ശ്രീധർ വെമ്പു
ചെന്നൈ: ആർഎസ്എസിന്റെ പരമ്പരാഗത ഗണവേഷമായ വെളുത്ത ഷർട്ടും കാക്കി പാന്റും ധരിച്ച് റൂട്ട് മാർച്ചിൽ പങ്കെടുത്ത് സോഹോ സ്ഥാപകനും ശതകോടീശ്വരനുമായ ശ്രീധർ വെമ്പു. തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ശങ്കരൻകോവിലിൽ നടന്ന മാർച്ചിലാണ് അദ്ദേഹം പങ്കെടുത്തത്. ബിജെപി നേതാവ് അനന്തൻ അയ്യസ്വാമിയാണ് ശ്രീധർ വെമ്പു മാർച്ചിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ എക്സിൽ പങ്കുവെച്ചത്.
ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിലുടനീളം നടക്കുന്ന രണ്ടാം ഘട്ട ഘോഷയാത്രയുടെ ഭാഗമായിരുന്നു ഈ റൂട്ട് മാർച്ച്. ഒക്ടോബർ 25, നവംബർ ഒന്ന് തീയതികളിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ മാർച്ച് നടത്താൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. പ്രാദേശിക പൊലിസിന്റെ കർശന നിർദേശങ്ങളും ഉപാധികളും പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
റൂട്ട് മാർച്ചിൽ പൂർണ സമയം പങ്കെടുത്ത ശ്രീധർ വെമ്പു അതിനുശേഷം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയും ചെയ്തു. ആത്മനിർഭരതയെക്കുറിച്ചും (സ്വയംപര്യാപ്തത) രാഷ്ട്രനിർമാണത്തിൽ യുവാക്കൾ വഹിക്കേണ്ട പങ്കിനെക്കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു.
നേരത്തെ ആർഎസ്എസിന് റൂട്ട് മാർച്ച് നടത്താൻ പ്രാദേശിക പൊലിസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും, സംഘടന മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് വി. ലക്ഷ്മി നാരായണന്റെ ബെഞ്ച് ഉപാധികളോടെ അനുമതി നൽകിയത്. 2022 മുതൽ തങ്ങൾക്ക് നേരിടേണ്ടി വന്ന വിലക്കുകൾ ചൂണ്ടിക്കാണിച്ചാണ് ആർഎസ്എസ് കോടതിയെ സമീപിച്ചത്.
Tags : sridharvembu Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash