പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർന്നാൽ അടിയന്തരഘട്ടങ്ങളിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന പുതിയ ചട്ടങ്ങൾ നിലവിൽ വന്നു.
‘ഭാരതീയ വായുയാൻ നിയമം 2026’ലെ ചട്ടങ്ങൾ പ്രകാരമാണ് പുതിയ പരിഷ്കാരം. അസാധാരണ സാഹചര്യങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ആവശ്യമെന്നു കരുതുന്നപക്ഷം വിമാനക്കമ്പനികൾക്കു നിരക്കുകൾ സംബന്ധിച്ച് വ്യക്തമായ നിർദേശങ്ങൾ നൽകാൻ കേന്ദ്രത്തിനു സാധിക്കും. എന്നാൽ, ഒരു നിശ്ചിത കാലയളവിലേക്കു മാത്രമായിരിക്കും സർക്കാരിന് ഇത്തരം നിർദേശങ്ങൾ പുറപ്പെടുവിക്കാനാകുക.
2027 ജനുവരി ഒന്നിന് പുതിയ ചട്ടം പ്രാബല്യത്തിൽ വരും. അതേസമയം, ‘അസാധാരണ സാഹചര്യം’ എന്താണെന്നു ചട്ടത്തിൽ വ്യക്തമായി നിർവചിച്ചിട്ടില്ല. മുന്പ് പശ്ചിമേഷ്യൻ പ്രതിസന്ധി നിലനിന്നിരുന്ന സമയത്തു വിമാന ടിക്കറ്റ് നിരക്ക് അനിയന്ത്രിതമായി ഉയർന്നപ്പോൾ നിരക്ക് നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ചില നിർദേശങ്ങൾ നൽകിയിരുന്നു.
ഉത്സവസീസണുകളിൽ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വലിയ വർധനവുണ്ടാകുന്നത് സുപ്രീംകോടതിയുടെ പരിഗണനയ്ക്കു വരെ എത്തി. ഇതിനു പിന്നാലെയാണ് പ്രത്യേക സാഹചര്യങ്ങളിൽ മാത്രം സർക്കാരിന് ഇടപെടാമെന്നു വ്യക്തമാക്കി ഒക്ടോബർ 31ന് കേന്ദ്രസർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്. അടുത്ത വാദംകേൾക്കലിൽ പുതിയ ചട്ടത്തെക്കുറിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വിശദീകരിക്കും.
പ്രവർത്തനച്ചെലവ് പരിശോധിച്ചു വേണം ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കാനെന്നും താരിഫ് വിവരങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിലിയൻ ഏവിയേഷനു (ഡിജിസിഎ) സമർപ്പിക്കണമെന്നും പുതിയ ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ ബുക്കിംഗ് വേളയിലും ടിക്കറ്റിലും യാത്രക്കാർ നൽകേണ്ട ആകെ തുക വ്യക്തമായി പ്രദർശിപ്പിക്കണം.
അടിസ്ഥാനനിരക്ക്, നികുതികൾ, ഫീസുകൾ എന്നിവയുടെ വിവരങ്ങൾ പ്രത്യേകമായി നൽകണമെന്നും നിർദേശമുണ്ട്. വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ടിക്കറ്റ് വില നിശ്ചയിക്കാൻ എയർലൈനുകൾക്ക് പൂർണ അനുമതി നൽകിയിരുന്ന മുൻകാല നിയമങ്ങൾക്കു പകരമാണ് അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരം നൽകുന്ന പുതിയ ചട്ടംകൂടി എത്തിയിരിക്കുന്നത്.
Tags : CurbingAirfare NewRegulation Intervention EmergencySituations BharatiyaVayuyaanNiyam2026 Airfares Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash