേക്ക് കൊണ്ടുപോയി. തുടർന്ന് പ്രദേശവാസികള്‍ പോസ്റ്റില്‍ കെട്ടിയിട്ട ശേഷം മോഷണക്കുറ്റം സമ്മതിക്കാനും കൂട്ടാളികള്‍ ആരൊക്കെയെന്ന് ചോദിച്ചുമായിരുന്നു ക്രൂരത. പിന്നാലെ വന്യമൃഗങ്ങളില്‍ നിന്ന് ഫാമിനെ സംരക്ഷിക്കാന്‍ സ്ഥാപിച്ച യന്ത്രത്തില്‍ നിന്നും ഇവരെ ഷോക്കടിപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മിഷന് വിഷയത്തില്‍ സ്വമേധയ കേസ് എടുത്തു. ജൂലൈ നാലിനാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. മോട്ടോര്‍ പമ്പ് മോഷ്ടിച്ചെന്ന സംശയത്തിൽ നാട്ടുകാർ ഇവരെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇവരിൽ നിന്ന് മോഷ്ടിച്ച നിരവധി മോട്ടോറുകൾ കണ്ടെടുക്കുകയും മോഷണക്കേസിൽ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ യുവക്കളെ മർദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്ത വിവരം ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴായിരുന്നു പോലീസിന്റെ ശ്രദ്ധയിൽപെടുന്നത്. ഉടൻ തന്നെ കേസെടുത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ജിതേന്ദ്ര താക്കുർ, ഭൻവർലാൽ താക്കൂർ എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യുവാനുമുള്ള ശ്രമങ്ങൾ തുടരുവാണെന്ന് പോലീസ് പറഞ്ഞു.
Tags :